അന്ന് മമ്മൂക്കക്ക് ചുറ്റും അഞ്ചാളുകള്‍; എന്റെ ദൈവമേ സൂപ്പര്‍സ്റ്റാറുകള്‍ ഇങ്ങനെയാണോ എന്ന് ചിന്തിച്ചു: ലക്ഷ്മി ഗോപാലസ്വാമി
Entertainment
അന്ന് മമ്മൂക്കക്ക് ചുറ്റും അഞ്ചാളുകള്‍; എന്റെ ദൈവമേ സൂപ്പര്‍സ്റ്റാറുകള്‍ ഇങ്ങനെയാണോ എന്ന് ചിന്തിച്ചു: ലക്ഷ്മി ഗോപാലസ്വാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 20th July 2024, 10:21 pm

എ.കെ. ലോഹിതദാസ് രചനയും സംവിധാനവും നിര്‍വഹിച്ച 2000ത്തില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു അരയന്നങ്ങളുടെ വീട്. മമ്മൂട്ടി നായകനായ സിനിമയില്‍ നായികയായത് ലക്ഷ്മി ഗോപാലസ്വാമിയായിരുന്നു. ഇവര്‍ക്ക് പുറമെ കവിയൂര്‍ പൊന്നമ്മ, ദേവന്‍, സിദ്ദിഖ്, ജോമോള്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, കൃഷ്ണകുമാര്‍, കൊച്ചിന്‍ ഹനീഫ, ബിന്ദു പണിക്കര്‍, ലാല്‍ എന്നിവര്‍ അടങ്ങിയ മികച്ച താരനിര തന്നെ ചിത്രത്തില്‍ ഒന്നിച്ചിരുന്നു.

താന്‍ ഒരു സൂപ്പര്‍സ്റ്റാര്‍ എങ്ങനെയാണെന്ന് ആദ്യമായി കാണുന്നത് ഈ സിനിമയിലൂടെയാണെന്ന് പറയുകയാണ് ലക്ഷ്മി ഗോപാലസ്വാമി. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. അന്ന് മമ്മൂട്ടിയുടെ ചുറ്റും അഞ്ചാളുകള്‍ ഉണ്ടാകുമായിരുന്നെന്നും സ്റ്റാറെന്നാല്‍ ഇങ്ങനെയാണോ എന്ന് പോലും താന്‍ ചിന്തിച്ചിരുന്നെന്നും ലക്ഷ്മി ഗോപാലസ്വാമി പറയുന്നു.

‘ആദ്യമായി ഒരു സൂപ്പര്‍സ്റ്റാര്‍ എങ്ങനെയാണ് എന്ന് ഞാന്‍ കാണുന്നത് അരയന്നങ്ങളുടെ വീട് എന്ന സിനിമയിലൂടെയാണ്. കാരണം മമ്മൂക്കയാണ്. അദ്ദേഹത്തിന്റെ ചുറ്റും അഞ്ച് ആളുകള്‍ ഉണ്ടാകുമായിരുന്നു. എനിക്ക് ആ സിനിമ തന്നെ അത്ഭുതമായിരുന്നു. കുക്കും അസിസ്റ്റന്റുമായൊക്കെ സാറിന് ചുറ്റും ആളുകളുണ്ടാകും. എന്റെ ദൈവമേ സ്റ്റാറെന്ന് വെച്ചാല്‍ ഇങ്ങനെയാണോ എന്ന് പോലും ചിന്തിച്ചു,’ ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.

ആ സിനിമയുടെ സമയത്ത് സംവിധായകന്‍ ലോഹിതദാസിനെ കണ്ടപ്പോള്‍ ഇയാളുടെ കൂടെ എങ്ങനെ സിനിമ ചെയ്യുമെന്ന് ഓര്‍ത്തിരുന്നെന്നും താരം അഭിമുഖത്തില്‍ പറയുന്നു. വെറുതെ ഒന്ന് നോക്കി മനോഹരമായ ചിരി നല്‍കുന്നതല്ലാതെ ലോഹിതദാസ് ഒരു വാക്ക് പോലും പറയാറുണ്ടായിരുന്നില്ലെന്നും ലക്ഷ്മി പറഞ്ഞു.

‘ലോഹി സാറിനെ കണ്ടപ്പോള്‍ ഇയാളുടെ കൂടെ എങ്ങനെ ഞാന്‍ സിനിമ ചെയ്യുമെന്ന് ഓര്‍ത്തിരുന്നു. അദ്ദേഹം എങ്ങനെ ആ സിനിമ ഡയറക്ട് ചെയ്യുമെന്ന ചിന്ത എനിക്ക് ഉണ്ടായിരുന്നു. കാരണം അദ്ദേഹം ഒരു വാക്ക് പോലും പറയാറുണ്ടായിരുന്നില്ല. വെറുതെ ഒന്ന് നോക്കും, പിന്നെ മനോഹരമായ ഒരു ചിരി തരും. അത്രയേ ഉണ്ടാകുമായിരുന്നുള്ളു, ഒന്നും പറയില്ല. ആ സമയത്ത് ഇദ്ദേഹമാണോ ഡയറക്ടര്‍ എന്ന് ഞാന്‍ ഓര്‍ത്തു. അദ്ദേഹത്തിന്റെ കൂടെ എങ്ങനെ സിനിമ ചെയ്യുമെന്ന് സംശയിച്ചു,’ ലക്ഷ്മി ഗോപാലസ്വാമി പറയുന്നു.


Content Highlight: Lakshmi Gopalakswami Talks About Mammootty And Arayannangalude Veedu