| Friday, 19th July 2024, 5:41 pm

അന്ന് ലോഹി സാറിനെ കണ്ടപ്പോള്‍ ഇയാളുടെ കൂടെ എങ്ങനെ സിനിമ ചെയ്യുമെന്ന് സംശയിച്ചു: ലക്ഷ്മി ഗോപാലസ്വാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എ.കെ. ലോഹിതദാസ് രചനയും സംവിധാനവും നിര്‍വഹിച്ച 2000ത്തില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു അരയന്നങ്ങളുടെ വീട്. മമ്മൂട്ടി നായകനായ സിനിമയില്‍ കവിയൂര്‍ പൊന്നമ്മ, ലക്ഷ്മി ഗോപാലസ്വാമി, ദേവന്‍, സിദ്ദിഖ്, ജോമോള്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, കൃഷ്ണകുമാര്‍, കൊച്ചിന്‍ ഹനീഫ, ബിന്ദു പണിക്കര്‍, ലാല്‍ എന്നിവര്‍ അടങ്ങിയ മികച്ച താരനിര ഒന്നിച്ചിരുന്നു. ഇപ്പോള്‍ ഈ സിനിമയുടെ ഓര്‍മകളെ കുറിച്ച് പറയുകയാണ് ലക്ഷ്മി ഗോപാലസ്വാമി.

സംവിധായകന്‍ ലോഹിതദാസിനെ കണ്ടപ്പോള്‍ ഇയാളുടെ കൂടെ എങ്ങനെ സിനിമ ചെയ്യുമെന്ന് ഓര്‍ത്തിരുന്നെന്നാണ് താരം പറയുന്നത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലക്ഷ്മി ഗോപാലസ്വാമി. വെറുതെ ഒന്ന് നോക്കി മനോഹരമായ ചിരി നല്‍കുന്നതല്ലാതെ ലോഹിതദാസ് ഒരു വാക്ക് പോലും പറയാറുണ്ടായിരുന്നില്ലെന്നും ലക്ഷ്മി പറഞ്ഞു.

‘അരയന്നങ്ങളുടെ വീട് എന്ന സിനിമയുമായി ബന്ധപ്പെട്ട് എനിക്ക് ഒരുപാട് ഓര്‍മകളുണ്ട്. എന്റെ ആദ്യ ഓര്‍മ ലോഹി സാറുമായി ബന്ധപ്പെട്ടതാണ്. ലോഹി സാറിനെ കണ്ടപ്പോള്‍ ഇയാളുടെ കൂടെ എങ്ങനെ ഞാന്‍ സിനിമ ചെയ്യുമെന്ന് ഓര്‍ത്തു. അദ്ദേഹം എങ്ങനെ ആ സിനിമ ഡയറക്ട് ചെയ്യുമെന്ന ചിന്ത എനിക്ക് ഉണ്ടായിരുന്നു. കാരണം അദ്ദേഹം ഒരു വാക്ക് പോലും പറയാറുണ്ടായിരുന്നില്ല.

വെറുതെ ഒന്ന് നോക്കും, പിന്നെ മനോഹരമായ ഒരു ചിരി തരും. അത്രയേ ഉണ്ടാകുമായിരുന്നുള്ളു, ഒന്നും പറയില്ല. ആ സമയത്ത് ഇദ്ദേഹമാണോ ഡയറക്ടര്‍ എന്ന് ഞാന്‍ ഓര്‍ത്തു. അദ്ദേഹത്തിന്റെ കൂടെ എങ്ങനെ സിനിമ ചെയ്യുമെന്ന് സംശയിച്ചു. പക്ഷെ ലോഹി സാര്‍ പിന്നീട് എന്റെ ഫ്രണ്ടായിരുന്നു. അദ്ദേഹത്തിന് എന്നെ നന്നായി അറിയാം. എന്റെ സ്വഭാവവും നന്നായി അറിയാവുന്നതാണ്,’ ലക്ഷ്മി ഗോപാലസ്വാമി പറയുന്നു.


Content Highlight: Lakshmi Gopalaswami Talks About Lohithadas

We use cookies to give you the best possible experience. Learn more