ഇന്ത്യയില്‍ മാത്രമല്ല, രാജ്യാതിര്‍ത്തികള്‍ക്കപ്പുറത്ത് പോലുമുള്ള ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്ന വിഷയമായി ലക്ഷദ്വീപിലെ പുതിയ ഭരണപരിഷ്‌കാരങ്ങള്‍ മാറിക്കഴിഞ്ഞു. പ്രഫുല്‍ ഖോഡാ പട്ടേല്‍ എന്ന ഗുജറാത്ത് മന്ത്രിസഭയിലെ മുന്‍ മന്ത്രിയെ ദ്വീപിലെ പുതിയ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചതിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ തന്ത്രങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തനതായ പാരമ്പര്യവും, ജീവിത രീതിയും ശീലിച്ചുവന്ന ലക്ഷദ്വീപിലെ ജനങ്ങളുടെ സ്വസ്ഥത കെടുത്തുന്ന നടപടികളായിരുന്നു പിന്നീട് അരങ്ങേറിയത്. മത്സ്യത്തൊഴിലാളികളുടെ പണിപ്പുരകള്‍ ധൃതിപിടിച്ച് ഒഴിപ്പിക്കുകയും, കാലികളുടെ വില്‍പ്പനയും, മാംസാഹാരവും വിലക്കുകയും ചെയ്തു, രണ്ടിലധികം കുട്ടികള്‍ ഉള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ല തുടങ്ങി ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കാടത്ത നിയമം ഉള്‍പ്പടെ ദ്വീപ് നിവാസികള്‍ക്ക് മേല്‍ അടിച്ചമര്‍ത്തുകയായിരുന്നു പുതിയ അഡ്മിനിസ്‌ട്രേറ്ററിലൂടെ കേന്ദ്രം ചെയ്തത്.
കോടതി നിര്‍ദേശ പ്രകാരം പ്രാദേശിക തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തി റിസോട്ടില്‍ ജോലിക്കു കയറിയ ദ്വീപ് നിവാസികളെ പിരിച്ചു വിട്ടതടക്കം അഡ്മിസനിസ്‌ട്രേറ്ററുടെ നടപടികള്‍ ജനജീവിതം ദുസഹമാക്കിയതോടെ പ്രതിഷേധങ്ങളുയര്‍ന്നു. ബി.ജെ.പി ഉള്‍പ്പെടെയുള്ള ദ്വീപിലെ പാര്‍ട്ടികള്‍ നടപടികളെ പ്രതിരോധിക്കാനിറങ്ങി. കോടതി സത്യവാങ്മൂലം ലംഘിച്ചുവരെ പരിഷ്‌കരണത്തിന് മുതിര്‍ന്ന അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ ദ്വീപ് നിവാസികള്‍ നിര്‍ബന്ധിതരായി.
ഭൂവിനിയോഗവും ഏറ്റെടുക്കലും അടക്കമുള്ള കാര്യങ്ങളിലും, വികസന പദ്ധതികള്‍ക്ക് എതിര് നില്‍ക്കുന്നവരെ നീക്കം ചെയ്യാനും അഡ്മിനിസ്ട്രേറ്റര്‍ക്ക് പൂര്‍ണ അധികാരം നല്‍കുന്നതകാണ് പുതിയ നിയമം. ലക്ഷദ്വീപ് ഡെവലപ്മെന്റ് അതോറിറ്റി റഗുലേഷന്‍ എന്ന കരടു നിയമത്തിനെ പ്രതിരോധിക്കാനൊരുങ്ങി ദ്വീപ് നിവാസികളും, രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും മുന്നിട്ടിറങ്ങി. എന്നാല്‍ എതിര്‍ക്കുന്നവരെ ഇല്ലാതാക്കാന്‍ എന്നും ഉപയോഗിക്കുന്ന ബി.ജെ.പി തന്ത്രം ഇവിടെയും പുറത്തെടുത്തു കേന്ദ്രം. ദ്വീപിലെ ജനങ്ങളെ കുറ്റവാളികളാക്കി മുദ്രകുത്തി ജയിലിലടയ്ക്കാനും, മയക്കുമരുന്നുള്‍പ്പെടെ ലഹരിമരുന്നുകള്‍ പ്രദേശത്ത് കൈമാറ്റം ചെയ്യുന്നതായും പ്രചരണം നടത്തുവാനും, എതിര്‍ക്കുന്നവരെ ഇല്ലാതാക്കാന്‍ ഗുണ്ടാ ആക്ട് വരെ നടപ്പാക്കാനുള്ള നിലവാരം കുറഞ്ഞ കുതന്ത്രങ്ങളുമായി കേന്ദ്രവും, അധികാരികളും ദ്വീപില്‍ പിടിമുറുക്കുകയാണ്.
