ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറി കൊല്ലപ്പെട്ട കര്‍ഷകരുടെ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് കുടുംബം.
കര്‍ഷകരായ നക്ഷത്ര സിംഗ്, ദല്‍ജീത് സിംഗ്, ലവേപ്രീത് സിംഗ്, ഗുര്‍വീന്ദര്‍ സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ദല്‍ജീത് സിങ്ങിന്റെ കുടുംബാംഗങ്ങളാണ് മൃതദേഹത്തില്‍ വെടി കൊണ്ട പാടുകള്‍ ഉണ്ടെന്ന് ആരോപിച്ചത്.
നിലവില്‍ ലഭിച്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെട്ടന്നുണ്ടായ ആഘാതം, അമിത രക്തസ്രാവം എന്നിവയാണ് മരണകാരണമായി കാണിച്ചിരിക്കുന്നത്. മൃതദേഹത്തില്‍ വെടികൊണ്ട പാടുകളോ വെടിയുണ്ടകളോ ഇല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ട്.
എന്നാല്‍ ഇത് തെറ്റാണെന്നും ദല്‍ജിത് സിംഗിന്റെ മൃതദേഹം മറ്റൊരു സംസ്ഥാനത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തണമെന്നാണ് കുടുംബം പറയുന്നത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് കാര്‍ ഇടിച്ചു കയറിയത്.
നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്.
സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയടക്കം 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, കലാപമുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.