മലയാളം വായിക്കാനറിയില്ല, ഇനി പഠിക്കാന്‍ ഉദ്ദേശവുമില്ല; അത്തരം ഗോസിപ്പുകള്‍ കേള്‍ക്കാനാകില്ല: ലക്ഷ്മി ഗോപാലസ്വാമി
Entertainment
മലയാളം വായിക്കാനറിയില്ല, ഇനി പഠിക്കാന്‍ ഉദ്ദേശവുമില്ല; അത്തരം ഗോസിപ്പുകള്‍ കേള്‍ക്കാനാകില്ല: ലക്ഷ്മി ഗോപാലസ്വാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 18th July 2024, 4:20 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ലക്ഷ്മി ഗോപാലസ്വാമി. നര്‍ത്തകി കൂടിയായ താരം നിരവധി മലയാള സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഒപ്പം കന്നഡ, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2013ല്‍ ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥയെഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന സിനിമയിലും ലക്ഷ്മി ഗോപാലസ്വാമി ഒരു പ്രധാനവേഷത്തെ അവതരിപ്പിച്ചിരുന്നു. അമല പോളും ഫഹദ് ഫാസിലും ഒന്നിച്ച ചിത്രത്തില്‍ അമലയുടെ അമ്മയായാണ് താരം എത്തിയത്.

ഒരു ഇന്ത്യന്‍ പ്രണയകഥയുടെ സമയത്ത് ലക്ഷ്മി ഗോപാലസ്വാമിയും അമല പോളും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഉണ്ടായിരുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അതിനെ കുറിച്ച് സംസാരിക്കുകയാണ് താരം. അമലയുമായി തനിക്ക് ഒരു ക്ലാഷും ഉണ്ടായിട്ടില്ലെന്നും തങ്ങള്‍ക്ക് പരസ്പരം വളരെ ഇഷ്ടമാണെന്നും ലക്ഷ്മി ഗോപാലസ്വാമി പറയുന്നു. ഇതൊരു ഫേക്ക് ന്യൂസാണെന്ന് പറഞ്ഞ താരം താന്‍ മലയാളം പഠിക്കാത്തതിന്റെ കാരണവും വ്യക്തമാക്കി.

‘അമലയുമായി എനിക്ക് ഒരു ക്ലാഷും ഉണ്ടായിട്ടില്ല. ഞങ്ങള്‍ക്ക് പരസ്പരം വളരെ ഇഷ്ടമാണ്. ഇങ്ങനെയൊരു വാര്‍ത്ത വന്ന കാര്യം പോലും എനിക്ക് അറിയില്ലായിരുന്നു. അതൊക്കെ ഫേക്ക് ന്യൂസാണ്. എന്റേത് ഒരു പബ്ലിക് ലൈഫായത് കൊണ്ട് ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചാല്‍, എനിക്ക് മലയാളം വായിക്കാന്‍ അറിയില്ല. എനിക്ക് ഇനി വായിക്കാന്‍ പഠിക്കാന്‍ ഉദ്ദേശവുമില്ല. കാരണം നമുക്ക് ചുറ്റും ആവശ്യമില്ലാത്ത ഒരുപാട് കാര്യങ്ങളുണ്ട്.

എന്നാല്‍ നമ്മുടെ ചുറ്റുമുള്ള ലോകം വളരെ ഭംഗിയുള്ളതാണ്. ഞാനാണെങ്കില്‍ ലിറ്ററേച്ചര്‍, ഡാന്‍സ്, ടീച്ചര്‍, ഫ്രണ്ട്‌സൊക്കെയായുള്ള ലോകത്താണ്. ഇതിന്റെ ഇടയില്‍ മോശമായ ഗോസിപ്പുകളൊന്നും കേള്‍ക്കാന്‍ പറ്റില്ല. അതൊന്നും ഒട്ടും നല്ലതല്ല. ഓരോ ഹീറോസുമായൊക്കെ ചേര്‍ത്താണ് ഗോസിപ്പുകള്‍ ഇറങ്ങുന്നത്. ചിലരൊക്കെ ഇങ്ങനെയുള്ള ഗോസിപ്പുകള്‍ വന്നാല്‍ വിഷമത്തോടെ എനിക്ക് സ്‌ക്രീന്‍ ഷോട്ടുകള്‍ അയച്ചു തരാറുണ്ട്,’ ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.


Content Highlight: Lakshmi Gopalaswami Talks About Fake News