എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത് സര്‍ക്കാര്‍ കോളേജ് അധ്യാപകര്‍; ശക്തമായ അന്വേഷണത്തിന് ഉത്തരവിട്ട് തമിഴ്‌നാട് സര്‍ക്കാര്‍
ചെന്നൈ: എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികളില്‍ നിന്നും അനധികൃതമായി ലക്ഷങ്ങള്‍ പിരിച്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് ഡോ.എം.ജി.ആര്‍. മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
സ്റ്റാന്‍ലി മെഡിക്കല്‍ കോളേജിലാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് പല കാരണങ്ങള്‍ പറഞ്ഞ് പണം ഈടാക്കിയത്. ഡിപ്പാര്‍ട്ടുമെന്റുകളോടുള്ള കടപ്പാട്, പുറത്തുനിന്നുമുള്ള എക്‌സാമിനേഴ്‌സിന് താമസവും ഭക്ഷണവും ഒരുക്കല്‍ തുടങ്ങിയവക്കാണ് പണം അടക്കണമെന്ന് ആവശ്യപ്പെട്ടത്. 22 ലക്ഷം തുകയാണ് ഇത്തരത്തില്‍ ഈടാക്കിയത്.
യൂണിവേഴ്‌സിറ്റി നടത്തിയ അന്വേഷണത്തിലാണ് ഈ ക്രമക്കേടുകളും തട്ടിപ്പും കണ്ടെത്തിയത്. സ്റ്റാന്‍ലി കോളേജില്‍ നിന്നുള്ള ഇന്റേണല്‍ എക്‌സാമിനേഴ്‌സിനെ പരീക്ഷാ പാനലില്‍ നിന്നും യൂണിവേഴ്‌സിറ്റി ഒഴിവാക്കി. അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ അധ്യാപകരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
‘യൂണിവേഴ്‌സിറ്റിയോട് നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരീക്ഷയിലെ ക്രമക്കേടുകള്‍ വെച്ചുപൊറുപ്പിക്കാനാവില്ല. ഈ പ്രശ്‌നത്തിന്റെ എല്ലാ വശങ്ങളും കണ്ടെത്തിയിരിക്കും.
ഇത് ഒറ്റപ്പെട്ട സംഭവമാണോ അതോ എല്ലാ കോളേജുകളിലും ഇത്തരം കാര്യങ്ങള്‍ നടക്കുന്നുണ്ടോയെന്നും അന്വേഷിച്ചിരിക്കും. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഒരു തരത്തിലും രക്ഷപ്പെടാന്‍ അനുവദിക്കില്ല,’ തമിഴ്‌നാട് ആരോഗ്യ വിഭാഗം സെക്രട്ടറി ജെ. രാധാകൃഷ്ണന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
പണം അടച്ചില്ലെങ്കില്‍ പരീക്ഷകളില്‍ തോല്‍പ്പിക്കുമെന്ന രീതിയില്‍ പരോക്ഷമായി ഭീഷണിപ്പെടുത്തിയാണ് തുക ഈടാക്കിയതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഏപ്രില്‍ 29 മുതല്‍ മെയ് എട്ട് വരെ നടന്ന പരീക്ഷകള്‍ക്ക് മുന്നോടിയായാണ്് സംഭവം നടന്നത്. അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് മെസേജ് വരികയായിരുന്നു.
10,000 രൂപയെങ്കിലും അടക്കണമെന്നായിരുന്നു മെസേജ്. 250 അവസാന വര്‍ഷ വിദ്യാര്‍ത്ഥികളാണ് കോളേജിലുണ്ടായിരുന്നത്. ഇതില്‍ 220 പേരെങ്കിലും തുക അടച്ചുവെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
തുക അടക്കാത്തതിനാല്‍ തന്നെ തോല്‍പ്പിച്ചുവെന്ന് ഒരു വിദ്യാര്‍ത്ഥിയുടെ പരാതി ലഭിച്ചുവെന്ന് എം.ജി.ആര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സുധ ശേഷയ്യന്‍ അറിയിച്ചിട്ടുണ്ട്.