ലക്ഷദ്വീപിലെ കൊവിഡ് പ്രോട്ടോകോള്‍ പരിഷ്‌കാരങ്ങള്‍ ചോദ്യം ചെയ്തുള്ള ഹരജി ഹൈക്കോടതി തള്ളി
Lakshadweep
ലക്ഷദ്വീപിലെ കൊവിഡ് പ്രോട്ടോകോള്‍ പരിഷ്‌കാരങ്ങള്‍ ചോദ്യം ചെയ്തുള്ള ഹരജി ഹൈക്കോടതി തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th May 2021, 12:14 pm

കൊച്ചി: ലക്ഷദ്വീപിലെ കൊവിഡ് പ്രോട്ടോകോള്‍ പരിഷ്‌കാരങ്ങള്‍ ചോദ്യം ചെയ്തുള്ള ഹരജികള്‍ ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് തള്ളിയത്.

ദ്വീപ് നിവാസികളാണ് കൊവിഡ് പരിഷ്‌കാരങ്ങള്‍ ചോദ്യം ചെയ്ത് ഹരജി സമര്‍പ്പിച്ചത്. പ്രോട്ടോകോളില്‍ വരുത്തിയ പരിഷ്‌കാരങ്ങളല്ല രോഗ വ്യാപനത്തിന് കാരണമെന്ന ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വാദം കോടതി അംഗീകരിച്ചു.

നേരത്തെ ലക്ഷദ്വീപില്‍ നടപ്പാക്കുന്ന ഭരണപരിഷ്‌കാരങ്ങളില്‍ കേന്ദ്രം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

ലക്ഷദ്വീപില്‍ ഇപ്പോള്‍ നടത്തുന്ന ഭരണപരിഷ്‌കാരങ്ങള്‍ ദ്വീപിലെ സാധാരണ ജനതയുടെ സൈ്വര്യ ജീവിതത്തിന് തടസം നില്‍ക്കുന്നതും പാരമ്പര്യമായി കിട്ടിയ അവകാശങ്ങളെ തച്ചുടയ്ക്കുന്നതാണ് തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ഹരജികളില്‍ പ്രതിപാദിക്കുന്നത്.

ലക്ഷദ്വീപ് ജനതയുടെ പിന്തുണയോ അവരുടെ സമ്മതമോ ഇല്ലാതെയാണ് അവരുടെ വ്യക്തിജീവിതത്തിലേക്കടക്കം കടന്നുകയറുന്ന രീതിയില്‍ ഭരണ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതെന്നും ഹരജിയില്‍ പറയുന്നു.

ഏകപക്ഷീയമായ നിലപാടാണ് സ്വീകരിക്കുന്നത് എന്നതിനാല്‍ തന്നെ കോടതി ഇടപെട്ട് ഈ ഉത്തരവുകള്‍ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഏത് സാഹചര്യത്തില്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ പരിഷ്‌കാരം നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് വ്യക്തമാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. മറുപടി രണ്ടാഴ്ചയ്ക്കകം നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം.

ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രന്‍, എം.ആര്‍ അനിത എന്നിവരാണ് ഹരജി പരിഗണിച്ചത്.

അതേസമയം തുടര്‍നടപടികള്‍ റദ്ദാക്കണമെന്ന ഹരജിക്കാരുടെ ആവശ്യം അംഗീകരിച്ചിട്ടുമില്ല.

നേരത്തെ ലക്ഷദ്വീപിലെ അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലംമാറ്റം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരെ കോടതി ചുമതലകളില്‍നിന്ന് നീക്കി സര്‍ക്കാര്‍ ജോലികളില്‍ നിയോഗിച്ചതാണ് കോടതി തടഞ്ഞത്.

കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ച നടപടിയാണ് ഇതെന്നും ഭരണകൂടം വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ലക്ഷദ്വീപില്‍ നടക്കുന്നത് അറിയുന്നുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Lakshadweep Covid Protocol Kerala High Court