ന്യൂദല്‍ഹി: ലഖിംപൂര്‍ഖേരി കര്‍ഷക കൊലപാതകം അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ റിട്ടയേര്‍ഡ് പഞ്ചാബ് -ഹരിയാന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രാകേഷ് കുമാര്‍ ജെയിനെ സുപ്രീം കോടതി നിയോഗിച്ചു. ജഡ്ജിയുടെ നിരീക്ഷണത്തില്‍ എസ്.ഐ.ടി കേസില്‍ അന്വേഷണം നടത്തും.
കേസന്വേഷണത്തിന് മൂന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെയും കോടതി നിയോഗിച്ചിട്ടുണ്ട്.
കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.
ആശിഷ് മിശ്രയെ ഒക്ടോബര്‍ 9നാണ് അറസ്റ്റ് ചെയ്യുന്നത്.