| Friday, 9th August 2024, 5:32 pm

വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍ മോദി സര്‍ക്കാര്‍ വെട്ടിക്കുറച്ചത് മൂന്ന് ലക്ഷത്തിലധികം തസ്തികകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം വെട്ടിക്കുറച്ചത് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിലെ ലക്ഷക്കണക്കിന് തസ്തികകള്‍.

3,60,595 തസ്തികകളാണ് ബി.ജെ.പി സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. രാജ്യസഭയില്‍ കേരളത്തില്‍ നിന്നുള്ള സി.പി.ഐ.എം എം.പി എ.എ. റഹീം ഉന്നയിച്ച ചോദ്യത്തിന് കേന്ദ്രമന്ത്രി പെമ്മസനി ചന്ദ്രശേഖര്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.

2014ല്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലും ഏജന്‍സികളിലുമായി ആകെ 6,93,330 സ്ഥിരം തസ്തികകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ 2024 ആകുമ്പാഴേക്കും അത് 3,32,735 തസ്തികകളായി കേന്ദ്രം വെട്ടിച്ചുരുക്കി. നിലവില്‍ 77,253 തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുകയാണെന്നും കേന്ദ്രമന്ത്രി പെമ്മസനി ചന്ദ്രശേഖര്‍ പറഞ്ഞു.

തുടര്‍ന്ന് കേന്ദ്രമന്ത്രിക്കെതിരെ എം.പി എ.എ. റഹീം രൂക്ഷമായി പ്രതികരിച്ചു. തസ്തികകള്‍ വെട്ടിക്കുറച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടി രാജ്യത്തെ യുവ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എ.എ. റഹീം രാജ്യസഭയില്‍ പറഞ്ഞു. പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്ക്കരിക്കുകയും സ്ഥിരം തൊഴിലുകള്‍ ഇല്ലാതാക്കുകയും ചെയുന്ന മോദി ഗ്യാരന്റിയുടെ തുടര്‍ച്ചയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒഴിഞ്ഞു കിടക്കുന്ന 77,253 തസ്തികകളിലേക്ക് ഉടന്‍ നിയമനം നടത്തണമെന്നും എ.എ. റഹീം ആവശ്യപ്പെട്ടു.

അതേസമയം കേന്ദ്ര സര്‍ക്കാരിനെതിരെയും വാര്‍ത്താവിനിമയ മന്ത്രാലയത്തിനെതിരെയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ദിവസങ്ങള്‍ക്ക് മുമ്പ് രംഗത്തെത്തിയിരുന്നു. പ്രക്ഷേപണ ബില്‍ നടപ്പിലാക്കി രാജ്യത്തെ മാധ്യമങ്ങളുടെ വായടിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രക്ഷേപണ ബില്‍ പൂര്‍ണമായും അസ്വീകാര്യമാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടിയിരുന്നു.

2023ലെ ബ്രോഡ്കാസ്റ്റിങ് സര്‍വീസ് റെഗുലേഷന്‍ ബില്‍ അവതരിപ്പിച്ച് മാധ്യമ സ്ഥാപനങ്ങളെ പൂട്ടാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് പ്രിയങ്ക പറഞ്ഞത്. ഈ നീക്കം രാജ്യത്തെ ഡിജിറ്റല്‍ മീഡിയ, സോഷ്യല്‍ മീഡിയ, ഓവര്‍-ദി ടോപ്പ് പ്ലാറ്റ്‌ഫോമുകള്‍, സ്വതന്ത്ര മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ ബാധിക്കുമെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: Lakhs of posts in Union Ministry of Communications cut after NDA government came to power

We use cookies to give you the best possible experience. Learn more