ദല്‍ഹി: ഒരു വര്‍ഷത്തോളമായി നടന്ന വ്യാപക പ്രതിഷേധത്തിനും കര്‍ഷക രോഷത്തിനുമൊടുവില്‍ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. കര്‍ഷകരോട് ക്ഷമ ചോദിച്ചുകൊണ്ട് സംസാരിച്ച മോദി ഗുരുനാനാക്ക് ജയന്തി ദിവസമാണ് സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്.
‘ഇന്ത്യയോടും കര്‍ഷകരോടും ക്ഷമ ചോദിക്കുകയാണ്. കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരെ പറഞ്ഞ് മനസിലാക്കാന്‍ സാധിച്ചില്ല. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ മാസം തുടങ്ങുന്ന പാര്‍ലമെന്റ് സെഷനില്‍ അതിന്റെ നടപടി ക്രമങ്ങള്‍ ആരംഭിക്കും’ മോദി പറഞ്ഞു.
ഉത്തര്‍ പ്രദേശും, ഹരിയാനയും ഉള്‍പ്പെടെയുള്ള 5 സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക തീരുമാനമെന്നതും ശ്രദ്ധേയമാണ്. ഒരു വര്‍ഷത്തലധികമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന കര്‍ഷക സമരത്തിന്റെ ഗതി നിര്‍ണയിച്ച സംഭവവികാസങ്ങളിലൂടെ
പ്രക്ഷോഭമായി മാറിയ ട്രാക്ടര്‍ റാലി
മൂന്ന് കാര്‍ഷിക നിയമങ്ങളുടെ പ്രഖ്യാപനത്തിലൂടെ രാജ്യത്തുടനീളമുള്ള കര്‍ഷകരുടെ രോഷം മോദി ഗവണ്‍മെന്റിനെതിരെ തിരിയുകയായിരുന്നു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം പിന്നീട് കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ അക്രമസക്തമായി മാറുന്നതിനും രാജ്യം സാക്ഷ്യം വഹിച്ചു.
ദല്‍ഹിയില്‍ റിപ്പബ്ലിക് ദിനത്തില്‍ സമധാനപരമായി നീങ്ങിയ കര്‍ഷകരുടെ ട്രാക്ടര്‍ റാലി ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അക്രമാസക്തമാവുകയും ഒരു വിഭാഗം പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ ഭേദിച്ച് റാലിക്ക് അനുമതിയില്ലാത്ത ഭാഗങ്ങളിലേക്കും കടക്കുകയും ചെയ്തു.
അധികം വൈകാതെ തന്നെ ഇത് പൊലീസും കര്‍ഷകരും തമ്മിലുള്ള സംഘര്‍ഷമായി മാറി. പൊലീസ് കര്‍ഷകര്‍ക്കെതിരെ ലാത്തിചാര്‍ജ് നടത്തുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. അക്രമം അഴിച്ചു വിട്ട വിഭാഗം ചെങ്കോട്ടയില്‍ കയറി സിഖ് പതാക ഉയര്‍ത്തി.
എന്നാല്‍ കര്‍ഷകസമരത്തില്‍ നുഴഞ്ഞു കയറി കലാപം അഴിച്ചു വിട്ടവര്‍ സംഘപരിവാര്‍ അനുകൂലികളാണെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ ആ ഘട്ടത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു. അക്രമത്തിന് നേതൃത്വം നല്‍കിയ പഞ്ചാബി നടന്‍ ദീപ് സിദ്ദു ബി.ജെ.പി അനുഭാവിയാണെന്ന് അതിന് ശേഷം തെളിയുകയും നരേന്ദ്രമോദിക്കൊപ്പമുളള ഇയാളുടെ ചിത്രം വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയില്‍ കര്‍ഷകരെ കാറോടിച്ച് കയറ്റി കൊലപ്പെടുത്തിയ സംഭവം രാജ്യമെമ്പാടും ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്. കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് കേന്ദമന്ത്രി അജയ് മിശ്രക്കെതിരെ പ്രതിഷേധിക്കാന്‍ വന്ന കര്‍ഷകര്‍ മന്ത്രിയെ കാണാതെ മടങ്ങുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ മകന്‍ ആശിഷ് മിശ്രയുടെ കാര്‍ കര്‍ഷകര്‍ക്കിടയിലേക്ക് ഓടിച്ച് കയറ്റിയത്.
നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും ഈ സംവത്തില്‍ മരിക്കുകയും രണ്ട് ബി.ജെ.പി പ്രവര്‍ത്തകരും കാറിന്റെ ഡ്രൈവറും കൊല്ലുപ്പെടുകയും ചെയ്തിരുന്നു. വാഹനത്തിനെതിരെ കല്ലേറുണ്ടായി നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം നടന്നതെന്നാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ ന്യായീകരിച്ചത്. എന്നാല്‍ കാര്‍ കര്‍ഷകര്‍ക്കിടയിലേക്ക് ഓടിച്ച് കയറ്റുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ബി.ജെ.പിയുടെ വാദം പൊളിഞ്ഞു.
ബി.ജി.പിയെ വെല്ലുവിളിച്ച മഹാപഞ്ചായത്തുകള്‍
ബി.ജെ.പി സര്‍ക്കാരുകളെ വെല്ലുവിളിച്ച് കൊണ്ട് മുസാഫര്‍നഗറിലും, കര്‍ണാലിലുമുള്‍പ്പെടെ 16 ഇടങ്ങളില്‍ മഹാപഞ്ചായത്ത് നടത്താനാണ് സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചത്. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് ശക്തി പകരാന്‍ രൂപീകരിച്ച ‘ഉത്തര്‍പ്രദേശ്- ഉത്തരാഖണ്ഡ് മിഷന്‍’ ബി.ജെ.പി സര്‍ക്കാരുകളെ വിറപ്പിച്ചിരുന്നു.
വര്‍ഗീയ കലാപത്തിന് പേര് കേട്ട മുസാഫിര്‍ നഗറില്‍ നടന്ന മഹാപഞ്ചായത്തില്‍ അല്ലാഹു അക്ബറും ഹര്‍ ഹര്‍ മഹാദേവും ജനങ്ങളെ കൊണ്ട് വിളിപ്പിച്ച ടിക്കായത്ത് ബി.ജെ.പിയുടെ വര്‍ഗീയ കാര്‍ഡിന് നല്‍കിയ മുന്നറിയിപ്പ് കൂടിയായിരുന്നു അത്. 5 ലക്ഷത്തോളം കര്‍ഷകരായിരുന്നു മുസാഫര്‍നഗറിലെ മഹാപഞ്ചായത്തിലേക്ക് ഒഴുകിയത്. മുസ്‌ലിം-ഹിന്ദു ഐക്യം തകര്‍ത്ത് അധികാരം പിടിച്ചെടുത്ത യു.പിയില്‍ ബി.ജെ.പിയുടെ പ്രധാന വോട്ട് ബാങ്കുകളിലൊന്നായിരുന്നു ജാട്ട് വിഭാഗം. വര്‍ഗീയകലാപത്തിന്റെ ഓര്‍മകള്‍ പേറുന്ന ചോരയുടെ മണമുള്ള ഈ മണ്ണിലായിരുന്നു സാഹോദര്യത്തിന്റെ സന്ദേശം മുഴക്കുന്ന മുദ്രാവാക്യം ടിക്കായത്ത് ഉയര്‍ത്തിയത്.
റോഡ് തടഞ്ഞും ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിച്ചും സര്‍ക്കാരുകള്‍ മഹാപഞ്ചായത്തുകള്‍ക്ക് തടയിടാന്‍ ശ്രമിച്ചെങ്കിലും തടസ്സങ്ങളെ മറികടന്ന് പതിനായിരക്കണക്കിന് കര്‍ഷകരാണ് വിവധയിടങ്ങളിലെ മഹാപഞ്ചായത്തുകളിലേക്ക് ഒഴുകിയത്. കര്‍ണാലില്‍ കര്‍ഷകര്‍ ആഹ്വാനം ചെയ്ത മഹാപഞ്ചായത്ത് വന്‍വിജയമാകുമെന്ന ഘട്ടമെത്തിയപ്പോള്‍ അനുനയ നീക്കങ്ങളുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ഒക്ടോബര്‍ 5 ന് ഹരിയാനയിലെ കുണ്ട്ലിയിലെ കര്‍ഷക സമര വേദിക്കരികെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ദളിത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇയാളുടെ ഒരു കൈയ്യും കാലും മുറിച്ച് മാറ്റപ്പെട്ട നിലയിലായിരുന്നു. നിഹാഗ് വിഭാഗത്തില്‍ പെട്ട് രണ്ട് പേരെ ഈ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും രണ്ട് പേര്‍ പിന്നീട് കീഴടങ്ങുകയും ചെയ്തിരുന്നു.
