മലപ്പുറം: നവോത്ഥാനമൂല്യങ്ങളുടെ സംരക്ഷണത്തിനായി സ്ത്രീലക്ഷങ്ങള്‍ അണിനിരന്ന വനിതാ മതില്‍ കേരളത്തിലുയര്‍ന്നു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് മുതല്‍ തിരുവനന്തപുരം വെള്ളയമ്പലത്തെ അയ്യന്‍കാളി പ്രതിമയ്ക്കു മുന്നില്‍ വരെ ദേശീയപാതയില്‍ 620 കിലോമീറ്റര്‍ ദൂരമാണു മതില്‍ തീര്‍ത്തത്.
വനിതാ മതിലില്‍ പങ്കെടുക്കരുതെന്ന സമുദായ സംഘടനാ നേതാക്കളുടെ എതിര്‍പ്പുകളെ അവഗണിച്ച് മലപ്പുറത്തടക്കം ലക്ഷങ്ങളാണ് മതിലില്‍ അണിനിരന്നത്. മലപ്പുറത്ത് മന്ത്രി കെ.ടി ജലീല്‍ നേതൃത്വം നല്‍കി.
നേരത്തെ വനിതാ മതിലുമായി സഹകരിക്കാനാവില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ യുവജനവിഭാഗം സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞിരുന്നു. സ്ത്രീകളെ പരസ്യമായി പൊതുനിരത്തില്‍ ഇറക്കുന്ന വനിതാമതിലുമായി സഹകരിക്കില്ലെന്നും മതത്തിന്റെ പരിധിക്കപ്പുറത്ത് സ്ത്രീകളെ കൊണ്ടുവരുന്നതിനെ അനുകൂലിക്കാനാകില്ലെന്നും അബ്ദുസമദ് പറഞ്ഞിരുന്നു.
എന്നാല്‍ സമുദായ സംഘടകളുടെ എതിര്‍പ്പുകളെ മറികടന്ന് മലപ്പുറം ജില്ലയില്‍ മുസ്‌ലിം സ്ത്രീകളുടെ വന്‍ ജനപങ്കാളിത്തമാണുണ്ടായത്.
നാലു മണിയോടെ നവോത്ഥാന പ്രതിജ്ഞയോടെയാണ് മതില്‍ ആരംഭിച്ചത്. കാസര്‍കോട് മന്ത്രി കെ. കെ. ശൈലജ നവോത്ഥാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തിരുനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍, വിഎസ് അച്യുതാനന്ദന്‍, വൃന്ദാ കാരാട്ട്, ആനി രാജ തുടങ്ങിയ പ്രമുഖരും സാമൂഹ്യ, സാംസ്‌കാരിക, സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖരും പങ്കെടുത്തു. മന്ത്രി എ.കെ ശശീന്ദ്രന്‍, നടി റിമ കല്ലിങ്കല്‍, സാമൂഹ്യ പ്രവര്‍ത്തക അജിത തുടങ്ങിയവര്‍ കോഴിക്കോട് മതിലില്‍ പങ്കാളികളായി.