| Wednesday, 12th April 2023, 12:55 pm

ഒടുവില്‍ യെദിയൂരപ്പയുടെ വിശ്വസ്തനും പാര്‍ട്ടി വിട്ടു; അംഗത്വം രാജിവെച്ച് ലക്ഷ്മണ്‍ സാവഡി; കര്‍ണാടക ബി.ജെ.പിയില്‍ പൊട്ടിത്തെറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടതിന് പിന്നാലെ കര്‍ണാടക ബി.ജെ.പിയില്‍ പൊട്ടിത്തെറി. നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ച ബി.ജെ.പി നടപടിയില്‍ പ്രതിഷേധിച്ച് യെദിയൂരപ്പ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്ന ലക്ഷ്മണ്‍ സാവഡി പാര്‍ട്ടി അംഗത്വം രാജിവെച്ചു.

യെദിയൂരപ്പയുടെ വിശ്വസ്തനായ ഇദ്ദേഹം ബെല്‍ഗാവിയിലെ മുതിര്‍ന്ന ലിംഗായത്ത് നേതാവാണ്. 2004 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ ബെല്‍ഗാവിയിലെ അതാനി മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സാവഡി 2018 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മഹേഷ് കുമത്തള്ളിയോട് തോറ്റിരുന്നു. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിയെത്തിയ കുമത്തള്ളിയെ തന്നെ അതാനിയില്‍ മത്സരിപ്പിക്കാനുള്ള ബി.ജെ.പി നേതൃത്വത്തിന്റെ തീരുമാനമാണ് സാവിഡിയെ ചൊടിപ്പിച്ചത്.

കുമത്തള്ളി പാര്‍ട്ടിയിലെത്തിയപ്പോള്‍ തന്നെ തനിക്ക് 2023ല്‍ സീറ്റ് നല്‍കുമെന്ന് ബി.ജെ.പി നേതൃത്വം ഉറപ്പ് നല്‍കിയിരുന്നെന്നാണ് ലക്ഷ്മണ്‍ സാവഡിയുടെ വാദം. 2019ല്‍ കുമത്തള്ളിക്ക് സീറ്റ് നല്‍കിയപ്പോള്‍ സാവഡിയെ എം.എല്‍.സിയാക്കിയാണ് ബി.ജെ.പി പ്രശ്‌നം പരിഹരിച്ചത്. അതുകൊണ്ട് ഇത്തവണത്തെ സീറ്റ് ഉറപ്പായിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്.

എന്നാല്‍ രമേശ് ജര്‍ക്കിഹോളി അടക്കമുള്ള നേതാക്കള്‍ കുമത്തള്ളിക്ക് ഇത്തവണയും സീറ്റ് നല്‍കണമെന്ന് നിര്‍ബന്ധിക്കുകയായിരുന്നു. ഇതോടെ ബി.ജെ.പി നേതൃത്വം കൂറുമാറിയെത്തിയവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കുകയായിരുന്നു. ഇതോടെയാണ് രാജിയുമായി മുന്നോട്ട് പോവാന്‍ ലക്ഷ്മണ്‍ സാവഡി തീരുമാനിച്ചത്.

അതിനിടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ലക്ഷ്മണ്‍ സാവഡിയുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകളും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

2019 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ ബി.ജെ.പിയെ സഹായിച്ചതില്‍ മുഖ്യ പങ്കുവഹിച്ച വ്യക്തിയെന്ന നിലയില്‍ ലക്ഷ്മണ്‍ സാവഡിയുടെ രാജി പാര്‍ട്ടിക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പാര്‍ട്ടിയിലെ അഭിപ്രായ ഭിന്നതകള്‍ കാരണം കഴിഞ്ഞ ഭരണത്തില്‍ കൂടെയുണ്ടായിരുന്ന പല നേതാക്കളും ഇത്തവണ കോണ്‍ഗ്രസിലേക്ക് ചേക്കേറിയിട്ടുണ്ട്.

ഇന്നലെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ ജഗദീഷ് ഷെട്ടാറും ബി.ജെ.പിക്കെതിരെ രംഗത്തെത്തിയിരുന്നു. യുവാക്കള്‍ക്ക് അവസരം കൊടുക്കാനെന്ന പേരില്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ച പാര്‍ട്ടി നടപടിക്കെതിരെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയെ കാണാനാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ ജഗദീഷ് ഷെട്ടാറിന്റെ തീരുമാനം.

അതിനിടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നതിന് പിന്നാലെ കര്‍ണാടക ബി.ജെ.പിയില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.

Content Highlight: lakshman savadi leave bjp in karnataka

We use cookies to give you the best possible experience. Learn more