| Sunday, 10th October 2021, 8:39 am

കര്‍ഷക കൊലപാതകം: കേന്ദ്രമന്ത്രിയുടെ മകന്‍ റിമാന്‍ഡില്‍; മന്ത്രിയുടേയും മകന്റേയും നുണക്കഥകള്‍ പൊളിഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതി ആശിഷ് മിശ്രയെ റിമാന്‍ഡ് ചെയ്തു. രണ്ട് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

ആവശ്യത്തിന് തെളിവുകള്‍ ഉണ്ടായിട്ടും ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാന്‍ വൈകിപ്പി ക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

സംഭവ സമയത്ത് സ്ഥലത്തില്ലെന്നായിരുന്നു ഇയാളുടെ  വാദം. എന്നാല്‍ മൊബൈല്‍ ടവര്‍ ലൊക്കേഷനില്‍ നിന്ന് ഇത് കളവാണെന്ന് വ്യക്തമായി. സംഭവസ്ഥലത്ത് ആശിഷ് ഉണ്ടായിരുന്നുവെന്ന് ടവര്‍ ലൊക്കേഷനില്‍ നിന്ന് വ്യക്തമായി. വാഹനം ഓടിച്ചത് തന്റെ ഡ്രൈവറല്ലെന്ന വാദവും പൊളിഞ്ഞു. തുടക്കം മുതല്‍ക്കുതന്നെ മകന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നായിരുന്നു കേന്ദ്രമന്ത്രി അജയ് മിശ്രയ പറഞ്ഞത്. എന്നാല്‍ ആശിഷിനെ ചോദ്യം ചെയ്തതില്‍ നിന്ന് ഇത് കളവാണെന്ന്  ബോധ്യമായി.

10 മണിക്കൂറിലേറേ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ കാര്‍ കയറ്റി കൊലപ്പെടുത്തിയ  ആശിഷ് മിശ്ര അറസ്റ്റിലായത്.

കൊലപാതകം, ഗൂഢാലോചന, കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കര്‍ഷകര്‍ക്ക് ഇടയിലേക്ക് വാഹനം ഇടിച്ചു കയറ്റി എന്നിങ്ങനെ എട്ടോളം വകുപ്പുകളാണ് ആശിഷിനെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളെ റിമാന്‍ഡ് ചെയ്തു.

കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്കാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റിയത്.

നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ കേന്ദ്രമന്ത്രിയുടെ മകനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരുന്നു. കര്‍ഷകരെ ഇടിച്ചുകൊന്ന വാഹനത്തിനുള്ളില്‍ മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉണ്ടായിരുന്നെന്നാണ് എഫ്.ഐ.ആറില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആശിഷ് മിശ്ര കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തതായും എഫ്.ഐ.ആറില്‍ പറയുന്നു. കര്‍ഷകര്‍ക്കെതിരെ നടന്ന ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ളതാണെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Lakhimpur Kheri Updates: Union minister Ajay Misra’s son Ashish Misra arrested

We use cookies to give you the best possible experience. Learn more