|

ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ വീണ്ടും അയോഗ്യന്‍; ഉത്തരവിറക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ വീണ്ടും അയോഗ്യന്‍. മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിക്കൊണ്ട് ലോക്‌സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി. ഇത് രണ്ടാം തവണയാണ് ലക്ഷദ്വീപ് എം.പി അയോഗ്യനാകുന്നത്.

ഹൈക്കോടതി വിധിയെ അടിസ്ഥാനമാക്കിയാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് അദ്ദേഹത്തെ അയോഗ്യനാക്കിയിരിക്കുന്നത്.

മുന്‍ കേന്ദ്രമന്ത്രിയായ പി.എം. സെയ്ദിന്റെ മരുമകന്‍ മുഹമ്മദ് സ്വാലിഹിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി മുഹമ്മദ് ഫൈസല്‍ അടക്കമുള്ള നാല് പേരുടെ തടവുശിക്ഷ മരവിപ്പിച്ചിരുന്നു. പത്ത് വര്‍ഷത്തെ തടവുശിക്ഷയാണ് കവരത്തി കോടതി വിധിച്ചിരുന്നത്.

ശിക്ഷ മരവിപ്പിച്ചെങ്കിലും അദ്ദേഹം കുറ്റക്കാരനാണെന്ന കീഴ്‌ക്കോടതി വിധിയെ തള്ളാന്‍ കോടതി തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന് ലോക്‌സഭാ അംഗമായി തുടരാന്‍ സാധിക്കില്ലെന്ന് കാണിച്ച് ലോക്‌സഭാ സെക്രട്ടറിയേറ്റ് അദ്ദഹത്തെ അയോഗ്യനാക്കിയിരിക്കുന്നത്.

ശിക്ഷ സ്റ്റേ ചെയ്‌തെങ്കിലും കുറ്റക്കാരനെന്ന കണ്ടെത്തലുള്ളതിനാല്‍ ജനപ്രാതിനിധ്യ നിയമപ്രകാരമാണ് മുഹമ്മദ് ഫൈസല്‍ അയോഗ്യനാനായിരിക്കുന്നത്. കുറ്റക്കാരനെന്ന കണ്ടെത്തല്‍കൂടി സ്റ്റേ ചെയ്താലേ ജനപ്രതിനിധിക്ക് തല്‍സ്ഥാനത്ത് തുടരാനാകൂ.

2009 ഏപ്രിലില്‍ ലോക്സഭാ തെരഞ്ഞെടുപ്പുവേളയിലാണ് സ്വാലിഹിനുനേരെ ആക്രമണമുണ്ടായത്.

മുഹമ്മദ് ഫൈസലിന്റെ ക്രിമിനല്‍ പ്രവൃത്തിക്ക് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വിലയിരുത്തിയാണ്, കുറ്റവാളിയാണെന്ന കണ്ടെത്തല്‍ മരവിപ്പിക്കണമെന്ന ആവശ്യം കോടതി നിരസിച്ചത്. അത്യപൂര്‍വവും പ്രത്യേക സാഹചര്യവും നിലവിലുണ്ടെങ്കിലേ കുറ്റവാളിയെന്ന കണ്ടെത്തല്‍ മരവിപ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്നും കോടതി വ്യക്തമാക്കി.

വിചാരണക്കോടതി വിധിക്കെതിരായ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ കുറ്റവും ശിക്ഷയും മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ മുഹമ്മദ് ഫൈസല്‍, സയിദ് മുഹമ്മദ് നൂറുല്‍ അമീന്‍, മുഹമ്മദ് ഹുസൈന്‍ തങ്ങള്‍, മുഹമ്മദ് ബഷീര്‍ എന്നിവര്‍ നല്‍കിയ ഹരജിയാണ് ജസ്റ്റിസ് എന്‍. നഗരേഷ് പരിഗണിച്ചത്.

വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി മരവിപ്പിച്ചതിന് പിന്നാലെ മുഹമ്മദ് ഫൈസല്‍ എം.പി സ്ഥാനത്ത് തുടരുകയായിരുന്നു. എന്നാല്‍, സ്വാലിഹും ലക്ഷദ്വീപ് അധികൃതരും ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചു.

ഹൈക്കോടതിവിധി റദ്ദാക്കിയ സുപ്രീം കോടതി ഫൈസലിന്റെ അപ്പീല്‍ ഹരജി ആറാഴ്ചയ്ക്കകം പുനഃപരിശോധിക്കാന്‍ ഹൈക്കോടതിയോട് നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജസ്റ്റിസ് എന്‍. നഗരേഷ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഹരജി വീണ്ടും പരിഗണിച്ചത്.

Content Highlight: Lakshadweep MP Muhammad Faisal disqualified again.