ദ്വീപിലെ ബഹുഭൂരിഭാഗം വരുന്ന മുസ്‌ലിം ജനസംഖ്യ കൂടി ലക്ഷ്യമിട്ടാണ് കേന്ദ്രത്തിന്റെ ചരടുവലികളെന്ന് മനസിലാക്കാന്‍ സാമാന്യ രാഷ്ട്രീയ ധാരണയുള്ള ഏതൊരു പൗരനും എളുപ്പത്തില്‍ കഴിയും. എന്നാല്‍ ഈ രാഷ്ട്രീയ കാരണങ്ങളെല്ലാം തന്നെ വിരല്‍ ചൂണ്ടുന്നത് ഒരു കോര്‍പറേറ്റ് ആധിപത്യത്തിലേക്കാണെന്ന വസ്തുത കണാതിരിക്കാനാകില്ല. ഇത്തരം ഇടപെടലുകള്‍ ഇതാദ്യമായല്ല. ഒദ്യോഗികമായിത്തന്നെ ഇക്കാര്യത്തില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ബ്ലൂ ഇക്കോണമി പദ്ധതിയിലൂടെയായിരുന്നു അത്.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും 40 ലക്ഷത്തില്‍പരം വരുന്ന മത്സ്യത്തൊഴിലാളികളുടെ ശാക്തീകരണത്തിനും ഉതകുന്നതാണ് എന്ന പ്രഖ്യാപനത്തോടെയാണ് ‘നീല സമ്പദ്വ്യവസ്ഥ’ അഥവാ ബ്ലൂ ഇക്കോണമി കരടുനയം കേന്ദ്രസര്‍ക്കാര്‍ പുറത്തിക്കിയത്. 2021 ഫെബ്രുവരി 17-ന് ബ്ലൂ ഇക്കോണമി നയത്തിന്റെ കരടു രൂപം കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തി. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ തയാറാക്കിയ പദ്ധതിയുടെ കരട് നയരേഖയിന്മേല്‍ പൊതുജനങ്ങള്‍ക്ക് ഇ-മെയില്‍ വഴി അഭിപ്രായം അറിയിക്കാനും അവസരം നല്‍കിയിരുന്നു. ഇംഗ്ലീഷില്‍ മാത്രം ഇറക്കിയ ഈ സുപ്രധാന രേഖയില്‍ അഭിപ്രായം പറയാന്‍ കേവലം പത്തു ദിവസം മാത്രമാണ് ജനങ്ങള്‍ക്ക് നല്‍കിയതെന്നും മറക്കരുത്.
ഇന്ത്യയുടെ കടലും അതിലെ സമ്പത്തും ഇനി എങ്ങനെയാണ് ഉപയോഗപ്പെടുത്താന്‍ പോകുന്നതെന്ന് ഇതില്‍ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ തീരദേശ മേഖലയില്‍ വന്‍ പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കുമെന്ന് ആഹ്വാനം ചെയ്യുന്ന ഈ നയം പ്രധാനമായും ഉള്‍പ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ പലതും തീരദേശവാസികളുടെ ഉപജീവന മാര്‍ഗം മാത്രമല്ല ജീവനും കവര്‍ന്നെടുക്കാന്‍ സാധ്യത ഉയര്‍ത്തുന്നവ കൂടിയാണ്. പദ്ധതി പ്രകാരമുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ നമ്മുടെ കടലുകളെ സാരമായി ബാധിച്ചേക്കാം. മത്സ്യസമ്പത്തിലെ കുറവും, തീരശോഷണവും മത്സ്യ ബന്ധന മേഖലയിലെ 1.5 കോടിയിലധികം വരുന്ന മനുഷ്യരുടെ ഉപജീവന മാര്‍ഗത്തേയും, തീരദേശ നിവാസികളുടെ ജീവനും, ആവാസമേഖലകളും വരെ ഇല്ലാതാക്കിയെന്നിരിക്കും. പ്രത്യേകിച്ചും പ്രവചനാതീതമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ പോലും തുടര്‍ച്ചയായി നാശം വിതയ്ക്കുന്ന രാജ്യത്തെ തീരപ്രദേശങ്ങളെ.
