കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിനെതിരെ അഴിമതി ആരോപണം. ദാമന്‍ ദിയുവിലെ ഉദ്യോഗസ്ഥരാണ് പ്രഫുല്‍ പട്ടേലിനെതിരെ അഴിമതി ആരോപണവുമായി രംഗത്തെത്തിയെത്. നിലവില്‍ ദാമന്‍ ദിയൂവിലെ കൂടി അഡ്മനിസ്‌ട്രേറ്ററാണ് പ്രഫുല്‍ പട്ടേല്‍.
ഇതുസംബന്ധിച്ച് സില്‍വാസയിലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. 400 കോടിയുടെ നിര്‍മ്മാണ കരാറുകള്‍ സ്വന്തക്കാര്‍ക്ക് നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്. അഡ്മിനിസ്‌ട്രേറ്ററുടെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കാന്‍ 17.5 കോടിരൂപ ചെലവഴിച്ചുവെന്നും പ്രധാനമന്ത്രിക്ക് നല്‍കിയ പരാതിയിലുണ്ട്.
അഡ്മിനിസ്‌ട്രേറ്റര്‍ നടത്തുന്നത് ആഡംബര യാത്രകളാണെന്ന കണക്കുകളും പുറത്തുവന്നിട്ടുണ്ട്. ലക്ഷദ്വീപില്‍ ഒരു തവണ വരാന്‍ ഖജനാവില്‍ നിന്ന് പ്രഫുല്‍ പട്ടേലിന് വേണ്ടി ചെലവഴിക്കുന്നത് 23 ലക്ഷം രൂപയിലധികമാണ്. ദ്വീപ് ഭരണകൂടമാണ് ഈ തുക വഹിക്കുന്നത്. ആറു മാസത്തിനിടെ നാല് തവണയാണ് ഇങ്ങനെ അദ്ദേഹം ദ്വീപിലേക്ക് പറന്നത്.
ഡോര്‍ണിയര്‍ വിമാനം ചാര്‍ട്ട് ചെയ്താണ് അഡ്മിനിസ്‌ട്രേറ്റര്‍ യാത്രകള്‍ ചെയ്യുന്നത്. ലക്ഷദ്വീപില്‍ ഇതുവരെയുണ്ടായ 36 അഡ്മിനിസ്‌ട്രേറ്റര്‍മാരില്‍ ആരും ഡോര്‍ണിയര്‍ വിമാനം ഉപയോഗിച്ചിരുന്നല്ല.
അതേസമയം, ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലെത്തിയിരിക്കുകയാണിപ്പോള്‍. ദ്വീപിലെ ഊര്‍ജസ്വകാര്യവത്കരണം, സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍, ഇക്കോ ടൂറിസം പദ്ധതികള്‍, എന്‍.ഐ.ഒ.ടി. പ്ലാന്റുകള്‍, കവരത്തി ഹെലിബേസ് എന്നിവയില്‍ വിവിധ വകുപ്പുമേധാവികളുമായി അദ്ദേഹം ചര്‍ച്ച നടത്തും. കവരത്തിയിലെ ആശുപത്രി നിര്‍മാണസ്ഥലം സന്ദര്‍ശിക്കും.
പ്രതിഷേധങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നതിനാല്‍ അഗത്തിയില്‍ വിമാനമിറങ്ങി കവരത്തിയിലേക്കു മാത്രമയിയിരുന്നു യാത്ര. മറ്റു ദ്വീപുകള്‍ അദ്ദേഹം സന്ദര്‍ശിക്കുന്നില്ല. അഗത്തിയില്‍നിന്ന് 20ന് തിരിച്ചുവരും.
പ്രഫുല്‍ പട്ടേല്‍ ദ്വീപിലെത്തിയ തിങ്കളാഴ്ച ദ്വീപ് നിവാസികള്‍ കരിദിനം ആചരിച്ചിരുന്നു. കറുത്ത വസ്ത്രങ്ങളും മാസ്‌കും ധരിച്ച് വീടുകളില്‍ കറുത്തകൊടി ഉയര്‍ത്തി കൈയില്‍ ‘പിറന്നമണ്ണില്‍ സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കുക’യെന്ന പ്ലക്കാര്‍ഡുകള്‍ പിടിച്ചായിരുന്നു സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Lakshadweep administrator Praful Khoda Patel accused of corruption