Advertisement
Entertainment
ആ ഷോട്ടില്‍ ഞങ്ങളധികം സംസാരിച്ചില്ല; എന്നെ ഒബ്‌സേര്‍വ് ചെയ്ത അദ്ദേഹം പിന്നീട് ഷോയില്‍ കളിയാക്കി: ലക്ഷ്മി ഗോപാലസ്വാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 19, 06:29 am
Friday, 19th July 2024, 11:59 am

അക്കു അക്ബര്‍ സംവിധാനം ചെയ്ത് ആന്റോ ജോസഫ് നിര്‍മിച്ച ചിത്രമായിരുന്നു മത്തായി കുഴപ്പക്കരനല്ല. 2014ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ ഭാമ, ജയസൂര്യ, ലക്ഷ്മി ഗോപാലസ്വാമി, മുകേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ സിനിമയില്‍ മുകേഷിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഈ സിനിമയില്‍ മുകേഷേട്ടന്റെ ഒപ്പമുള്ള സീനുകളില്‍ ഭൂരിഭാഗവും ഫോണില്‍ ഉള്ളതായിരുന്നു. ഭാമയെ ഞാന്‍ ഒരു ദിവസം മാത്രമാണ് കണ്ടത്. മുകേഷേട്ടന്റെ കൂടെ എനിക്ക് ഒരു കാര്‍ സീന്‍ ഉണ്ടായിരുന്നു. മുകേഷേട്ടന്‍ നല്ല കൊമേഡിയനാണ്. അദ്ദേഹത്തിന്റെ കോമഡി സെന്‍സ് വളരെ വലുതാണ്. അതേസമയത്ത് അദ്ദേഹം വളരെ സീരിയസുമാണ്.

ആ കാര്‍ ഷോട്ട് എടുക്കുമ്പോള്‍ മുകേഷേട്ടനും ഞാനും തമ്മില്‍ അധികം സംസാരമൊന്നും ഉണ്ടായില്ല. പക്ഷെ അദ്ദേഹം നമ്മളെ നന്നായി ഒബ്‌സേര്‍വ് ചെയ്യുന്നുണ്ടായിരുന്നു. അതെല്ലാം മനസിലാക്കി മുകേഷേട്ടന്‍ പിന്നീട് ഏതെങ്കിലും ഷോയില്‍ പറഞ്ഞ് കളിയാക്കും. അങ്ങനെയൊക്കെ ആണെങ്കിലും അദ്ദേഹം വളരെ റിസേര്‍വ്ഡായ ആളാണ്,’ ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.

രാജസേനന്‍ സംവിധാനം ചെയ്ത് 2006ല്‍ പുറത്തിറങ്ങിയ കനക സിംഹാസനം എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. ചിത്രത്തില്‍ ജയറാമായിരുന്നു നായകന്‍. ഈ സിനിമയില്‍ ജയറാമിന് ഒപ്പം അഭിനയിച്ചതിന്റെ അനുഭവവും ലക്ഷ്മി അഭിമുഖത്തില്‍ പങ്കുവെച്ചു.

‘ഞാന്‍ വളരെ ടെന്‍ഷനുള്ള ആളാണ്. കനക സിംഹാസനം സിനിമയിലെ പാട്ടിന് ജയറാമിന് ഒപ്പം എനിക്ക് ഡാന്‍സ് ചെയ്യാന്‍ ഉണ്ടായിരുന്നു. ടൈമിങ്ങ് കറക്ടാകുമോ എന്ന പേടിയായിരുന്നു എനിക്ക്. ലക്ഷ്മിയുടെ കൂടെ പാട്ടിന് ഡാന്‍സ് ചെയ്യുമ്പോള്‍ കാലിന് ചവിട്ടും കുത്തുമാകുമെന്ന് പറഞ്ഞ് ജയറാം ആ സമയത്ത് എന്നെ കളിയാക്കുമായിരുന്നു. ഞാന്‍ ഡാന്‍സിന്റെ ഇടയില്‍ അദ്ദേഹത്തെ നോക്കുന്നേ ഉണ്ടായിരുന്നില്ല. ആ സമയത്ത് ഞാന്‍ എന്റെ റോള്‍ കറക്ട് ആയി ചെയ്യാന്‍ പറ്റുമോയെന്നുള്ള ടെന്‍ഷനില്‍ ആയിരുന്നു, പാവം ജയറാം. ഊട്ടിയിലായിരുന്നു ആ സിനിമയുടെ ഷൂട്ടിങ്ങ് മൊത്തം നടന്നത്,’ ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.


Content Highlight: Lakshmi Gopalaswami Talks About Mukesh