| Monday, 7th June 2021, 10:19 am

കവരത്തിയിലെ ഗാന്ധി വിരോധം സംഘപരിവാറുകാര്‍ നിര്‍മിച്ചെടുത്ത കഥ; ലക്ഷദ്വീപുകാര്‍ ഗാന്ധിയെ സ്‌നേഹിക്കുന്നവരെന്നു ലക്ഷദ്വീപ് ഡയറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കവരത്തി: 2010ല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ലക്ഷദ്വീപില്‍ സ്ഥാപിക്കാന്‍ കൊണ്ടു വന്ന ഗാന്ധി പ്രതിമ ഇറക്കാന്‍ സാധിക്കാതിരുന്നത് ദ്വീപുകാരുടെ പ്രതിഷേധം കൊണ്ടല്ലെന്നു ലക്ഷദ്വീപ് മാധ്യമമായ ദ്വീപ് ഡയറി. മോശം കാലാവസ്ഥ മൂലമാണു പ്രതിമ ഇറക്കാന്‍ സാധിക്കാതിരുന്നതെന്നും ഗാന്ധി പ്രതിമയുടെ പേരില്‍ ദേശീയ സംഘപരിവാര്‍ അനുകൂല മാധ്യമങ്ങളിലും സെന്‍സേഷണലിസത്തിനു കുപ്രസിദ്ധിയാര്‍ജ്ജിച്ച ചില മലയാള മാധ്യമങ്ങളിലും ലക്ഷദ്വീപിനെതിരെ കുപ്രചരണം നടത്തുകയാണെന്നും ദ്വീപ് ഡയറിയുടെ എഡിറ്റോറിയലില്‍ പറയുന്നു.

കവരത്തിയിലെ ഗാന്ധി വിരോധം എന്നതു വലതുപക്ഷ സംഘപരിവാറുകാര്‍ നിര്‍മിച്ചെടുത്ത കഥയാണെന്നും ലേഖനം പറയുന്നു.

‘2010 ഗാന്ധി ജയന്തി ദിനത്തില്‍ തലസ്ഥാന ദ്വീപായ കവരത്തിയില്‍ അനാച്ഛാദനം ചെയ്യണമെന്നുദ്ദേശിച്ചു സെപ്റ്റംബര്‍ 28 ന് എം.വി. അമിന്‍ദിവി കപ്പലില്‍ പുറപ്പെട്ട രണ്ടുലക്ഷം രൂപ വിലവരുന്ന ഗാന്ധിയുടെ അര്‍ധകായ പ്രതിമ ദ്വീപുകാരുടെ എതിര്‍പ്പുകാരണം തിരിച്ചയക്കേണ്ടി വന്നു എന്നാണു ദേശീയ സംഘി മാധ്യമങ്ങളിലും സെന്‍സേഷണലിസത്തിനു കുപ്രസിദ്ധിയാര്‍ജ്ജിച്ച ചില മലയാള മാധ്യമങ്ങളിലും പിന്നെ വലതുപക്ഷ പ്രൊഫൈലുകളിലും ഓടുന്ന കഥ. ദ്വീപില്‍ അപ്രഖ്യാപിത ശരീഅത്ത് നിയമം ആയതുകൊണ്ടാണുപോലും ഗാന്ധിപ്രതിമ വേണ്ടന്നുവെച്ചത്. അന്നത്തെ കേന്ദ്രഭരണകൂടം നിയമിച്ച വലതുപക്ഷ ചായ്വുള്ള അഡ്മിനിസ്ട്രേറ്റര്‍ ശരീഅത്ത് നടപ്പില്‍ വരുത്താന്‍ കൂട്ടുനിന്നു എന്നാണോ കവി ഉദ്ദേശിച്ചത് ആവോ!,’ ലേഖനത്തില്‍ ചോദിക്കുന്നു.

മോശം കാലാവസ്ഥ മൂലമാണ് പ്രതിമ ഇറക്കാന്‍ കഴിയാതിരുന്നതെന്നും അന്നത്തെ കളക്ടര്‍ എന്‍. വസന്ത കുമാര്‍ തന്നെ പറഞ്ഞിരുന്നതാണെന്നും ലേഖനത്തില്‍ പറയുന്നു.

