| Monday, 24th May 2021, 4:49 pm

Fact Check- ലക്ഷദ്വീപില്‍ ലഹരിവസ്തുക്കള്‍ കടത്തിയ ബോട്ട് പിടിച്ചെടുത്തോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ലക്ഷദ്വീപില്‍ ലഹരിവസ്തുക്കള്‍ കടത്തിയ ബോട്ട് പിടിച്ചെടുത്തെന്ന തരത്തില്‍ വ്യാജപ്രചരണം. ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയും സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂലികളുമാണ് ഈ പ്രചരണം ഏറ്റെടുത്തിരിക്കുന്നത്.

മേയ് 23 ന് ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലാണ് ലക്ഷദ്വീപില്‍ ലഹരി കടത്ത് കൂടുന്നെന്നും ബോട്ടുകള്‍ പിടിച്ചെടുത്തുവെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ഇതിന് പിന്നാലെ സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളും ഇക്കാര്യം ഏറ്റെടുത്തു. ലക്ഷദ്വീപ് അനുകൂല നിലപാട് സ്വീകരിക്കുന്നവരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ കേരളത്തിലേക്ക് ലക്ഷദ്വീപില്‍ നിന്ന് മയക്കുമരുന്നുകള്‍ കടത്തുന്നുവെന്ന തരത്തില്‍ കമന്റിടാനും തുടങ്ങി.

ഇതിനായി മാര്‍ച്ച് 18 ന് ഇന്ത്യന്‍ നാവിക സേന ലക്ഷദ്വീപിന് സമീപം മൂന്ന് ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടുകള്‍ തടഞ്ഞിരുന്നതിന്റെ ചിത്രങ്ങളും റിപ്പോര്‍ട്ടുകളുമാണ് ഉപയോഗിച്ചത്. ഹവായ് തീരത്തിനും ഫിലിപ്പിന്‍ തീരത്തിനുമിടയിലെ മധ്യ പസഫിക് സമുദ്രത്തില്‍ വെച്ച് മാര്‍ഷല്‍ ദ്വീപ് പൊലീസ് പിടികൂടിയ മയക്കുമരുന്നുകളുടെ ചിത്രമാണ് വ്യാജപ്രചരണത്തിനായി ഉപയോഗിക്കുന്നത്.

2020 ഡിസംബര്‍ 17 ന് അല്‍ജസീറയില്‍ പസഫിക് സമുദ്രത്തിലെ മയക്കുമരുന്ന് വേട്ടയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പാകിസ്ഥാനില്‍ നിന്നെത്തിയ ബോട്ടില്‍ നിന്ന് മയക്കുമരുന്ന് വാങ്ങിയ ശേഷം ശ്രീലങ്കയിലേക്ക് പോകുകയായിരുന്ന മൂന്ന് മത്സ്യബന്ധന ബോട്ടുകളെയാണ് കോസ്റ്റ് ഗാര്‍ഡ് പിടികൂടിയിരുന്നത്. ശ്രീലങ്ക സ്വദേശികളുടെ ആകര്‍ഷാ ദുവാ, ചതുറാണി-03, ചതുറാണി-08 എന്നീ ബോട്ടുകളെയാണ് മിനിക്കോയ് ദീപിന് സമീപം തെക്കുപടിഞ്ഞാറ് ഏഴ് മൈല്‍ ഉളളില്‍ നിന്ന് കോസ്റ്റ്ഗാര്‍ഡ് പിടികൂടി വിഴിഞ്ഞത്തെത്തിച്ചത്.

ഇവയില്‍ ആകര്‍ഷ ദുവയെന്ന ബോട്ടിലെ ക്യാപ്ടന്‍ അടക്കമുളള ആറംഗ സംഘത്തെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ നാവിക സേന തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്.

നേരത്തേയും സംഘപരിവാര്‍ പ്രൊഫൈലുകള്‍ ഇത്തരത്തില്‍ വ്യാജപ്രചരണം നടത്തിയിരുന്നു.

മാര്‍ച്ച് അഞ്ചിന് രാവിലെ 8.45-ഓടെയാണ് ബോട്ടുകള്‍ പിടികൂടിയത്. ലക്ഷദ്വീപില്‍ പട്രോളിങ് നടത്തുകയായിരുന്ന കോസ്റ്റ് ഗാര്‍ഡിന്റെ വരാഹ് എന്ന കപ്പലാണ് സംശയത്തിന്റെ അടിസ്ഥാനത്തില്‍ ബോട്ടുകള്‍ പിടികൂടിയത്.

ലക്ഷദ്വീപില്‍ ബി.ജെ.പി അജണ്ട പ്രകാരം പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഏകാധിപത്യ നടപടികള്‍ കൈക്കൊള്ളുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് വ്യാജപ്രചരണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Lakshadweep Fake News Drugs to Kerala BJP Janmabhoomi

We use cookies to give you the best possible experience. Learn more