ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; മുന്‍ കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയ്ക്ക് ജാമ്യം
national news
ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; മുന്‍ കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയ്ക്ക് ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd July 2024, 3:28 pm

ന്യൂദൽഹി: കർഷകരെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ  മുൻ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ. കെ. മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചത്. എട്ട് ആഴ്ചത്തേക്ക് ഉപാധികളോടെയാണ് ജാമ്യം.

2021 ഒക്ടോബർ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. കേന്ദ്ര സർക്കാർ കൊണ്ട് വന്ന കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് നേരെ ആശിഷ് മിശ്ര വാഹനം ഓടിച്ച് കയറ്റുകയായിരുന്നു. ഒരു മാധ്യമ പ്രവർത്തകനടക്കം എട്ട് പേരാണ് സംഭവത്തിൽ മരിച്ചത്. കൊലപാതകം നടന്ന് ആറു ദിവസത്തിന് ശേഷമാണ് പൊലീസ് മിശ്രയെ അറസ്റ്റ് ചെയ്തത്.

മിശ്രയുടെ വിചാരണ വേളയിൽ സാക്ഷികളുടെ സാന്നിധ്യം ഉറപ്പാക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ പബ്ലിക് പ്രോസിക്യൂട്ടറോടും ലോക്കൽ പൊലീസിനോടും കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ, 117 സാക്ഷികളിൽ ഏഴുപേരെ ഇതുവരെ വിസ്തരിച്ചതിനാൽ വിചാരണ നടപടികൾ വേഗത്തിലാക്കണമെന്ന് കോടതി ഇന്നത്തെ ഉത്തരവിൽ വ്യക്തമാക്കി.

19 മാസത്തിനിടെ ഏഴ് സാക്ഷികളെ മാത്രമാണ് വിസ്തരിച്ചത് എന്ന് ഇരകൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ബെഞ്ചിനെ അറിയിച്ചു. മിശ്രയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ ദവെ ആണ് ഹാജരായത്.

2022 ഫെബ്രുവരി 10 ന് അലഹബാദ് ഹൈക്കോടതി മിശ്രയ്ക്ക് ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും 2022 ഏപ്രിലിൽ അന്നത്തെ ചീഫ് ജസ്റ്റിസ് എൻ. വി. രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് അത് റദ്ദാക്കുകയായിരുന്നു. സുപ്രീം കോടതി റിമാൻഡ് ചെയ്തതിനെ തുടർന്ന് ജൂലൈ 26ന് കേസ് വീണ്ടും പരിഗണിച്ച ശേഷം ഹൈക്കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

Content Highlight: Lakhimpur Kheri violence: Supreme Court grants bail to ex-Union minister’s son Ashish Mishra