കൊച്ചി: ലക്ഷദ്വീപ് ജനതയ്ക്ക് മേല്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കം തടയുന്നതിനായി സംയുക്ത ഐക്യദാര്‍ഢ്യ സമിതിയ്ക്ക് രൂപം നല്‍കി. ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാഹിത്യ-സാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരടങ്ങിയതാണ് സമിതി.
എളമരം കരീമിനെ സമിതിയുടെ ജനറല്‍ കണ്‍വീനറായും ബെന്നി ബെഹന്നാനെ ചെയര്‍മാനായും നിയമിച്ചു. ഇരുവരുടെയും നേതൃത്വത്തിലായിരിക്കും സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
ലക്ഷദ്വീപ് വിഷയത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഐഷ സുല്‍ത്താനയ്ക്കും ദ്വീപ് ജനതയ്ക്കും യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
ലക്ഷദ്വീപിന്റെ ആവാസ വ്യവസ്ഥയും, ജനാധിപത്യ വ്യവസ്ഥയും തകര്‍ക്കാന്‍ ശ്രമിക്കുന്ന പ്രഫുല്‍ ഖോഡാ പട്ടേല്‍ അഡിമിനിസ്ട്രേറ്ററായിട്ടുള്ള, ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ സ്വീകരിച്ചു വരുന്ന അത്യന്തം ഹീനമായ നടപടികളെ ഈ യോഗം അപലപിക്കുന്നതായും യോഗത്തില്‍ പറഞ്ഞു.
ദ്വീപ് നിവാസികളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാനും ശബ്ദമുയര്‍ത്താനും കേരളാ ജനതയെ ഒന്നിച്ച് അണിനിരത്താനും ശ്രമിക്കേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി.
ഐഷ സുല്‍ത്താനയ്ക്കെതിരെ ചുമത്തിയ കള്ളക്കേസ് പിന്‍വലിക്കണമെന്നും ലക്ഷദ്വീപിനെ കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവെക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നും ഈ യോഗത്തില്‍ ആവശ്യമുയര്‍ന്നു.
കെ.വി. തോമസ്, ബിനോയ് വിശ്വം, ശ്രേയംസ് കുമാര്‍, എം.കെ. സാനു മാസ്റ്റര്‍, ഉണ്ണികൃഷ്ണന്‍, ചന്ദ്ര ദാസന്‍ മാസ്റ്റര്‍, സി.എന്‍. മോഹനന്‍, ടി.ജി. വിനോദ് കുമാര്‍, പി. രാജു, മോഹന തുടങ്ങിയവര്‍ വൈസ് ചെയര്‍മാന്മാരാകും. എം. സ്വരാജ്, അഡ്വ. എ. മെഴ്സി, കെ.എന്‍. ഗോപിനാഥ് തുടങ്ങി പന്ത്രണ്ടംഗ കണ്‍വീനര്‍മാരും സമിതിയിലുണ്ടാവും.