| Friday, 17th June 2022, 10:26 pm

കള്ളക്കടത്തൊന്നും നടത്താന്‍ പറ്റുന്നില്ലേ എന്ന് വിദ്വേഷ കമന്റ്; അദാനി പോര്‍ട്ടില്‍ നിന്ന് പിടിച്ച മയക്കുമരുന്ന് ബുള്‍ഡോസര്‍ കയറ്റിയിറക്കി നിരത്തിക്കളഞ്ഞില്ലേയെന്ന് ഐഷ സുല്‍ത്താന

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെവന്ന വിദ്വേഷ കമന്റിന് കിടിലന്‍ മറുപടി നല്‍കി സംവിധായികയും ലക്ഷദ്വീപ് സ്വദേശിനിയുമായ ഐഷ സുല്‍ത്താന. ‘വിഷമങ്ങള്‍ നേരിടുമ്പോള്‍ ക്ഷമയാണ് ധീരത. നിരാശയുടെ ഇരുള്‍മുറിയില്‍ തളര്‍ന്നിരിക്കാതെ പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് മനസിനെ ജയിക്കുക- ശ്രീ ബുദ്ധന്‍,’ എന്ന ക്യാപ്ഷനില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ഐഷയുടെ ചിത്രത്തിന് താഴെയാണ് ഒരാള്‍ വിദ്വേഷ കമന്റുമായി വന്നത്.

‘പഴയപോലേ കള്ളക്കടത്തൊന്നും നടത്താന്‍ പറ്റുന്നില്ല, അയിനാണ് ഈ ബെസമം അല്ലേ ഇറ്റ, ഇജ്ജ് നടത്തു പുള്ളേ അന്റെ ബെസമം മാറട്ടേ,’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ഇതിനായിരുന്നു ഐഷ മറുപടി നല്‍കിയത്.

‘എന്തിനും ഏതിനും ശരണം വിളി ബുള്‍ഡോസറിനെയാണെന്ന് പറഞ്ഞ് കേള്‍ക്കുന്നല്ലോ ശരിയാണോ സഹോദരാ… അദാനി പോര്‍ട്ടില്‍ നിന്നും പിടിച്ച മയക്കുമരുന്നുകള്‍ ബുള്‍ഡോസര്‍ കയറ്റിയിറക്കി നിരത്തിക്കളഞ്ഞല്ലേ, സ്വാഭാവികം,’ എന്നായിരുന്നു ഐഷ സുല്‍ത്താനയുടെ മറുപടി.

ലക്ഷദ്വീപിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയയിലും അല്ലാതെയുമൊക്കെ വലിയ ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുന്നയാളാണ് ഐഷ സുല്‍ത്താന. ഇതേതുടര്‍ന്ന് അവര്‍ക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള സൈബര്‍ അറ്റാക്കും സ്ഥിരമാണ്.

അതേസമയം, ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി കഴിഞ്ഞ ജൂണ്‍ എട്ടിന് സ്റ്റേ ചെയ്തിരുന്നു. രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ഇടക്കാല ഉത്തരവ്.

ലക്ഷദ്വീപ് വിഷയത്തില്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ ‘ബയോ വെപ്പണ്‍’ പരാമര്‍ശം നടത്തിയതിന്റെ പേരിലാണ് ഐഷയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 124 എ, 153 ബി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരുന്നത്.രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍ പട്ടേലെന്ന ബയോവെപ്പണിനെ ഉപയോഗിച്ചത് എന്നായിരുന്നു ഐഷയുടെ പരാമര്‍ശം.

CONTENT HIGHLIGHTS:  Lakshadweep native Aisha Sultana has hit back at a hateful comment following her Facebook post.
We use cookies to give you the best possible experience. Learn more