7517 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ഇന്ത്യയുടെ കടലോരപ്രദേശം. കരടുനയത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് ഈ മേഖലകളില്‍ ആസൂത്രണം ചെയ്യുന്ന ഉല്‍പാദന, വികസന പദ്ധതികളില്‍ പലതും നിലവിലെ സാഹചര്യങ്ങളില്‍ ദോഷകരമാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്. പുതിയ ഉല്‍പന്നങ്ങള്‍ ലക്ഷ്യമാക്കിയുള്ള വ്യവസായങ്ങള്‍, പുറംകടലില്‍ നിന്നു വ്യാവസായികമായി ഊര്‍ജോല്‍പാദനം, വിനോദ സഞ്ചാരമേഖലയുടെ വിപുലീകരണം, പുതിയ തുറമുഖങ്ങള്‍, കപ്പല്‍ ഗതാഗതം വിപുലീകരിക്കുക, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് വാഗ്ദാനങ്ങളില്‍ നിറയുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങള്‍ ഏറെയാണ്.
ഈ നയം മുന്നോട്ടു വയ്ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പലതും രാജ്യത്തെ മത്സ്യത്തൊഴിലാളികളുടെ തൊഴിലിനെയും ജീവിതത്തെയും ഗുരുതരമായി ബാധിച്ചേക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
വലിയ മുതല്‍മുടക്കു വേണ്ടിവരുന്ന സംരംഭങ്ങളാണ് ബ്ലൂ ഇക്കോണമിയുടെ പരിധിയില്‍ പെടുത്തിയിട്ടുള്ള മേഖലകളെല്ലാം, സാധാരണക്കാര്‍ക്കോ, സര്‍ക്കാരിനോ പോലും എത്തിപ്പിടിക്കാനാകാത്ത പദ്ധതികള്‍, ഇതിനാവശ്യമായ സാങ്കേതിക വിദ്യയും, സാമ്പത്തികവുമെല്ലാം ഇന്ന് ബഹുരാഷ്ട്ര കമ്പനികളിലാണ് ലഭ്യമാകുക എന്നത് നിസ്സാരമായി കാണേണ്ട വസ്തുതയല്ല.
അദാനി ഗ്രൂപ്പ് ഉള്‍പ്പെടെയുള്ളവരിലേക്കാണ് വികസന പ്രവര്‍ത്തനങ്ങള്‍ എന്ന ഓമനപ്പേരിലെത്തുന്ന വാണിജ്യപ്രവര്‍ത്തനങ്ങളുടെ കടിഞ്ഞാണ്‍ സര്‍ക്കാര്‍ എറിഞ്ഞുകൊടുക്കുന്നത്. ഇത്തരം കുത്തക സംവിധാനങ്ങളെക്കുറിച്ച്, പഠനമോ, പരിണിത ഫലങ്ങളെക്കുറിച്ചുള്ള ധാരണയോ അത്തരം തീരുമാനങ്ങളെ സ്വാധീനിക്കുന്നില്ല എന്നതാണ് വിഷമകരമായ വസ്തുത. അദാനിയുടെ കല്‍ക്കരി ഘനന പദ്ധതി ഓസ്‌ട്രേലിയന്‍ പരിസ്ഥിതി മന്ത്രാലയം അടുത്തിടെ തള്ളിയിരുന്നു. ക്വീന്‍സ് ലാന്‍ഡ് പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതി ആഘാത പഠനം നടത്തിയ ശേഷം അനുമതി റദ്ദാക്കുക ആയിരുന്നു.
