കവരത്തി: ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേഷന്‍ പുറപ്പെടുവിച്ച രണ്ട് വിവാദ ഉത്തരവുകള്‍ക്ക് കേരള ഹൈക്കോടതിയുടെ സ്‌റ്റേ. ഡയറി ഫാം അടച്ചുപൂട്ടിയതിനും ഉച്ചഭക്ഷണത്തില്‍ നിന്ന് ബീഫ് ഒഴിവാക്കിയതുമാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.
ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്.
പ്രഫുല്‍ പട്ടേല്‍ ഏകാധിപത്യഭരണം നടത്താനാണ് ശ്രമിക്കുന്നതെന്ന് ചുമതലയേറ്റത് മുതല്‍ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്‌ട്രേറ്ററുടെ ആദ്യ നിയമപരിഷ്‌കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു. കുറ്റകൃത്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാറില്ലാത്ത ദ്വീപില്‍ ഗുണ്ടാ ആക്ട് പാസാക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നാണ് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നത്.
ലക്ഷദ്വീപിലെ പുതിയ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരേ നിലവില്‍ കേരള ഹൈക്കോടതിയില്‍ നിരവധി ഹരജികളുണ്ട്. അഡ്മിനിസ്‌ട്രേറ്ററുടെ നടപടിക്കെതിരേയുള്ള സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ഭാഗമായുള്ള നിയമനടപടികളും കേരള ഹൈക്കോടതിയിലേക്ക് വരാനിരിക്കുകയാണ്.
നേരത്തെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ലക്ഷദ്വീപ് ജനത നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ കേരളമാണെന്ന് ആരോപിച്ച് ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ രംഗത്തെത്തിയിരുന്നു. അഡ്മിനിസ്‌ട്രേഷനെതിരെ ക്യാംപെയ്ന്‍ നടത്തുന്നത് കേരളമാണെന്നാണ് ദ വീക്കിന് നല്‍കിയ അഭിമുഖത്തില്‍ പ്രഫുല്‍ പട്ടേല്‍ പറഞ്ഞത്.
ലക്ഷദ്വീപില്‍ അവതരിപ്പിച്ച ബില്ലുകള്‍ക്കെതിരെയുള്ള പ്രതിഷേധം ആരംഭിച്ചത് കേരളത്തില്‍ നിന്നാണെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്ന് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. ലക്ഷദ്വീപിലെ ഭൂമിയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്തുമ്പോഴും വികസന അതോറിറ്റിയെ സ്ഥാപിക്കുമ്പോഴും ദ്വീപിലെ ജനങ്ങളോടും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോടും ചര്‍ച്ച ചെയ്യാമായിരുന്നില്ലേ എന്ന ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് പ്രഫുല്‍ പട്ടേല്‍ കേരളത്തിനെതിരെ രംഗത്തുവന്നത്.
ബില്ലില്‍ എന്തെങ്കിലും എതിര്‍പ്പോ വിമര്‍ശനങ്ങളോ ഉണ്ടെങ്കില്‍ അറിയിക്കാന്‍ സമയം നല്‍കിയിരുന്നു. നിയമപ്രകാരം പൊതുജന സമക്ഷം ഈ ബില്ലുകള്‍ വെച്ചിരുന്നു. നിരവധി എതിര്‍പ്പുകളും വന്നിരുന്നു. ആ എതിര്‍പ്പുകളെല്ലാം പഠിച്ച ശേഷമാണ് ബില്ല് കേന്ദ്രത്തിന് അയച്ചത്.
ബില്ലിനെ കുറിച്ച് ആര്‍ക്കും അറിയില്ലായിരുന്നെങ്കില്‍ ഈ എതിര്‍പ്പുകള്‍ വരില്ലായിരുന്നല്ലോ. ഈ പുതിയ നിര്‍ദേശങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ തുടങ്ങിയത് കേരളത്തില്‍ നിന്നാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കേന്ദ്ര ഭരണപ്രദേശം സ്വതന്ത്രമാണ്. അഡ്മിനിസ്‌ട്രേഷനെതിരെയുള്ള ക്യാംപെയ്ന്‍ നടത്തുന്നത് കേരളമാണ്, പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.