| Wednesday, 11th January 2023, 2:22 pm

വധശ്രമ കേസ്; ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന് 10 വര്‍ഷം തടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കവരത്തി: വധശ്രമ കേസില്‍ ലക്ഷദ്വീപ് എം.പിയെ 10 വര്‍ഷം തടവിന് ശിക്ഷിച്ചു. മുഹമ്മദ് ഫൈസല്‍ എം.പിയെയാണ് കവരത്തി ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. മുഹമ്മദ് ഫൈസലിന്റെ സഹോദരങ്ങള്‍ അടക്കം നാല് പേര്‍ക്കാണ് ശിക്ഷ.

32 പേരാണ് കേസിലെ പ്രതികള്‍ ഇതിലെ ആദ്യ നാല് പേര്‍ക്കാണ് ജില്ലാ സെഷന്‍സ് കോടതി തടവ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതിയാണ് എംപി.

2009 ലെ തെരഞ്ഞെടുപ്പിന് ഇടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.എം. സയ്യിദിന്റ മരുമകന്‍ മുഹമ്മദ് സാലിയെ ആക്രമിച്ചു എന്നാണ് കേസ്.

അതീവ ഗുരുതരമായി പരുക്കേറ്റ സാലിയെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 23 ദിവസമാണ് അവിടെ അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞത്.

എന്‍.സി.പി നേതാവും നിലവില്‍ ലക്ഷദ്വീപ് എം.പിയുമായ മുഹമ്മദ് ഫൈസല്‍ 2014 ലും 2019ലും തുടര്‍ച്ചയായി ലക്ഷദ്വീപില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടക്കപ്പെട്ടിട്ടുണ്ട്.

എന്നാല്‍, വധശ്രമ കേസിലെ തടവ് ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മുഹമ്മദ് ഫൈസലിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

Content Highlight: Lakshadweep MP Mohammed Faizal sentenced to 10-year imprisonment in attempt to murder case

Latest Stories

We use cookies to give you the best possible experience. Learn more