കവരത്തി: ലക്ഷദ്വീപിലേക്കുള്ള ചരക്ക് നീക്കം പൂര്‍ണമായും മംഗലാപുരം തുറമുഖത്തേക്ക് മാറ്റാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി ആറ് നോഡല്‍ ഓഫീസര്‍മാരെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ നിയമിച്ചു.
നിലവില്‍ കേരളത്തിലെ ബേപ്പൂര്‍ തുറമുഖത്ത് നിന്നാണ് പ്രധാനമായും ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം നടക്കുന്നത്. ബേപ്പൂരില്‍ നിന്നുള്ള അസി. ഡയറക്ടര്‍ സീദിക്കോയ അടക്കമുള്ള ആറ് പേരെയാണ് മംഗലാപുരത്തേക്ക് നിയമിച്ചത്.
ഇതിനിടെ ലക്ഷദ്വീപില്‍ നിന്നുള്ള ചരക്ക് നീക്കം പൂര്‍ണമായും ബേപ്പൂര്‍ തുറമുഖം വഴിയാക്കാനുള്ള സൗകര്യങ്ങള്‍ കേരള സര്‍ക്കാര്‍ ചെയ്യുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു.
ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലേക്കും യാത്രാക്കപ്പല്‍ സര്‍വീസ് തുടങ്ങുന്ന കാര്യം സജീവ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
ദ്വീപിലേക്ക് കൂടുതല്‍ യാത്രാക്കപ്പലുകള്‍ അനുവദിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്. ലക്ഷദ്വീപ് നിവാസികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എല്ലാം കേരള സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞിരുന്നു.
ലക്ഷദ്വീപില്‍ നിന്നുള്ള ബി.ജെ.പി. നേതാക്കളടക്കമുള്ള പ്രതിനിധികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം ലക്ഷദ്വീപ് ജനത നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ കേരളമാണെന്നാണ് ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ പറയുന്നത്.
അഡ്മിനിസ്‌ട്രേഷനെതിരെ ക്യാംപെയ്ന്‍ നടത്തുന്നത് കേരളമാണെന്നാണ് ദ വീക്കിന് നല്‍കിയ അഭിമുഖത്തില്‍ പ്രഫുല്‍ പട്ടേല്‍ പറഞ്ഞത്.
ലക്ഷദ്വീപില്‍ അവതരിപ്പിച്ച ബില്ലുകള്‍ക്കെതിരെയുള്ള പ്രതിഷേധം ആരംഭിച്ചത് കേരളത്തില്‍ നിന്നാണെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്ന് പ്രഫുല്‍ പട്ടേല്‍ പറഞ്ഞിരുന്നു.
ലക്ഷദ്വീപിലെ ഭൂമിയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്തുമ്പോഴും വികസന അതോറിറ്റിയെ സ്ഥാപിക്കുമ്പോഴും ദ്വീപിലെ ജനങ്ങളോടും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോടും ചര്‍ച്ച ചെയ്യാമായിരുന്നില്ലേ എന്ന ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് പ്രഫുല്‍ പട്ടേല്‍ കേരളത്തിനെതിരെ രംഗത്തുവന്നത്.