എ.എം.എം.എ നേതൃത്വത്തില്‍ സ്ത്രീകള്‍ക്ക് സംവരണമല്ല 50 ശതമാനം പ്രാതിനിധ്യം ഏര്‍പ്പെടുത്തുകയാണ് വേണ്ടതെന്ന് നടി ലക്ഷ്മി ഗോപാലസ്വാമി. ആക്രമത്തെ അതിജീവിച്ച നടി എ.എം.എം.എയില്‍ തിരിച്ചുവരണമെന്ന് ആഗ്രഹിച്ചാല്‍ അവര്‍ എ.എം.എം.എയിലുണ്ടാകുമെന്നും ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.
എ.എം.എം.എയിലെ വനിതാ അംഗങ്ങള്‍ സമ്പ്രദായങ്ങളുടെയും സ്റ്റീരിയോ ടൈപ്പുകളുടെയും സോഷ്യല്‍ കണ്ടീഷനിങ്ങിന്റെയും ഇരകളാണെന്നും ലക്ഷ്മി പറഞ്ഞു. ദ ക്യൂവിനോടായിരുന്നു നടിയുടെ പ്രതികരണം.
എ.എം.എം.എയിലെ അംഗങ്ങള്‍ക്ക് ജെന്‍ഡര്‍ ന്യൂട്രലിനെ കുറിച്ചും ജനാധിപത്യത്തെ കുറിച്ചും അവബോധമുണ്ടാകണമെന്നും താരം പറഞ്ഞു.
‘ഞാന്‍ എ.എം.എം.എയിലെ മറ്റ് വനിതാ അംഗങ്ങളെ കുറ്റപ്പെടുത്തുകയോ ചെറുതാക്കുകയോ ചെയ്യുകയല്ല. അവര്‍ സമ്പ്രദായങ്ങളുടെ ഇരയാണ്. സ്റ്റീരിയോ ടൈപ്പുകളുടെ ഇരയാണ്. സോഷ്യല്‍ കണ്ടീഷനിങ്ങിന്റെ ഇരകളാണ്. ചില ആളുകള്‍ക്ക് സേഫ് സോണില്‍ നില്‍ക്കാന്‍ മാത്രമാണ് താല്‍പര്യം. ചിലര്‍ നയതന്ത്രപരമായ സമീപനം പ്രകടിപ്പിക്കും. ചിലര്‍ അത്രയ്ക്കങ്ങ് ചിന്തിക്കില്ല. എ.എം.എം.എയിലെ എല്ലാവര്‍ക്കും വേണ്ടി, സ്ത്രീകളേയും പുരുഷന്‍മാരേയും പങ്കെടുപ്പിച്ചുകൊണ്ട് ലിംഗ വിഷയങ്ങളില്‍ അവബോധമുണ്ടാകാന്‍ ‘ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍’ പരിപാടികള്‍ സംഘടിപ്പിക്കണം. എല്ലാവരും മനസ് തുറക്കണം’- ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.
ഡബ്ല്യൂ.സി.സി നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടെന്നും യോജിപ്പുണ്ടെന്നും ലക്ഷ്മി പറഞ്ഞു. എ.എം.എം.എയും ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും താരം പറഞ്ഞു.
‘എ.എം.എം.എയില്‍ സഹകരിക്കാനും മാറ്റങ്ങള്‍ വരുത്താനുമാണ് എനിക്ക് ആഗ്രഹം. ആരെയെങ്കിലും സംസാരിക്കാന്‍ ക്ഷണിച്ചുകൊണ്ട്, എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വേണ്ടി ഒരു മൂന്ന് മണിക്കൂര്‍ വര്‍ക്ഷോപ്പോ അങ്ങനെ എന്തെങ്കിലുമൊക്കെ സംഘടിപ്പിക്കണം. എല്ലാവരും എല്ലായിടത്തും ഈ അവബോധത്തെ സ്വീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു’- ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
എ.എം.എം.എയില്‍ കൂടുതല്‍ സ്ത്രീകള്‍ ശബ്ദമുയര്‍ത്തി മുന്നോട്ടുവരികയാണെന്നും മനപ്പൂര്‍വ്വം സ്ത്രീകളെ നിശ്ശബ്ദരാക്കി നിര്‍ത്തണമെന്ന് ആര്‍ക്കുമില്ലെന്നും ലക്ഷ്മി വ്യക്തമാക്കി.
‘ഓരോരുത്തരും തന്നെയാണ് അവരവരുടെ തീരുമാനങ്ങള്‍ എടുക്കുന്നത്. മറ്റ് അംഗങ്ങള്‍ ആരെയെങ്കിലും ഭയപ്പെടുന്നുണ്ടോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. നീതിക്ക് വേണ്ടി ശ്രമിക്കുക എന്നത് നമ്മുടെ കടമയാണ്. നിങ്ങള്‍ക്ക് സ്ത്രീകളുടെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ശാക്തീകരിക്കുകയും ചെയ്യണമെങ്കില്‍ എല്ലാവരേയും കേള്‍ക്കണം. എതിര്‍പ്പ് പ്രകടിപ്പിക്കാനുള്ള അവസരം എ.എം.എം.എയിലുണ്ട്’- ലക്ഷ്മി പറഞ്ഞു.
അഭിപ്രായം പറയുന്നവരെ അച്ചടക്ക നടപടിയിലൂടെ നേരിടുന്നതും എക്‌സിക്യുട്ടീവ് കമ്മിറ്റിക്ക് പൂര്‍ണ അധികാരം നല്‍കിയ ജനറല്‍ ബോഡിയെ അപ്രസക്തമാക്കുന്നതും ജനാധിപത്യവിരുദ്ധമാണെന്ന് നടി രേവതി എ.എം.എം.എ യോഗത്തില്‍ തുറന്നടിച്ചിരുന്നു. എക്‌സിക്യുട്ടീവ് കമ്മിറ്റിയെ ചോദ്യം ചെയ്തവരെ പുറത്താക്കുന്ന നയമാണ് അമ്മയുടേതെന്ന് രേവതി യോഗത്തില്‍ ആരോപിച്ചിരുന്നു.
പാര്‍വതി തിരുവോത്ത്, ജോയ് മാത്യു, ഷമ്മി തിലകന്‍, ലക്ഷ്മി ഗോപാലസ്വാമി എന്നിവരായിരുന്നു യോഗത്തില്‍ രേവതിയെ പിന്തുണച്ചത്.