| Sunday, 27th June 2021, 9:21 am

'കടല്‍തീരത്തെ കെട്ടിടങ്ങള്‍ പൊളിക്കണം'; വീണ്ടും കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാനുള്ള നീക്കവുമായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കവരത്തി: ലക്ഷദ്വീപില്‍ വീണ്ടും കെട്ടിടങ്ങള്‍ പൊളിക്കാനുള്ള നീക്കവുമായി അഡ്മിനിസ്‌ട്രേഷന്‍. കടല്‍തീരത്തോട് ചേര്‍ന്ന് കിടക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാനാണ് നീക്കം.

വേലിയേറ്റ സമയത്ത് വെള്ളം എത്തുന്ന ഇടങ്ങളില്‍ നിന്നും 20 മീറ്റര്‍ ചുറ്റളവിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാനാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ നോട്ടീസ് നല്‍കിയത്. 20 മീറ്റര്‍ പരിധിയിലുള്ള കെട്ടിടങ്ങള്‍ നിയമവിരുദ്ധമാണെന്നും ഉടമകള്‍ക്ക് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു.

കവരത്തിയില്‍ നിരവധി പേര്‍ക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. നേരത്തെ ആള്‍പാര്‍പ്പില്ലാത്ത ദ്വീപുകളിലെ ഷെഡുകള്‍ പൊളിക്കാന്‍ നീക്കമാരംഭിച്ചിരുന്നു. ചെറിയം ദ്വീപിലെ ഷെഡുകള്‍ പൊളിച്ചുമാറ്റണമെന്ന് ലക്ഷദ്വീപ് ഭരണകൂടം ആവശ്യപ്പെട്ടിരുന്നു.

തേങ്ങ സൂക്ഷിക്കുന്നതിനും മത്സ്യബന്ധന ആവശ്യങ്ങള്‍ക്കുമുള്ള ഷെഡ്ഡുകള്‍ പൊളിക്കാനാണ് കല്‍പ്പേനി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ നോട്ടീസ് നല്‍കിയത്. നിര്‍മാണങ്ങള്‍ ഏഴ് ദിവസത്തിനുള്ളില്‍ പൊളിക്കണം. പൊളിച്ചില്ലെങ്കില്‍ റവന്യു വകുപ്പ് പൊളിച്ചുമാറ്റുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.

ലക്ഷദ്വീപിലെ ആള്‍താമസമില്ലാത്ത ടൂറിസം ദ്വീപില്‍ പെട്ടതാണ് ചെറിയം ദ്വീപ്. ചെറിയം ദ്വീപിന് സമീപമുള്ള കല്‍പ്പേനി ദ്വീപില്‍ വാസിക്കുന്നവരുടെ ഭൂമിയിലെ ഷെഡുകള്‍ പൊളിക്കാനാണ് നിര്‍ദേശം നല്‍കിയത്.

സ്വന്തം ഭൂമിയില്‍ നിര്‍മിച്ച ഭൂമി പൊളിച്ച് നീക്കണമെന്നും അല്ലാത്തപക്ഷം റവന്യു വകുപ്പ് പൊളിച്ചുമാറ്റുമെന്നും കല്‍പ്പേനി ബ്ലോക് ഡവലപ്‌മെന്റ് ഓഫീസര്‍ പുറപ്പെടുവിച്ച നോട്ടീസില്‍ പറയുന്നു. പൊളിച്ചുമാറ്റുന്നതിന് ഉണ്ടാകുന്ന ചെലവ് ഉടമകളില്‍ നിന്ന് ഈടാക്കുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.

നേരത്തെയും സമാന രീതിയില്‍ ലക്ഷദ്വീപ് ഭരണകൂടം മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകള്‍ മാറ്റിയിരുന്നു. ഇതിനെതിരെ ദ്വീപില്‍ വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

നേരത്തെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ പുറപ്പെടുവിച്ച രണ്ട് വിവാദ ഉത്തരവുകള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ഡയറി ഫാമുകള്‍ അടച്ചുപൂട്ടണം, സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ നിന്നും ബീഫും ചിക്കനും ഒഴിവാക്കണം തുടങ്ങിയ ഉത്തരവുകളാണ് കോടതി സ്‌റ്റേ ചെയ്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Lakshadweep administration trying to demolish coastal buildings

Latest Stories

We use cookies to give you the best possible experience. Learn more