കൊച്ചി: ലക്ഷദ്വീപില്‍ നടക്കുന്നതിനെ കുറിച്ച് സിനിമാക്കാരും ‘തോറ്റ എം.എല്‍.എ’ മാരും നടത്തുന്ന പ്രചാരണമാണെന്ന് ബി.ജെ.പി പ്രതിനിധി പി.ആര്‍ ശിവശങ്കറിന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കി അവതാരക ഷാനി പ്രഭാകരന്‍.
ഇത്തരം പ്രയോഗങ്ങള്‍ നടത്തുന്നത് ജനാധിപത്യ മര്യാദയല്ലെന്നും പ്രയോഗങ്ങള്‍ മോശമാണെന്നും ഓര്‍മ്മിപ്പിച്ച അവതാരക കേരളത്തില്‍ ഒറ്റ സീറ്റുപോലും ലഭിക്കാതെ തോറ്റുപോയിരിക്കുമ്പോളാണ് ഇത്തരം പ്രയോഗങ്ങള്‍ നടത്തുന്നതെന്ന് ഓര്‍ക്കണമെന്നും പറഞ്ഞു.
തോറ്റതുകൊണ്ടല്ല, രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന വക്താവായതുകൊണ്ടാണ് ചര്‍ച്ചയ്ക്ക് വിളിച്ചതെന്നും ഷാനി പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ സിനിമാക്കാരും ജോലി പോയ തോറ്റ എം.എല്‍.എമാരും നടത്തുന്ന പ്രചാരണങ്ങളില്‍ ദ്വീപ് നിവാസികള്‍ വീഴില്ലെന്നായിരുന്നു ശിവശങ്കര്‍ പറഞ്ഞത്.
പിന്നീട് ‘തോറ്റ ജോലി പോയ’ എം.എല്‍.എമാര്‍ എന്ന് ശിവശങ്കർ ആവര്‍ത്തിച്ച് പറഞ്ഞതോടെയാണ് അവതാരക ഇടപ്പെട്ടത്. രാജ്യത്ത് നടക്കുന്ന ഏത് സംഭവത്തെ കുറിച്ചും ആര്‍ക്കും അഭിപ്രായം പറയാം എന്ന കാര്യം മുന്‍നിര്‍ത്തി തന്നെ പറയട്ടെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് ദ്വീപില്‍ നിന്നുള്ള എം.പിയും അവിടുത്തെ സ്വദേശിയും സിനിമാപ്രവര്‍ത്തകയും പി.സി.സി അധ്യക്ഷനുമാണെന്നും അവതാരക ഓര്‍മ്മിപ്പിച്ചു.
ബി.ജെ.പിക്ക് ഒറ്റ സീറ്റുപോലും ഇല്ലാത്ത ഒരു സംസ്ഥാനത്ത് ഇരുന്നാണ് ഇത് പറയുന്നതെന്ന് ഓര്‍ക്കണമെന്നും ശിവശങ്കരനോട് ഷാനി പറഞ്ഞു. ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും ജനാധിപത്യത്തില്‍ പറയാന്‍ തുല്ല്യ അവകാശമാണെന്നും തോറ്റത് കൊണ്ടല്ല, രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന വക്താവ് എന്ന നിലയിലാണ് ചര്‍ച്ചയിലേക്ക് വിളിച്ചതെന്നും അവതാരക പി.ആര്‍ ശിവശങ്കറിനോട് പറഞ്ഞു.
തുടര്‍ന്ന് ലക്ഷദ്വീപില്‍ നടക്കുന്നത് വികസനമാണെന്നും കേന്ദ്രമാണ് ഇത് നടപ്പാക്കുന്നതെന്നും പി.ആര്‍ ശിവശങ്കരന്‍ പറഞ്ഞു. അതേസമയം ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.
രാജ്യസഭാ എം.പി എളമരം കരീം, നടന്‍ പൃഥ്വിരാജ്, നടി റിമ കല്ലിങ്കല്‍, ഫുട്ബോള്‍ താരം സി. കെ വിനീത്, ഷെയ്ന്‍ നിഗം, സണ്ണി വെയ്ന്‍, ഗീതു മോഹന്‍ദാസ്, സലിം കുമാര്‍, നജീബ് കാന്തപുരം എം.എല്‍.എ, മുന്‍മന്ത്രി ഇ.പി ജയരാജന്‍ തുടങ്ങി നിരവധിയാളുകള്‍ ലക്ഷദ്വീപിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ലക്ഷദ്വീപില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Lakshadweep: Manorama news Counter point pr sivasankr and shani prabhakar