പരിസ്ഥിതി അതിലോല പ്രദേശമാണ് എന്ന കാരണത്താലും, പദ്ധതി പ്രദേശമായ ക്വീന്‍സ് ലാന്‍ഡില്‍ കാണപ്പെടുന്ന കുരുവി ഇനത്തില്‍ പെടുന്ന (black throated finch bird) പക്ഷിയുടെ വംശനാശം വര്‍ധിക്കാന്‍ അദാനിയുടെ ഘനനം കാരണമാകും എന്നതും പ്രദേശത്തെ ഭൂഗര്‍ഭ ജല സംരക്ഷണത്തിന് വിഘാതം ആകും എന്നതുമാണ് ഓസ്‌ട്രേലിയയില്‍ സ്റ്റോപ് അദാനി മൂവ്‌മെന്റ് ആരംഭിക്കാന്‍ കാരണം. വിദ്യാര്‍ഥികളും പരിസ്ഥിതി പ്രവര്‍ത്തകരും ആയിരുന്നു പ്രതിഷേധത്തില്‍ മുന്നില്‍ നിന്നത്.
പാരിസ്ഥിതിക പ്രതിബദ്ധത മുന്നില്‍ നിര്‍ത്തി പദ്ധതിക്ക് സാമ്പത്തിക സഹായം നല്‍കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ പിന്തിരിയണം എന്ന രീതിയിലും പ്രതിക്ഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ജര്‍മനിയിലെ ഡുഷേ ബാങ്കും, ഓസ്‌ട്രേലിയയിലെ കോമണ്‍വെല്‍ത്ത് ബാങ്കും ലോണ്‍ നല്‍കുന്നതില്‍ നിന്നും പിന്മാറിയിരുന്നു. കല്‍ക്കരി ഘനനം ആഗോള താപനം വര്‍ദ്ധിപ്പിക്കും എന്നും, ഇത് ഓസ്‌ട്രേലിയയുടെ, ലോകത്തിന്റെ തന്നെ, ഏറ്റവും വലിയ ജൈവ സമ്പത്തായ ഗ്രേറ്റ് ബാരിയര്‍ റീഫ് പവിഴ പുറ്റുകളെ ദോഷകരമായി ബാധിക്കും എന്നും വിമര്‍ശനാത്മക പഠനങ്ങള്‍ ചൂണ്ടി കാട്ടിയിരുന്നു. ഗ്രേറ്റ് ബാരിയര്‍ റീഫ് ടൂറിസം വഴി ഓസ്‌ട്രേലിയയുടെ വരുമാനത്തിലേക്ക് നല്‍കുന്ന സംഭാവനയും ചെറുതല്ല. എന്നാല്‍ ലോകത്തിലെ തന്നെ ഒന്നാം നമ്പര്‍ വികസപ്രവര്‍ത്തനങ്ങളെ സ്വീകരിക്കുന്ന രാജ്യമായിട്ടുപോലും പ്രകൃതിയുടെ കാര്യത്തില്‍ വീട്ടുവീഴ്ച വരുത്താന്‍ ഓസ്‌ട്രേലിയന്‍ ജനത വിസമ്മതിച്ചു.
അദാനി ഗ്രൂപ്പിന്റെ ഇടപെടലുകളില്‍ വികസനസ്വപ്നം കണ്ടു തുടങ്ങിയ ഒരു കൂട്ടം ജനങ്ങള്‍ ഇങ്ങ് കേരളത്തിലുമുണ്ട്. ഒരു വശത്ത് സീപോര്‍ട്ട് പദ്ധതി ധ്രുതഗതിയില്‍ പുരോഗമിക്കുമ്പോള്‍ മറുവശത്ത് ജീവനും ജീവിതവും നല്‍കിയ കടല്‍ കലിതുള്ളി അവ തിരിച്ചെടുത്തു തുടങ്ങിയ ആശങ്കയിലാണ് അവര്‍. പ്രകൃതിയോട്, പ്രധാനമായും കടലിനോട് അത്ര സൗഹാര്‍ദപരമായ നിര്‍മാണ പ്രവര്‍ത്തികളല്ല നടന്നുവരുന്നതെന്ന് ചൂണ്ടിക്കാട്ടി നിരവധിപേര്‍ ഇതിനോടകം തന്നെ രംഗത്തെത്തിക്കഴിഞ്ഞിരിക്കുന്നു.
