| Wednesday, 31st October 2018, 6:18 pm

ലക്ഷദ്വീപ് എം.പി പൂര്‍ണ്ണപരാജയം; നാലരവര്‍ഷം ഒന്നും ചെയ്തില്ല: ലക്ഷദ്വീപ് ടെറിറ്റോറിയല്‍ കോണ്‍ഗ്രസ് കമ്മറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കവരത്തി: ലക്ഷദ്വീപ് എന്‍.സി.പി പാര്‍ലമെന്റ് അംഗം പി.പി ഫൈസല്‍ പൂര്‍ണ്ണ പരാജയമെന്ന് ലക്ഷദ്വീപ് ടെറിറ്റോറിയല്‍ കോണ്‍ഗ്രസ് കമ്മറ്റി. തിരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിച്ചില്ലെന്നും നാലരവര്‍ഷം ജനങ്ങളുടെ ക്ഷേമത്തിനായി ഫൈസല്‍ ഒന്നും ചെയ്തിട്ടിലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

“വന്‍കരയില്‍ നിന്നും ഒറ്റപ്പെട്ടിരിക്കുന്ന ദ്വീപുകളിലെ ജനങ്ങള്‍ക്ക് മികച്ച ഗതാഗത സൗകര്യം ആവശ്യമാണെന്നും അതിനാല്‍ ടിക്കറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം മൂന്ന് മാസത്തിനകം പരിഹരിക്കുമെന്നും അല്ലാത്ത പക്ഷം താന്‍ രാജി വെക്കുമെന്നും ഫൈസല്‍ പറഞ്ഞിരുന്നു. എന്നാല്‍ പൊതു തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കുന്ന ഇപ്പോള്‍ പോലും ഒന്നും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കപ്പല്‍ ടിക്കറ്റ് വിതരണത്തിനായി മെച്ചപ്പെട്ട ഒരു സംവിധാനവുമില്ലാതെ ആളുകള്‍ നീണ്ട ക്യൂവുകളില്‍ ഇപ്പഴും കാത്തു നില്‍ക്കുകയാണ്”. ലക്ഷദ്വീപ് ടെറിറ്റോറിയല്‍ കോണ്‍ഗ്രസ് കമ്മറ്റി വിമര്‍ശിച്ചു.


Read Also : മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്;കേസ് പിന്‍വലിക്കില്ലെന്ന് കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍


മത്സ്യ ബന്ധന ഗ്രാമങ്ങളിലൂടെ മത്സ്യതൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കും, ദ്വീപ് ജനതയ്ക്കായി പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി ഉണ്ടാക്കും, ഓരോ വര്‍ഷവും ലക്ഷദ്വീപിനായി ഒരു കപ്പല്‍ അവതരിപ്പിക്കും, സ്ഥായിയായ ടൂറിസത്തിന് മുന്‍കൈയെടുക്കും തുടങ്ങി നിരവധി പ്രഖ്യാപനങ്ങള്‍ ലക്ഷദ്വീപിലെ ജനങ്ങളോട് അദ്ദേഹം നടത്തിയിരുന്നു. എന്നാല്‍ അതെല്ലാം വ്യാജമായ പ്രഖ്യാപനങ്ങളായിരുന്നു എന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്.

ഇന്നുവരെ ലക്ഷദ്വീപ് നിവാസികള്‍ക്കുള്ള ആരോഗ്യം സേവനങ്ങള്‍ അപര്യാപ്തമാണ്, റിസോര്‍ട്ടുകള്‍ പൂട്ടിക്കിടക്കുന്നതിനാല്‍ തൊഴില്‍ ഉപായങ്ങളില്ല, ഉണക്ക ചൂര മത്സ്യത്തിന് കിലോയ്ക്ക് കേവലം 199 രൂപ മാത്രം ലഭിക്കുന്നത് മൂലം മത്സ്യ കച്ചവടക്കാര്‍ക്കും തദ്ദേശ സമ്പത് വ്യവസ്ഥയ്ക്കും നേരിടേണ്ടിവരുന്നത് നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എം.പി പരേതനായ ഹാജി പി.എം ജനങ്ങളെ സേവിക്കാനുണ്ടായിരുന്ന മുന്‍ കാലങ്ങളെ അപേക്ഷിച്ച് നഷ്ടമാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ നടത്തുമെന്ന് പറഞ്ഞ അടിസ്ഥാന ആവിശ്യങ്ങള്‍ പോലും പാലിക്കപ്പെട്ടില്ലെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

We use cookies to give you the best possible experience. Learn more