കൊച്ചി: ലക്ഷദ്വീപില്‍ നിയമസഭ വേണമെന്ന ആവശ്യവുമായി എം.പി. മുഹമ്മദ് ഫൈസല്‍. നിയമസഭ പോലെയൊരു സംവിധാനമില്ലാത്തതാണ് ദ്വീപിലെ ഏറ്റവും വലിയ പോരായ്മയെന്നും മുഹമ്മദ് ഫൈസല്‍ പറഞ്ഞു.
ദ്വീപുകാര്‍ക്ക് വേണ്ടി സംസാരിക്കാന്‍ അവര്‍ തന്നെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വി. എഡിറ്റേഴ്സ് അവറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നിങ്ങള്‍ക്ക് വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ സ്വന്തമായി നിയമസഭയുണ്ട്. അങ്ങനെയാരു സംവിധാനമില്ലാത്തതാണ് ലക്ഷദ്വീപിലെ ഏറ്റവും വലിയ പോരായ്മ. ദ്വീപുകാര്‍ക്ക് വേണ്ടി സംസാരിക്കാന്‍ അവര്‍ തന്നെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ വേണം. നിര്‍ബന്ധമായും ദ്വീപിലൊരു നിയമസഭ വേണം. ദ്വീപുകാര്‍ തീരുമാനിക്കും അവര്‍ക്കെന്ത് വേണമെന്ന്. ദ്വീപില്‍ എന്ത് വികസനമാണ് വേണ്ടതെന്ന് ഞങ്ങള്‍ തീരുമാനിക്കും. അതിന് ഞങ്ങള്‍ക്ക് അവകാശമുണ്ട്. അത് നേടുംവരെ സമരം തുടരും,’ മുഹമ്മദ് ഫൈസല്‍ പറഞ്ഞു.
ലക്ഷദ്വീപില്‍ നടക്കുന്ന സമരത്തിന്റെ അവസാന ലക്ഷ്യവും അതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കേരളമാണ് ദ്വീപുകാര്‍ക്കുള്ള ഏറ്റവും വലിയ പിന്തുണയെന്നും ഫൈസല്‍ കൂട്ടിച്ചേര്‍ത്തു.
‘ഈ സമരത്തിന്റെ അവസാന ലക്ഷ്യവും അതാണ്. ദ്വീപില്‍ നിയമസഭ വേണമെന്ന ആവശ്യം പാര്‍ലമെന്റിലും മുന്നോട്ട് വച്ചിരുന്നു. കേരളമാണ് ദ്വീപുകാര്‍ക്കുള്ള ഏറ്റവും വലിയ പിന്തുണ. കേരളവുമായാണ് ദ്വീപുകാര്‍ക്ക് ഏറ്റവും അടുത്ത ബന്ധം. എന്ത് അനീതി കണ്ടാലും പ്രതികരിക്കുന്ന ഏക ജനതയും മലയാളികളാണ്. അതിനെ വേറെ രീതിയില്‍ ചിത്രീകരിക്കാനാണ് ചിലരുടെ ശ്രമം.
കേരളം ഇങ്ങനെ കൂടെ നില്‍ക്കുന്നമെന്നതാണ് ദ്വീപുകാരുടെ ധൈര്യവും. അതില്‍ ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല. ദാമന്‍ ദിയുവില്‍ നടപ്പാക്കിയത് ദ്വീപില്‍ നടക്കുമെന്നാണ് പ്രഫുല്‍ പട്ടേല്‍ വിചാരിച്ചത്. എന്ത് തോന്ന്യാസം ചെയ്താലും കണ്ടുകൊണ്ടിരിക്കുമെന്ന് അവര്‍ കരുതി. അത് അവര്‍ക്ക് കുറച്ച് മാറി കിട്ടിയിട്ടുണ്ട്. ദ്വീപുകാര്‍ക്ക് കാര്യബോധമുണ്ടെന്ന് അവര്‍ക്ക് മനസിലായി,” മുഹമ്മദ് ഫൈസല്‍ പറഞ്ഞു.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇന്ന് ദ്വീപിലെത്തിയത് കോസ്റ്റ് ഗാര്‍ഡിന്റെ വിമാനത്തിലാണെന്നും അദ്ദേഹം മാത്രമാണ് ഈ വിമാനം ഉപയോഗിച്ച അഡ്മിനിസ്ട്രേറ്ററെന്നും എം.പി. പറഞ്ഞു. കഴിഞ്ഞ തവണയും ഇതേ വിമാനമാണ് ഉപയോഗിച്ചത്. അന്ന് 93 ലക്ഷമാണ് യാത്രയുടെ ചെലവായി വന്നത്.
ചെലവ് ചുരുക്കണമെന്ന് പറയുന്നവര്‍ തന്നെ ധൂര്‍ത്താണ് നടത്തുന്നത്. ഇതിനെ എങ്ങനെ ന്യായീകരിക്കും. പ്രഫുല്‍ കഴിഞ്ഞ അഞ്ചു മാസത്തില്‍ എന്ത് ജനക്ഷേമ പദ്ധതിയാണ് ദ്വീപിലെ ജനങ്ങള്‍ക്ക് വേണ്ടി ചെയ്തതെന്നും മുഹമ്മദ് ഫൈസല്‍ ചോദിച്ചു.