ഉദാഹരണങ്ങള്‍ ഇന്ത്യയില്‍ തന്നെ നിരവധിയാണ്. ആഗോള ഖനന കമ്പനിയായ വേദാന്ത ഗ്രൂപ്പിന്റെ ഒഡീഷയിലെ ബോക്‌സൈറ്റ് ഘനന പദ്ധതികള്‍ പൊതുജന പ്രക്ഷോഭത്തെ തുടര്‍ന്നാണ് ഉപേക്ഷിക്കേണ്ടി വന്നത്. ഒഡീഷയിലെ ഖനന പദ്ധതി ഡോംഗ്രിയ ഖോണ്ട് ഗോത്ര വിഭാഗത്തെയും നിയാംഗിരി മലനിരകളില്‍ ഉള്ള നിരവധി ജൈവ സമ്പത്തിന്റെയും നിലനില്‍പ്പിന് തന്നെ ഭീഷണി ആയിരുന്നു. തുടര്‍ന്ന് 2009 ല്‍ മലനിരകളെ വളഞ്ഞ് ഇവിടെ പൊതുജന പ്രക്ഷോഭം ഉണ്ടായി. തുടര്‍ന്ന് 2010 ല്‍ ഇന്ത്യന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വേദാന്ത ഗ്രൂപ്പിന് നല്‍കിയ ഖനന അനുമതി പിന്‍വലിക്കുകയായിരുന്നു.
ഇത്തരത്തില്‍ പ്രകൃതിയോട് നേരിട്ട് ഏറ്റുമുട്ടിയ ഉദാഹരണങ്ങള്‍ മാത്രമല്ല നമുക്കു മുന്‍പില്‍ ഉള്ളത്. കശ്മീരും, ലേ ലഡാക്കും, ഡാമന്‍ ഡ്യൂവുമെല്ലാം പരോക്ഷമായി ചൂണ്ടിക്കാട്ടുന്നത് ഇതേ കോര്‍പറേറ്റ് ഇടപെടലിന്റെ സാധ്യതകളാണ്. ദാദ്ര – നാഗര്‍ ഹവേലി, ഡാമന്‍ ഡ്യൂ ഒരുമിപ്പിച്ച് സിംഗിള്‍ ടെറിട്ടറിയാക്കിയ കാലയളവില്‍ ഡാമന്‍ ഡ്യൂവിലെ അഡ്മിനിസ്‌ട്രേറ്റര്‍ ഇന്ന് ലക്ഷദ്വീപിനെ കീഴ്‌മേല്‍ മറിക്കുന്ന പ്രഫുല്‍ പട്ടേലെന്ന മുന്‍ ഗുജറാത്ത് മന്ത്രിയെന്നത് യാദൃശ്ചികം മാത്രമല്ല എന്ന തിരിച്ചറിയേണ്ടതുണ്ട്. പ്രതിഷേധങ്ങളിലും ചര്‍ച്ചകളിലും മതവും, മനുഷ്യനും, അതിര്‍ത്തികളും, അധികാരവും ഉയര്‍ന്നുവരുമ്പോള്‍ അതിനു പിറകില്‍ അധികാര സ്ഥാനത്തിരിക്കുന്നവര്‍ ലക്ഷ്യമിടുന്നത് ഇതേ കുത്തകകളിലൂടെ രാജ്യത്തേക്ക് എത്തുന്ന നിക്ഷേപങ്ങളെയാണ്. അതിന് മറപിടിക്കാന്‍ വികസനമെന്ന ഓമനപ്പേരില്‍ നടത്തുന്ന കച്ചവടങ്ങളും.
