ബെംഗളൂരു: സീറ്റ് തര്‍ക്കത്തെത്തുടര്‍ന്ന് ബി.ജെ.പി വിട്ട മുന്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവഡി കോണ്‍ഗ്രസിലേക്ക്. മൂന്ന് തവണ തുടര്‍ച്ചയായി മത്സരിച്ച് ജയിച്ച അതാനി മണ്ഡലത്തില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പിയുമായി ഇടഞ്ഞ സാവഡി വെള്ളിയാഴ്ച കോണ്‍ഗ്രസില്‍ ചേരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ അറിയിച്ചു.
കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയുടെ ബെംഗളൂരുവിലെ വസതിയില്‍ വെച്ച് ലക്ഷ്മണ്‍ സാവഡിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ഡി.കെ ശിവകുമാര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. സാവഡിയെ സ്വന്തം മണ്ഡലമായ അതാനിയില്‍ തന്നെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ബി.ജെ.പിയിലെ മുതിര്‍ന്ന നേതാവുമായ യെദിയൂരപ്പയുടെ വിശ്വസ്തനായ ലക്ഷ്മണ്‍ സാവഡി പാര്‍ട്ടി വിട്ടത് ബി.ജെ.പി നേതൃത്വത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തതിന് പിന്നാലെ മുതിര്‍ന്ന നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് കേന്ദ്ര നേതൃത്വത്തിനും വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.