കവരത്തി: ലക്ഷദ്വീപില്‍ പണ്ടാരഭൂമി പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. സര്‍വേക്കിടെ കല്‍പ്പേനിയില്‍ സംഘര്‍ഷമുണ്ടായി. പൊലീസും നാട്ടുകാരും ഏറ്റുമുട്ടിയത്തിന്റെ പശ്ചാത്തലത്തില്‍ ആന്ത്രോത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് ഭരണകൂടം കടന്നത്. ഭാരതീയ ന്യായ സുരക്ഷാ സന്‍ഹിതയിലെ 163ാം വകുപ്പ് പ്രകാരമാണ് കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ആളുകള്‍ കൂട്ടംകൂടുന്നതിലും റോഡ് ഉപരോധിക്കുന്നതിലും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍വേ നടത്തുന്ന ഭൂമിയില്‍ ഭൂ ഉടമകളല്ലാത്തവര്‍ക്ക് പ്രവേശനം അനുവദിക്കില്ല. സമാനമായി മറ്റ് ദ്വീപ് മേഖലകളിലേക്കും കര്‍ശനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കല്‍പ്പേനിയില്‍ ഇന്നലെ വൈകീട്ട് സര്‍വേ നടത്താനുള്ള ശ്രമം നാട്ടുകാര്‍ തടയുകയും പൊലീസുമായി നാട്ടുകാര്‍ ഏറ്റുമുട്ടുകയും ചെയ്തിരുന്നു. സ്ത്രീകള്‍ക്ക് നേരെ പൊലീസ് മര്‍ദനമുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്. പണ്ടാരഭൂമി സര്‍വേക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെയാണ് പൊലീസ് അതിക്രമം.
അഗത്തി, കവരത്തി, കല്‍പേനി, ആന്ത്രോത്ത്, മിനിക്കോയി എന്നിവിടങ്ങളിലായി 575.75 ഹെക്ടര്‍ വരുന്ന പണ്ടാരഭൂമി ഏറ്റെടുക്കാന്‍ ലക്ഷദ്വീപ് കലക്ടര്‍ ജൂണ്‍ 27ന് ഉത്തരവിറക്കിയത്.
ഇതിന്റെ ഭാഗമായി സര്‍വേ നടപടി ആരംഭിച്ചതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. സര്‍വേ നടത്താന്‍ എത്തിയ ഉദ്യോഗസ്ഥരെ കവരത്തിയില്‍ ലക്ഷദ്വീപ് എം.പി ഹംദുല്ല സെയ്ദിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു.
കലക്ടറുടെ ചേംബറിലെത്തി സര്‍വേ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. കലക്ടറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹംദുല്ല സെയ്ദ് പറഞ്ഞു.
വര്‍ഷങ്ങളായി കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കുന്നത് അംഗീകരിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. കോണ്‍ഗ്രസ്, ശരദ് പവാര്‍ വിഭാഗം എന്‍.സി.പി, ജെ.ഡി.യു എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ പണ്ടാരഭൂമിയേറ്റെടുക്കലിനെതിരെ പ്രതിഷേധരംഗത്തുണ്ട്.
അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരെയാണ് നാട്ടുകാര്‍ രംഗത്തുള്ളത്. കര്‍മസമിതി രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.
കവരത്തി ദ്വീപില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള വിനോദ സഞ്ചാര പ്രാധാന്യമുള്ള ചെറു ദ്വീപാണ് പണ്ടാരഭൂമി.
കലക്ടറുടെ ഉത്തരവനുസരിച്ചാണ് ഭൂമി അളക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയത്. ഉത്തരവ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ടെന്നും കേസ് നിലനില്‍ക്കുന്നതിനാല്‍ പിന്മാറണമെന്നും പ്രദേശവാസികള്‍ അറിയിച്ചു. തുടര്‍ന്നാണ് പൊലീസ് നടപടിയുണ്ടായത്. പിന്മാറാന്‍ കൂട്ടാക്കാതിരുന്ന സ്ത്രീകള്‍ക്ക് നേരെയടക്കം പൊലീസ് അതിക്രമം നടന്നു.
അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഗോഡ പട്ടേലിനെതിരെ ഗോ ബാക്ക് മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ലക്ഷദ്വീപിലെ മുഴുവന്‍ പണ്ടാര ഭൂമിയും പിടിച്ചെടുക്കാനുള്ള ലക്ഷദ്വീപ് ജില്ലാ കലക്ടറുടെ ഉത്തരവിനെ തുടര്‍ന്നുള്ള കുടിയൊഴിപ്പിക്കല്‍ ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തിരുന്നു. ഈ മാസം 19 വരെയാണ് ഹൈക്കോടതി കുടിയൊഴിപ്പിക്കല്‍ തടഞ്ഞത്.
Content Highlight: lakshadweep-protest-against-pandaram-land-survey