ലക്ഷദ്വീപ് ആഗോള താപന ഭീഷണി നേരിടുന്ന അതിലോല ജൈവ പ്രദേശമാണ് എന്നത് അതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ആവശ്യമായ പാരിസ്ഥിതിക പാഠനങ്ങള്‍ ഇല്ലാതെ പ്രകൃതിയെ കഴിവതും ചൂഷണം ചെയ്യുന്ന പരമ്പരാഗത രീതി കാലാവസ്ഥ വ്യതിയാനവും ആഗോള താപനവും വര്‍ദ്ധിക്കുന്ന സമകാലീന സാഹചര്യത്തില്‍ എത്രത്തോളം ഭൂഷണമാണ് എന്നതും പരിശോധിക്കേണ്ടതുണ്ട്. അഴിമതി ശക്തമായി നിലകൊള്ളുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ പാരിസ്ഥിതിക പഠനങ്ങള്‍ അട്ടിമറിക്കാന്‍ ഉള്ള സാധ്യതകള്‍ നിലനില്‍ക്കുന്നു എന്നതും ഈ മേഖലയിലെ പ്രതിസന്ധിയാണ്.
വംശനാശ ഭീഷണി നേരിടുന്ന നൂറുകണക്കിന് ജൈവ സമ്പത്തിന്റെ ഒരു കലവറ തന്നെയാണ് ലക്ഷദ്വീപ്. ഇന്ത്യയുടെ ഭരണപരിധിക്ക് ഉള്ളില്‍ വരുന്ന ലക്ഷദ്വീപ് സമൂഹം മാലിദ്വീപ്, കാഗോസ് എന്നിവ ഉള്‍പ്പെടുന്ന, ഭൂമിശാസ്ത്രപരമായി ഒരു വിഭാഗത്തില്‍പെടുന്ന ദ്വീപ സമൂഹത്തിന്റെ ഭാഗമാണ് എന്ന് കൂടി പരിഗണിക്കുമ്പോള്‍ ജൈവ കലവറയായ ഈ പവിഴ ദ്വീപ സമൂഹത്തിന്റെ പ്രാധാന്യം വെളിപ്പെടും. ഏതാണ്ട് 39 ഓളം ദ്വീപുകളുടെ സമൂഹമാണ് ഇന്ത്യന്‍ ഭരണത്തില്‍ ഉള്ള ലക്ഷദ്വീപ്. ജൈവ സമ്പത്തായ പവിഴ പുറ്റുകളെ ആശ്രയിച്ച് മാത്രം നിലനില്‍ക്കാന്‍ കഴിയുന്ന നൂറുകണക്കിന് സസ്യ-ജീവി വര്‍ഗത്തെ കൂടി കണക്കില്‍ എടുക്കുമ്പോള്‍ ഈ പ്രാധാന്യം ഇരട്ടിക്കുന്നു. തീരപ്രദേശം കഴിവതും ചൂഷണം ചെയ്ത് ലാഭം ഉണ്ടാക്കാനുള്ള സര്‍ക്കാര്‍ ശ്രമം ലക്ഷദ്വീപിലെ തനതായ സംസ്‌കാരത്തിന് മേലുള്ള കടന്നുകയറ്റം എന്നത് പോലെ തന്നെ പുനസൃഷ്ടിക്കാന്‍ കഴിയാത്ത ജൈവ സമ്പത്തിന്റെ മേലുള്ള കടന്നുകയറ്റം കൂടിയാണ്. സുസ്ഥിര വികസനം തീരപ്രദേശത്തിന്റെ നിലനില്‍പ്പിന് തന്നെ എത്രത്തോളം പ്രധാനമാണ് എന്നതിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഇത്.