ലക്ഷദ്വീപില്‍ സ്ഥാപിക്കാതെ തിരിച്ചു കൊണ്ടു പോയ പ്രതിമ വിശ്വഹിന്ദു പരിഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നു കവരത്തിയിലേക്കു തന്നെ തിരിച്ചു കൊണ്ടു വന്നു എന്നും അത് 11 വര്‍ഷമായി അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസില്‍ ചാക്കുകൊണ്ട് മൂടിയിട്ടിരിക്കുകയാണെന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് അടിസ്ഥാനരഹിതമാണെന്നും ദ്വീപ് ഡയറി പറയുന്നു.

ഗാന്ധി പ്രതിമ സ്ഥാപിക്കുന്നതില്‍ അന്നും ഇന്നും ദ്വീപുകാര്‍ എതിരല്ല. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കടല്‍ക്ഷോഭം കാരണം ഭാരമുള്ള പ്രതിമ ഇറക്കാന്‍ കഴിയാതെ തിരികെ കൊണ്ടുപോവുകയായിരുന്നു എന്നാണ് ലേഖനത്തില്‍ പറയുന്നത്.

അടുത്ത റിപ്പബ്ലിക് ദിനത്തിന് സ്ഥാപിക്കണമെന്ന ഉദ്ദേശത്തോടെ അഡ്മിനിസ്‌ട്രേഷന്‍ ഒരു ശില്പിയെ വന്‍കരയില്‍ നിന്നുകൊണ്ടുവന്നു ഗാന്ധിപ്രതിമ ഉണ്ടാക്കിച്ചതായി അറിയുന്നു. തൊട്ടടുത്ത വര്‍ഷം റിപ്ലബ്ലിക് ദിനത്തിന് അത് പ്രദര്‍ശിപ്പിക്കുകയുമുണ്ടായി. എന്നാല്‍ പ്രതിമക്ക് ഗാന്ധിയോട് രൂപസാദ്യശ്യം കുറവായിരുന്നു. പലരും അക്കാര്യം സൂചിപ്പിച്ചിരുന്നു. ഗാന്ധിജിയുടെ രൂപ സാദൃശ്യമില്ലാത്തതിനെ തുടര്‍ന്ന് അത് സ്ഥാപിക്കണ്ട എന്ന് തീരുമാനിക്കുകയായിരുന്നു എന്നും ലേഖനത്തില്‍ പറയുന്നു.

ജന്മഭൂമി അടക്കമുള്ള മാധ്യമങ്ങളില്‍ ശരീഅത്ത് നിയമം കൊണ്ട് ഗാന്ധി പ്രതിമ ഇറക്കുന്നതിനെ ദ്വീപുകാര്‍ എതിര്‍ത്തു എന്ന രീതിയിലാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. ചില ദേശീയ മാധ്യമങ്ങളിലും സമാനമായി വരുന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരെയാണ് ദ്വീപ് ഡയറിയുടെ എഡിറ്റോറിയല്‍.

ലക്ഷദ്വീപുകാര്‍ക്കു മഹാത്മാ ഗാന്ധിയോട് യാതൊരു വിരോധവുമില്ലെന്നും ഗാന്ധിയെ സ്‌നേഹിക്കുന്നവരാണു ദ്വീപ് നിവാസികളെന്നും ദ്വീപ് ഡയറി പറയുന്നു.

കവരത്തിയിലെ ഏറ്റവും പ്രധാനപ്പെട്ട റോഡിന്റെ പേര് മഹാത്മാ ഗാന്ധി റോഡ് എന്നാണെന്നും ലക്ഷദ്വീപിലും കവരത്തിയിലും പുറത്ത് നിന്ന് വന്ന് പണിയെടുക്കുന്നവര്‍ക്ക് വേണ്ടി ക്ഷേത്രങ്ങളുണ്ട്. ഗാന്ധി കോഴിക്കോട് വരുന്നുണ്ട് എന്നറിഞ്ഞ് സ്വാതന്ത്ര്യസമരകാലത്ത് ദ്വീപോടത്തില്‍ കയറി വന്‍കരയിലേക്കുപോയ ആളുകള്‍ വടക്കന്‍ ദ്വീപുകളിലുണ്ടെന്നും ദ്വീപ് ഡയറി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Lakshadweep diary editorial about Gandhi statue issue

Latest Stories

We use cookies to give you the best possible experience. Learn more