കൊച്ചി: ബ്രഹ്മപുരം വിഷയവുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടത്തിയ വിദ്വേഷ പോസ്റ്റിന് മറുപടി നല്‍കി സംവിധായികയും ലക്ഷദ്വീപ് സ്വദേശിനിയുമായ ഐഷ സുല്‍ത്താന. മുമ്പ് ചാനല്‍ ചര്‍ച്ചക്കിടെ താന്‍ പറഞ്ഞ ഒരു പരാമര്‍ശത്തെ സൂചിപ്പിച്ച് തീവ്രഹിന്ദുത്വ പ്രചാരകന്‍ അഡ്വ. കൃഷ്ണ രാജ് ഷെയര്‍ ചെയ്ത പോസ്റ്റിനാണ് ഐഷ മറുപടി നല്‍കിയത്.
‘നമ്മുടെ ബയോ വെപ്പണ് ആയിഷ താത്ത കൊച്ചിയിലുണ്ടോ അതോ ലക്ഷദ്വീപിലേക്ക് രക്ഷപെട്ടോ ആവോ,’ എന്ന കൃഷ്ണരാജിന്റെ പോസ്റ്റിന്, ‘ഞാനിവിടെ കൊച്ചിയില്‍ തന്നെ ഉണ്ട് അതും കാക്കനാട് ഡി.എല്‍.എഫില്‍. ലക്ഷദ്വീപില്‍ നിന്നും നാല് ദിവസം മുന്നേ എത്തിയതാണ്. ഞാന്‍ താമസിക്കുന്ന ചുറ്റുപാടില്‍ ഒരു അപകടം സംഭവിച്ചത് അറിഞ്ഞപ്പോള്‍ ഓടിയതല്ല. വന്നതാണ്,’ എന്നാണ് ഐഷ മറുപടി നല്‍കിയത്.
ലക്ഷദ്വീപിലെ കേന്ദ്ര സര്‍ക്കാര്‍ നടപടിയുമായി ബന്ധപ്പെട്ട വിഷയത്തിലെ ചാനല്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു ഐഷ ‘ബയോ വെപ്പണ്‍’ പരാമര്‍ശം നടത്തിയിരുന്നത്. രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോ വെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍ പട്ടേലെന്ന ബയോവെപ്പണിനെ ഉപയോഗിച്ചത് എന്നായിരുന്നു ഐഷയുടെ പരാമര്‍ശം.
ഇതിന്റെ പേരില്‍ ഐഷക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. ഈ സംഭവത്തെയാണ് സംഘപരിവാര്‍ അനുകൂലിയായ കൃഷ്ണരാജ് ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് വിദ്വേഷത്തിന് ഉപയോഗിച്ചിരിക്കുന്നത്.
അതേസമയം, ബയോ വെപ്പണ് പരമാര്‍ശവുമായി ബന്ധപ്പെട്ട ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
Content Highlight: Lakshadweep native Aisha Sulthana responded to the hate post against her regarding the Brahmapuram issue\