എന്നോടൊപ്പം ഡാന്‍സ് ചെയ്താല്‍ ചവിട്ടും കുത്തുമാകുമെന്ന് പറഞ്ഞ് അദ്ദേഹം കളിയാക്കി: ലക്ഷ്മി ഗോപാലസ്വാമി
Entertainment
എന്നോടൊപ്പം ഡാന്‍സ് ചെയ്താല്‍ ചവിട്ടും കുത്തുമാകുമെന്ന് പറഞ്ഞ് അദ്ദേഹം കളിയാക്കി: ലക്ഷ്മി ഗോപാലസ്വാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 18th July 2024, 9:57 pm

രാജസേനന്‍ സംവിധാനം ചെയ്ത് 2006ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കനക സിംഹാസനം. ജയറാം, ലക്ഷ്മി ഗോപാലസ്വാമി, കാര്‍ത്തിക എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, ജനാര്‍ദനന്‍, ഭീമന്‍ രഘു, കലാശാല ബാബു, സുബി സുരേഷ് തുടങ്ങിയവരും ഒന്നിച്ചിരുന്നു. ഈ സിനിമയിലെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഞാന്‍ വളരെ ടെന്‍ഷനുള്ള ആളാണ്. കനക സിംഹാസനം സിനിമയിലെ പാട്ടിന് ജയറാമിന് ഒപ്പം എനിക്ക് ഡാന്‍സ് ചെയ്യാന്‍ ഉണ്ടായിരുന്നു. ടൈമിങ്ങ് കറക്ടാകുമോ എന്ന പേടിയായിരുന്നു എനിക്ക്. ലക്ഷ്മിയുടെ കൂടെ പാട്ടിന് ഡാന്‍സ് ചെയ്യുമ്പോള്‍ കാലിന് ചവിട്ടും കുത്തുമാകുമെന്ന് പറഞ്ഞ് ജയറാം ആ സമയത്ത് എന്നെ കളിയാക്കുമായിരുന്നു. ഞാന്‍ ഡാന്‍സിന്റെ ഇടയില്‍ അദ്ദേഹത്തെ നോക്കുന്നേ ഉണ്ടായിരുന്നില്ല. ആ സമയത്ത് ഞാന്‍ എന്റെ റോള്‍ കറക്ട് ആയി ചെയ്യാന്‍ പറ്റുമോയെന്നുള്ള ടെന്‍ഷനില്‍ ആയിരുന്നു, പാവം ജയറാം. ഊട്ടിയിലായിരുന്നു ആ സിനിമയുടെ ഷൂട്ടിങ്ങ് മൊത്തം നടന്നത്,’ ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.

തന്നെ പറ്റി വരുന്ന ഗോസിപ്പുകളെ കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിച്ചു. തനിക്ക് മലയാളം വായിക്കാന്‍ അറിയില്ലെന്നും ഇനി വായിക്കുന്നത് പഠിക്കാന്‍ ഉദ്ദേശവുമില്ലെന്നും ലക്ഷ്മി പറയുന്നു. ലിറ്ററേച്ചര്‍, ഡാന്‍സ്, ടീച്ചര്‍, ഫ്രണ്ട്സൊക്കെയായുള്ള ലോകത്താണ് താനെന്നും ഇതിന്റെ ഇടയില്‍ മോശമായ ഗോസിപ്പുകളൊന്നും കേള്‍ക്കാന്‍ പറ്റില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് മലയാളം വായിക്കാന്‍ അറിയില്ല. എനിക്ക് ഇനി വായിക്കുന്നത് പഠിക്കാന്‍ ഉദ്ദേശവുമില്ല. കാരണം നമുക്ക് ചുറ്റും ആവശ്യമില്ലാത്ത ഒരുപാട് കാര്യങ്ങളുണ്ട്. എന്നാല്‍ നമ്മുടെ ചുറ്റുമുള്ള ലോകം വളരെ ഭംഗിയുള്ളതാണ്. ഞാനാണെങ്കില്‍ ലിറ്ററേച്ചര്‍, ഡാന്‍സ്, ടീച്ചര്‍, ഫ്രണ്ട്സൊക്കെയായുള്ള ലോകത്താണ്. ഇതിന്റെ ഇടയില്‍ മോശമായ ഗോസിപ്പുകളൊന്നും കേള്‍ക്കാന്‍ പറ്റില്ല. അതൊന്നും ഒട്ടും നല്ലതല്ല. ഓരോ ഹീറോസുമായൊക്കെ ചേര്‍ത്താണ് ഗോസിപ്പുകള്‍ ഇറങ്ങുന്നത്. ചിലരൊക്കെ ഇങ്ങനെയുള്ള ഗോസിപ്പുകള്‍ വന്നാല്‍ വിഷമത്തോടെ എനിക്ക് സ്‌ക്രീന്‍ ഷോട്ടുകള്‍ അയച്ചു തരാറുണ്ട്,’ ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.


Content Highlight: Lakshmi Gopalaswami Talks About Jayaram