വീരോചിതം; നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഭീമ കൊറേഗാവ് പോരാട്ടത്തിന്റെ സ്മരണ പുതുക്കി ജനലക്ഷങ്ങള്‍
national news
വീരോചിതം; നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഭീമ കൊറേഗാവ് പോരാട്ടത്തിന്റെ സ്മരണ പുതുക്കി ജനലക്ഷങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd January 2022, 9:22 am

പൂനെ: ഭീമ കൊറേഗാവ് വിജയത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ജനുവരി ഒന്ന്, ശനിയാഴ്ച, മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ജയസ്തംഭ് സൈനിക സ്മാരകത്തില്‍ ആദരാഞ്ജലികളര്‍പ്പിച്ച് ജനലക്ഷങ്ങള്‍. ഭീമ കൊറേഗോവ് ഏറ്റുമുട്ടലിന്റെ 204ാമത് വാര്‍ഷികാഘോഷമാണ് ശനിയാഴ്ച ‘ഭീമ കൊറേഗാവ് വിജയ് ദിവസി’ല്‍ സമുചിതമായി സംഘടിപ്പിച്ചത്.

2018ലെ ഭീമ കൊറേഗാവ് സംഭവത്തിന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവിടെ ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പിക്കുന്നത്. ഭീമ കൊറേഗാവ് വിജയത്തിന്റെ 200ാം വാര്‍ഷികം ആഘോഷിക്കാനെത്തിയവരുടെ ഇടയിലേക്ക് ആര്‍.എസ്.എസ് പ്രവര്‍ത്തകരും സവര്‍ണഹിന്ദു വിഭാഗത്തിലുള്ളവരും ഇരച്ചെത്തി സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു.

സംഭവത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നിരവധി സാമൂഹ്യപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഇതിന് ശേഷം എല്ലാ ജനുവരി ഒന്നാം തീയ്യതിയും ജയസ്തംഭത്തിനും പരിസരപ്രദേശങ്ങളിലും പൊലീസ് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. പെര്‍നെ, ഭീമ കൊറേഗാവ്, വാധു ബുദ്രുക് തുടങ്ങിയ സ്ഥലങ്ങളില്‍ ഏകദേശം 5,000ത്തോളം പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്.

ജാതീയതയ്‌ക്കെതിരെയുള്ള ദളിത് വിഭാഗത്തിന്റെ വിജയത്തിന്റെ അടയാളമായാണ് ഭീമ കൊറേഗാവ് കണക്കാക്കപ്പെടുന്നത്.

1818 ജനുവരി ഒന്നിനാണ് ‘ജാതീയതയില്‍ നിന്നും സ്വാതന്ത്യത്തിനായുള്ള യുദ്ധം’ എന്ന  വിശേഷിപ്പിക്കപ്പെട്ട ഭീമ കൊറേഗാവ് ഏറ്റുമുട്ടല്‍ നടന്നത്. 28,000ത്തോളം വരുന്ന സവര്‍ണരായ പെഷവാസ് എന്ന ബ്രാഹ്‌മണ വിഭാഗത്തെ ദളിത് വിഭാഗമായ മഹര്‍ സമൂഹത്തിലെ കേവലം 500 പടയാളികള്‍ ചേര്‍ന്ന് തോല്‍പ്പിക്കുകയും ജാതിയില്‍ നിന്നും അയിത്തത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയുമായിരുന്നു.

ഈ വിജയത്തിന്റെ സ്മരണാര്‍ത്ഥമായാണ് 1821ല്‍ ജയസ്തംഭം സ്ഥാപിച്ചത്.

Bhima Koregaon case: Maharashtra government holds review meeting with cops | India News | Zee News

സവര്‍ണവിഭാഗത്തിന്റെ ചൂഷണത്തിനെതിരെ രാജ്യത്താകമാനമുള്ള പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരുന്നതുമായിരുന്നു ഭീമ കൊറേഗാവ് ഏറ്റുമുട്ടല്‍.

ശനിയാഴ്ച നടന്ന ചടങ്ങില്‍ നിരവധി പ്രമുഖരായിരുന്നു ജയസ്തംഭത്തില്‍ ആദരവര്‍പ്പിക്കാന്‍ എത്തിയിരുന്നത്. ഉപമുഖ്യമന്ത്രിയും  ജില്ലയുടെ ചുമതലക്കാരനുമായ അജിത് പവാര്‍, സംസ്ഥാന സാമൂഹ്യനീതി വകുപ്പ് മന്ത്രി ധനഞ്ജയ് മുണ്ഡേ, ഊര്‍ജവകുപ്പ് മന്ത്രി നിതിന്‍ റാവത്, മുതിര്‍ന്ന ദളിത് നേതാവും വഞ്ചിത് ബഹുജന്‍ അഖാഡിയുടെ മുന്നണി പോരാളിയുമായ പ്രകാശ് അംബേദ്കര്‍, റിപ്പബ്ലിക് സേന നേതാവ് അനന്ദ്‌രാജ് അംബേദ്കര്‍, കേന്ദ്ര മന്ത്രി രാംദാസ് അതാവാലെ, ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയവരും ജയസ്തംഭത്തില്‍ ആദരാഞ്ജലികളര്‍പ്പിച്ചു.

bhimakoregaon - Twitter Search / Twitter

കൊവിഡ് വ്യാപനവും ഒമിക്രോണും കണക്കിലെടുത്ത് കര്‍ശന നിയന്ത്രണങ്ങളും സര്‍ക്കാര്‍ ഒരുക്കിയിരുന്നു. എന്നാല്‍, ലക്ഷക്കണക്കിന് ആളുകളാണ് വിജയദിവസില്‍ തങ്ങളുടെ പൂര്‍വികരായ പോരാളികള്‍ക്ക് ആദരവര്‍പ്പിക്കാനായി ഇവിടെ എത്തിയത്.

കഴിഞ്ഞവര്‍ഷം കൊവിഡ് ഭീതി കണക്കിലെടുത്ത് സര്‍ക്കാര്‍ ജയസ്തംഭം സന്ദര്‍ശിക്കാനും ആദരാഞ്ജലികളര്‍പ്പിക്കാനും വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പ്രതീകാത്മകമായ പരിപാടികള്‍ മാത്രമായിരുന്നു നടന്നിരുന്നത്.

എന്നാല്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കു പ്രകാരം രണ്ട് മുതല്‍ മൂന്ന് ലക്ഷം ആളുകള്‍ വരെ ഇവിടെയെത്തിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഡിസംബര്‍ 31 രാത്രി മുതല്‍ ജനുവരി ഒന്ന് വൈകീട്ട് വരെ സംസ്ഥാനത്താകമാനമുള്ള അംബേദ്കറൈറ്റുകളടക്കമുള്ളവര്‍ ഇവിടെയെത്തി ആദരാഞ്ജലികളര്‍പ്പിച്ചു എന്നാണ് കണക്കുകള്‍.

മഹാരാഷ്ട്ര സര്‍ക്കാരും സാമൂഹ്യനീതി വകുപ്പും സംയുക്തമായാണ് ഇത്തവണത്തെ വിജയാഘോഷം സംഘടിപ്പിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Lakhs of People Visit Bhima Koregaon  War Memorial In Pune