ലഖ്‌നൗ: ലഖിംപൂര്‍ ഖേരി കൊലക്കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്‌ക്കെതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ചു. ഉത്തര്‍പ്രദേശ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് പ്രാദേശിക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
കോടതി കുറ്റപത്രം അംഗീകരിച്ചാല്‍, കോടതി പറയുന്ന തിയ്യതിയില്‍ കേസിന്റെ വിചാരണ ആരംഭിക്കും.
കര്‍ഷകര്‍ക്കും മാധ്യമപ്രവര്‍ത്തകനും നേരെയുണ്ടായ ആക്രമണത്തില്‍ ഉള്‍പ്പെട്ട എസ്.യു.വികളിലൊന്നിനുള്ളില്‍ മന്ത്രി അജയ് മിശ്രയുടെ മകന്‍ ഉണ്ടായിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു.
സംഭവസമയത്ത് ആശിഷ് എസ്.യു.വിയിലോ സ്ഥലത്തോ ഉണ്ടായിരുന്നില്ലെന്ന് മന്ത്രിയും മകനും കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഒന്നിലധികം തവണ അവകാശപ്പെട്ടിരുന്നു.
‘കുറ്റപത്രം സമര്‍പ്പിച്ചു, എന്നാല്‍ ഞങ്ങള്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തപ്പോള്‍, ഞങ്ങള്‍ നല്‍കിയ പരാതിയില്‍ അജയ് മിശ്രയുടെ പേരും ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പേര് എഫ്.ഐ.ആറില്‍ പൊലീസ് ഉള്‍പ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്താന്‍ ഞങ്ങള്‍ എസ്.ഐ.ടിക്ക് നിവേദനം നല്‍കിയിരുന്നുവെങ്കിലും അതില്‍ നടപടിയൊന്നും ഉണ്ടായിട്ടില്ല.
സംഭവത്തില്‍ ശരിയായ അന്വേഷണം നടന്നതായി ഞങ്ങള്‍ക്ക് തോന്നുന്നില്ല. മന്ത്രിയുടെ പേരിലാണ് ഥാര്‍ എസ്.യു.വി ഉണ്ടായിരുന്നത്. പക്ഷേ അദ്ദേഹത്തിന്റെ പേര് എവിടെയും വെളിപ്പെടുത്തിയിട്ടില്ല. ശരിയായ അന്വേഷണം ആവശ്യപ്പെട്ട് ഞങ്ങള്‍ക്ക് കോടതിയില്‍ പോകുകയാണ്. ഇതുവരെയുള്ള അന്വേഷണത്തില്‍ ഞങ്ങള്‍ തൃപ്തനല്ല,’ കര്‍ഷകരുടെ അഭിഭാഷകനായ മുഹമ്മദ് അമന്‍ പറഞ്ഞു.
കര്‍ഷകരെയും മാധ്യമപ്രവര്‍ത്തകനെയും കൊലപ്പെടുത്തിയത് അശ്രദ്ധമൂലമുള്ള മരണമല്ലെന്നും ആസൂത്രിത സംഭവമാണെന്നും കഴിഞ്ഞ മാസം എസ്.ഐ.ടി നിയുക്ത പ്രാദേശിക കോടതിയെ അറിയിച്ചിരുന്നു.
സംഭവസമയത്ത് ആശിഷ് മിശ്ര സ്ഥലത്തുണ്ടായിരുന്നുവെന്നും ഇത് കേസ് ഡയറിയിലുണ്ടെന്നും ദൃക്സാക്ഷികള്‍ പറഞ്ഞിട്ടുള്ളതായി സീനിയര്‍ പ്രോസിക്യൂഷന്‍ ഓഫീസര്‍ എസ്.പി യാദവ് ലഖിംപൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ലഖിംപൂര്‍ കേസില്‍ പൊലീസും സര്‍ക്കാരും അലംഭാവം കാണിക്കുന്നുണ്ടെന്ന് വ്യക്തമാക്കി സുപ്രീം കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
കേസിന്റെ തുടക്കം മുതല്‍ തന്നെ ആശിഷിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു യു.പി പൊലീസിന്റെത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍, നടന്നത് അപകടമാണെന്ന രീതിയില്‍ അന്വേഷണം മുന്നോട്ട് പോയപ്പോള്‍ സുപ്രീം കോടതി ഇടപെടുകയും ശക്തമായ അന്വേഷണം വേണമെന്നാവശ്യപ്പെടുകയുമായിരുന്നു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്കാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റിയത്.
നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ കേന്ദ്രമന്ത്രിയുടെ മകനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരുന്നു. കര്‍ഷകരെ ഇടിച്ചുകൊന്ന വാഹനത്തിനുള്ളില്‍ മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉണ്ടായിരുന്നെന്നാണ് എഫ്.ഐ.ആറില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ആശിഷ് മിശ്ര കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തതായും എഫ്.ഐ.ആറില്‍ പറയുന്നു. കര്‍ഷകര്‍ക്കെതിരെ നടന്ന ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ളതാണെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്.
അന്വേഷണം വാക്കുകളില്‍ മാത്രമൊതുങ്ങിയെന്നും നടപടിയുണ്ടായില്ലെന്നും പറഞ്ഞ കോടതി സര്‍ക്കാരില്‍ നിന്നും പൊലീസില്‍ നിന്നും കൂടുതല്‍ ഉത്തരവാദിത്ത പൂര്‍ണമായ സമീപനം പ്രതീക്ഷിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Lakhimpur Kheri incident; Police have filed a chargesheet against Ashish Mishra