ലക്ഷദ്വീപില്‍ നിന്നുള്ള ചരക്ക് നീക്കം ബേപ്പൂര്‍ തുറമുഖം വഴിയാക്കും; ലക്ഷദ്വീപിലെ എല്ലായിടത്തേക്കും യാത്രാക്കപ്പല്‍ സര്‍വീസ് പരിഗണിക്കുമെന്ന് അഹമ്മദ് ദേവര്‍കോവില്‍
കോഴിക്കോട്: ലക്ഷദ്വീപില്‍ നിന്നുള്ള ചരക്ക് നീക്കം പൂര്‍ണമായും ബേപ്പൂര്‍ തുറമുഖം വഴിയാക്കാനുള്ള സൗകര്യങ്ങള്‍ കേരള സര്‍ക്കാര്‍ ചെയ്യുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലേക്കും യാത്രാക്കപ്പല്‍ സര്‍വീസ് തുടങ്ങുന്ന കാര്യം സജീവ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
ദ്വീപിലേക്ക് കൂടുതല്‍ യാത്രാക്കപ്പലുകള്‍ അനുവദിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്. ലക്ഷദ്വീപ് നിവാസികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എല്ലാം കേരള സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ലക്ഷദ്വീപില്‍ നിന്നുള്ള ബി.ജെ.പി. നേതാക്കളടക്കമുള്ള പ്രതിനിധികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. ലക്ഷദ്വീപില്‍ നിലനില്‍ക്കുന്ന മറ്റ് വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ഉന്നയിച്ചതായും മന്ത്രി പറഞ്ഞു.
അതേസമയം ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ലക്ഷദ്വീപ് ജനത നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ കേരളമാണെന്നാണ് ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ പറയുന്നത്. അഡ്മിനിസ്ട്രേഷനെതിരെ ക്യാംപെയ്ന്‍ നടത്തുന്നത് കേരളമാണെന്നാണ് ദ വീക്കിന് നല്‍കിയ അഭിമുഖത്തില്‍ പ്രഫുല്‍ പട്ടേല്‍ പറഞ്ഞത്.
ലക്ഷദ്വീപില്‍ അവതരിപ്പിച്ച ബില്ലുകള്‍ക്കെതിരെയുള്ള പ്രതിഷേധം ആരംഭിച്ചത് കേരളത്തില്‍ നിന്നാണെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്ന് പ്രഫുല്‍ പട്ടേല്‍ പട്ടേല്‍ പറഞ്ഞിരുന്നു. ലക്ഷദ്വീപിലെ ഭൂമിയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്തുമ്പോഴും വികസന അതോറിറ്റിയെ സ്ഥാപിക്കുമ്പോഴും ദ്വീപിലെ ജനങ്ങളോടും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോടും ചര്‍ച്ച ചെയ്യാമായിരുന്നില്ലേ എന്ന ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് പ്രഫുല്‍ പട്ടേല്‍ കേരളത്തിനെതിരെ രംഗത്തുവന്നത്.
ബില്ലില്‍ എന്തെങ്കിലും എതിര്‍പ്പോ വിമര്‍ശനങ്ങളോ ഉണ്ടെങ്കില്‍ അറിയിക്കാന്‍ സമയം നല്‍കിയിരുന്നു. നിയമപ്രകാരം പൊതുജന സമക്ഷം ഈ ബില്ലുകള്‍ വെച്ചിരുന്നു. നിരവധി എതിര്‍പ്പുകളും വന്നിരുന്നു. ആ എതിര്‍പ്പുകളെല്ലാം പഠിച്ച ശേഷമാണ് ബില്ല് കേന്ദ്രത്തിന് അയച്ചത്.
ബില്ലിനെ കുറിച്ച് ആര്‍ക്കും അറിയില്ലായിരുന്നെങ്കില്‍ ഈ എതിര്‍പ്പുകള്‍ വരില്ലായിരുന്നല്ലോ. ഈ പുതിയ നിര്‍ദേശങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ തുടങ്ങിയത് കേരളത്തില്‍ നിന്നാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കേന്ദ്ര ഭരണപ്രദേശം സ്വതന്ത്രമാണ്. അഡ്മിനിസ്ട്രേഷനെതിരെയുള്ള ക്യാംപെയ്ന്‍ നടത്തുന്നത് കേരളമാണ്, പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
ലക്ഷദ്വീപില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയും നിലവിലെ ദ്വീപ് അഡ്മിനിസ്ട്രേറ്ററുമായ പ്രഫുല്‍ പട്ടേലിനെതിരെ വലിയ പ്രതിഷേധമാണ് ഇപ്പോഴും ഉയരുന്നത്.
ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്.