| Saturday, 11th August 2012, 10:16 am

ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ ലഷ്‌കര്‍ ഇ തൊയ്ബ പദ്ധതിയിടുന്നതായി വെളിപ്പെടുത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഇന്ത്യയിലെ വിവിധയിടങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ ലഷ്‌കര്‍ ഇ തൊയ്ബ പദ്ധതിയിടുന്നതായി വെളിപ്പെടുത്തല്‍. മുംബൈ ഭീകരാക്രമണക്കേസില്‍ പിടിയിലായ ലഷ്‌കര്‍ ഇ തൊയ്ബയിലെ അംഗമായിരുന്ന അബു ജിന്‍ഡാലാണ് വെളിപ്പെടുത്തല്‍ നടത്തിയത്.[]

മുംബൈ പോലീസിനോട് അബു ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ആക്രമണം നടത്തുന്നതിന് 150 പേര്‍ക്ക് പാരാ ഗ്ലൈഡറില്‍ പരീശീലനം നല്‍കിയിട്ടുണ്ടെന്നും ജിന്‍ഡാല്‍ പറഞ്ഞു. ഇതോടൊപ്പം തന്നെ മുംബൈ ആക്രമണ പദ്ധതിയുടെ ഗൂഢാലോചനയില്‍ ഇന്ത്യക്കാര്‍ പങ്കാളികളാണെന്നും അബു ജിന്‍ഡാല്‍ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

മഹാരാഷ്ട്രയിലെ ബീഡില്‍ നിന്നുളള ഫൈയാസ് കഗ്‌സി, മസൂദ് ഷെയ്ക്ക്, മുംബൈയില്‍ നിന്നുളള റഹീല്‍ ഷെയ്ക്ക് എന്നിവരുടെ പേരാണ് മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെടുത്തി ജിന്‍ഡാല്‍ പോലീസിനോട് പറഞ്ഞത്. ഇതില്‍ കഗ്‌സിയാണ് കസബ് ഉള്‍പ്പെടെയുളള 10 ഭീകരര്‍ക്ക് ഹിന്ദി പരിശീലനം നല്‍കിയത്.

റഹീലിനും കഗ്‌സിക്കും കറാച്ചി കണ്‍ട്രോള്‍ റൂമില്‍ പരിശീലനം നല്‍കിയിരുന്നു. എന്നാല്‍, ആക്രമണ സമയത്ത് ഇരുവരും കണ്‍ട്രോള്‍ റൂമില്‍ ഉണ്ടായിരുന്നില്ല എന്നും ജിന്‍ഡാല്‍ വെളിപ്പെടുത്തി.

മസൂദിനെ കസബിനൊപ്പം ഇന്ത്യയിലേക്ക് അയയ്ക്കാനായിരുന്നു ലഷ്‌കര്‍ ഇ തൊയ്ബയുടെ ആദ്യ പദ്ധതി. എന്നാല്‍, ഇന്ത്യന്‍ പോലീസിന്റെ കൈയില്‍ അകപ്പെട്ടാല്‍ അത് അപകടമാവുമെന്ന് ചൂണ്ടിക്കാട്ടി മസൂദിനെ പിന്‍വലിക്കുകയായിരുന്നുവെന്നും അബു ജിന്‍ഡാല്‍ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

We use cookies to give you the best possible experience. Learn more