| Monday, 4th October 2021, 8:47 am

ലഖിംപൂര്‍ പ്രതിഷേധം; കര്‍ഷകരെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഗാന്ധി അറസ്റ്റില്‍, ചന്ദ്രശേഖര്‍ ആസാദും പൊലീസ് കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടംബത്തെ കാണാനെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അറസ്റ്റിലെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇത് കര്‍ഷകരുടെ രാജ്യമാണെന്നും കര്‍ഷകരെ കാണുന്നതില്‍ നിന്ന് എന്തിനു തടയുന്നെന്നും കഴിഞ്ഞ ദിവസം രാത്രി ലഖ്‌നൗവില്‍ എത്തിയ പ്രിയങ്ക ചോദിച്ചിരുന്നു. കര്‍ഷകരുടെ ശബ്ദം കൂടുതല്‍ ശക്തമാവുമെന്നും പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

നേരത്തെ ലഖിംപൂരിലേക്ക് യാത്ര തിരിച്ച പ്രിയങ്കയുടെ വാഹനം പൊലീസ് തടഞ്ഞിരുന്നു. എന്നാല്‍ താന്‍ നടന്നുപോകുമെന്ന് പ്രഖ്യാപിച്ചതോടെ വാഹനം കടത്തിവിടാന്‍ പൊലീസ് അനുവദിച്ചു.

ഇതിനിടെ പ്രിയങ്ക ലഖിംപൂരിലെത്തിയെന്ന് എ.ഐ.സി.സി ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്‌തെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ശ്രിനിവാസ് ബി.വി ട്വിറ്ററിലൂടെ പറഞ്ഞു.

പ്രിയങ്കയെ അറസ്റ്റ് ചെയ്‌തെന്ന് യു.പി കോണ്‍ഗ്രസ് ഘടകവും സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ സീതാപൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കര്‍ഷകരുടെ പ്രതിഷേധം ശക്തമായതോടെ പ്രദേശത്ത് ഇന്റര്‍നെറ്റ് നിരോധിച്ചിരിക്കുകയാണ്.

ബി.എസ്.പി നേതാക്കളെയും ലഖിംപുര്‍ ഖേരിയിലേക്ക് പോകുന്നതില്‍ നിന്ന് യു.പി പൊലീസ് തടഞ്ഞിട്ടുണ്ട്. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും കസ്റ്റഡിയിലാണ്.

കഴിഞ്ഞ ദിവസമാണ് കാര്‍ഷിക ബില്ലുകള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് കാര്‍ ഇടിച്ചു കയറിയത്. നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്.

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു. അജയ് മിശ്രയെ മോദി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കര്‍ഷകരുടെ വാദം തള്ളി അജയ് മിശ്ര രംഗത്ത് എത്തിയിരുന്നു. തന്റെ മകന്‍ അപകടം നടക്കുമ്പോള്‍ സ്ഥലത്ത് ഇല്ലായിരുന്നെന്നും മകനല്ല വണ്ടി ഓടിച്ചതെന്നുമാണ് മന്ത്രി പറയുന്നത്. കര്‍ഷകരുടെ കല്ലേറില്‍ വാഹന വ്യൂഹത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നും അജയ് മിശ്ര പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സംഭവമെന്നത് ബി.ജെ.പിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അപകടത്തില്‍ എട്ട് പേര്‍ മരിച്ചെന്നാണ്് ലഖിംപൂര്‍ എ.എസ്.പി മാധ്യമങ്ങളോട് പറഞ്ഞത്. നാല് പേര്‍ സമരത്തിന് എത്തിയ കര്‍ഷകരും നാല് പേര്‍ കാറിലുണ്ടായിരുന്നവരുമാണെന്നാണ് പൊലീസ് പറയുന്നത്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജ്യ മിശ്രയും പങ്കെടുത്ത ചടങ്ങിലേക്ക് കര്‍ഷകര്‍ പ്രതിഷേധിച്ചെത്തിയത്. ഉപമുഖ്യമന്ത്രി ഇറങ്ങാന്‍ തയ്യാറാക്കിയ ഹെലിപാഡില്‍ ട്രാക്ടറുകള്‍ കയറ്റിയിട്ട് കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. പിന്നാലെ പരിപാടി സ്ഥലത്തേക്കെത്തിയ കേന്ദ്ര സഹമന്ത്രിയുടെ വാഹനം തടഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്.

രാജ്യവ്യാപകമായി പ്രതിഷേധത്തിന് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. മരിച്ച കര്‍ഷകരുടെ മൃതദേഹവുമായി റോഡ് ഉപരോധിക്കുകയാണ് കര്‍ഷകര്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Lakhimpur protest;Priyanka Gandhi arrested for visiting farmers, Chandrasekhar Azad in police custody

We use cookies to give you the best possible experience. Learn more