കവരത്തി: രാജ്യത്തെ ഏറ്റവും ചെറിയ ലോക്‌സഭാ മണ്ഡലമായ ലക്ഷദ്വീപില്‍ ഇത്തവണയും പ്രധാന പോരാട്ടം
സിറ്റിംഗ് എം.പിയും എന്‍.സി.പി നേതാവുമായ പി.പി മുഹമ്മദ് ഫൈസലും പി.സി.സി അധ്യക്ഷന്‍ ഹംദുല്ല സെയ്ദും തമ്മില്‍. 2014-ല്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അന്ന് സിറ്റിങ് എം.പിയായിരുന്ന ഹംദുല്ലയ്ക്ക് സീറ്റ് നിലനിര്‍ത്താനായിരുന്നില്ല.
ഏപ്രില്‍ 11-നു ലക്ഷദ്വീപിലെ ഏക മണ്ഡലം പോളിങ് ബൂത്തിലെത്തുമ്പോള്‍ ശക്തമായ പോരാട്ടമാണു പ്രതീക്ഷിക്കപ്പെടുന്നത്. 10 പോളിങ് ബൂത്തുകള്‍ മാത്രമുള്ള മണ്ഡലത്തില്‍ 54266 പേരാണ് ആകെ വോട്ടര്‍മാര്‍.
Also Read: രാഹുല്‍ ധീരനായ മനുഷ്യന്‍, നിങ്ങളെ ഒരിക്കലും കൈവിടില്ല; വയനാട്ടുകാരോട് പ്രിയങ്കാ ഗാന്ധി
ലക്ഷദ്വീപിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയചരിത്രം 1967 മുതല്‍ക്കുള്ളതാണ്. 1957 മുതല്‍ 1967 വരെ എം.പിയായിരുന്നു കോണ്‍ഗ്രസിന്റെ കെ. നല്ലക്കോയ തങ്ങളെങ്കിലും അദ്ദേഹത്തെ രാഷ്ട്രപതി നേരിട്ടു നാമനിര്‍ദേശം ചെയ്യുകയായിരുന്നു.
1967-ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി.എം സെയ്ദാണു തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ലക്ഷദ്വീപിനെ പ്രതിനിധീകരിച്ച് ആദ്യമായി ലോക്‌സഭയിലെത്തിയത്. അവിടെനിന്നു തുടര്‍ച്ചയായ എട്ടുതവണയാണു സെയ്ദ് വിജയിച്ചത്. എന്നാല്‍ 2004-ല്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി പി. പൂക്കുഞ്ഞിക്കോയ 71 വോട്ടിനു സെയ്ദിനെ പരാജയപ്പെടുത്തി.
2009-ല്‍ സെയ്ദിന്റെ മരണത്തെത്തുടര്‍ന്നു മത്സരിച്ച അദ്ദേഹത്തിന്റെ മകന്‍ ഹംദുല്ല സെയ്ദ് ലോക്‌സഭയിലെത്തി. എന്നാല്‍ 2014-ല്‍ എന്‍.സി.പിയുടെ മുഹമ്മദ് ഫൈസലിനോട് 1535 വോട്ടിനു തോറ്റു.
ബി.ജെ.പി സ്ഥാനാര്‍ഥിയായ അബ്ദുള്‍ ഖാദറും സി.പി.ഐ.എം സ്ഥാനാര്‍ഥിയായ എം.പി ഷെരീഫ് ഖാനും സി.പി.ഐ സ്ഥാനാര്‍ഥിയായ അലി അക്ബറും മത്സരരംഗത്തുണ്ട്.