ലക്ഷദ്വീപിലേക്ക് ആഗോള കുത്തകകളെ ക്ഷണിക്കുമ്പോള്‍ ജൈവ സാംസ്‌കാരിക അസ്ഥിരത വര്‍ധിക്കുന്നു എന്നതും. തദ്ദേശീയരുടെ ടൂറിസം പദ്ധതികളെ പരിപോഷിപ്പിച്ച് വരുമാനം വര്‍ദ്ധിപ്പിക്കുക വഴി ദ്വീപിന്റെ ജൈവ സമ്പത്തും സാംസ്‌കാരിക വൈവിധ്യവും നിലനിര്‍ത്തി സംരക്ഷിക്കുകയും സാധ്യമാണ് എന്നതും ഈ ഘട്ടത്തില്‍ പരിഗണിക്കേണ്ട കാര്യമാണ്. അതുപോലെ തന്നെ പ്രധാനമായ കാര്യം പദ്ധതികള്‍ നടപ്പാക്കുന്നതോടെ സമുദ്രത്തിനകത്തെയും ചുറ്റിലേയും ആവാസ വ്യവസ്ഥയിലുണ്ടാകുന്ന മാറ്റമാണ്. മുന്‍കാലങ്ങളില്‍ ദ്വീപില്‍ നടപ്പാക്കാനുദ്ദേശിച്ച വിമാനത്താവളം ഉള്‍പ്പടെ പല പദ്ധതികളും പ്രദേശത്ത് വിപരീത ഫലം സൃഷിച്ചേക്കാനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് ഉപേക്ഷിച്ചതായി ദ്വീപ് നിവാസികള്‍ തന്നെ പറയുന്നുണ്ട്.
വികസന വിരോധം, പരിസ്ഥിതി തീവ്രവാദം എന്നീ പ്രയോഗങ്ങളിലൂടെയാണ് കേന്ദ്രവും, മറ്റ് അധികാര സ്ഥാപനങ്ങളും ഇത്തരം നടപടികള്‍ക്കെതിരായ എതിര്‍പ്പുകളെ അടിച്ചമര്‍ത്താം, മതവികാരം ഉള്‍പ്പെടെയുള്ള സാധ്യതകള്‍ ഉപയോഗിച്ച്, അത്തരത്തില്‍ മനുഷ്യരെ അവരുടെ ആവാസവ്യവസ്ഥയെ തകര്‍ക്കുന്ന രീതിയില്‍ വ്രണപ്പെടുത്തി ചര്‍ച്ചകളും, പ്രതിഷേധവും വഴിതിരിച്ചുവിടാനായേക്കാം. ഗുണ്ടാ ആക്റ്റ്‌പോലുള്ള വഴികളിലൂടെ പ്രതിഷേധ സ്വരങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ചേക്കാം. എന്നാല്‍ വികസനത്തിനെതിരായല്ല, ചൂഷണത്തിനെതിരെയാണ് ശബ്ദങ്ങള്‍ ഇനിയും ഉയരേണ്ടത്.
കൃത്യമായ, സൂക്ഷ്മമായ പഠനങ്ങളിലൂടെയാവണം പ്രകൃതിയോട് നേരിട്ട് ഇടപെടുന്ന പദ്ധതികള്‍ രൂപീകരിക്കേണ്ടത്. മറിച്ച് പദ്ധതികള്‍ തീരുമാനിച്ച് അവ നടപ്പാക്കാനല്ല പഠനങ്ങള്‍ നടക്കേണ്ടത്. പരിഷ്‌കരണങ്ങളും, നടപടികളുമെല്ലാം ശാസ്ത്രീയമായ പഠന റിപ്പോര്‍ട്ടുകള്‍ക്കൊപ്പം, ഓരോ പ്രദേശത്തേയും ഭൂപ്രകൃതി, ജനജീവിതം എന്നിവയ്ക്ക് പ്രാധാന്യവും നല്‍കിവേണം നടപ്പിലാക്കാന്‍. ജനാധിപത്യ രാഷ്ട്രത്തില്‍ സമ്പദ് വ്യവസ്ഥയുടെ നിയന്ത്രണവും, തൊഴില്‍ സാഹചര്യങ്ങളും നിയന്ത്രിക്കേണ്ടത് ബഹുരാഷ്ട്ര കുത്തകകളല്ല സര്‍ക്കാരാകണം എന്ന തിരിച്ചറിവ് കൂടി അധികാര വര്‍ഗം നേടേണ്ടിയിരിക്കുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlights: Lakshadweep – Environmental and social reading