മറ്റൊരു സംഭവം നവംബര്‍ 10 ന് പ്രതിഷേധിച്ച കര്‍ഷകരിലൊരാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതായിരുന്നു. ഇദ്ദേഹം പഞ്ചാബില്‍ നിന്നുള്ള ഗുര്‍പ്രീത് സിങ്ങെന്ന് കര്‍ഷകനാണെന്ന് പിന്നീട് തെളിഞ്ഞു.
കര്‍ഷക സമരത്തെ അനുകൂലിച്ച് കൊണ്ട് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തുന്‍ബെര്‍ഗ് പുറത്ത് വിട്ട ടൂള്‍കിറ്റ് പങ്ക് വെച്ചതായിരുന്നു ഇരുപത്തിയൊന്നുകാരിയായ ദിഷ രവിയുടെ അറസ്റ്റിലേക്ക് വഴി വെച്ചത്. രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങളായിരുന്നു ദിഷക്കെതിരെ ചുമത്തിയിരുന്നത്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ട്വിറ്റര്‍ ഫോളോവേഴ്സ് ഉള്ളവരില്‍ പ്രധാനിയായ പോപ് ഗായിക റിഹാന ഇന്ത്യയില്‍ നടക്കുന്ന കാര്‍ഷിക സമരങ്ങളെ പിന്തുണച്ച് ട്വീറ്റ് ചെയ്തതോടെ ലോകത്തിന്റെ ശ്രദ്ധ തന്നെ ഇന്ത്യയിലേക്ക് തിരിഞ്ഞു. ഇതിനു പിന്നാലെ ഗ്രേറ്റ തന്‍ബര്‍ഗും മിയ ഖലീഫയുമുള്‍പ്പെടെയുള്ള പ്രമുഖര്‍ കര്‍ഷക സമരത്തിന് പിന്തുണയുമായി രംഗത്ത് വന്നു.
സമരം അന്താരാഷ്ട്രാതലത്തില്‍ ചലനമുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞ സര്‍ക്കാര്‍ ഔദ്യോഗീകമായി തന്നെ ‘ഇന്ത്യ ഒറ്റക്കെട്ട്’ എന്ന ട്വിറ്റര്‍ ഹാഷ്ടാഗുമായി രംഗത്തെത്തി. പിന്നാലെ സച്ചിന്‍ തെന്‍ഡുല്‍ക്കറും അക്ഷയ് കുമാറുമുള്‍പ്പെടെയുള്ള രാജ്യത്തെ സെലിബ്രിറ്റികളെല്ലാം കേന്ദ്രസര്‍ക്കാറിന് പുറകില്‍ അണിനിരന്നു. എന്നാല്‍ അന്താരാഷ്ട്രതലത്തില്‍ കര്‍ഷക സമരത്തിന് പിന്തുണയേറുന്ന കാഴ്ചയാണ് കണ്ടത്. കാനഡയുള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കര്‍ഷക സമരത്തെ പിന്തുണച്ചുകൊണ്ടുള്ള പ്രതിഷേധങ്ങളും റാലികളും സംഘടിപ്പിക്കുകയുണ്ടായി.
രാകേഷ് ടിക്കായത്ത് എന്ന കര്‍ഷക നേതാവിന്റെ ഉദയം
കര്‍ഷകസമരത്തിന്റെ വിജയത്തില്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത പേരാണ് രാകേഷ് ടിക്കായത്തിന്റേത്. അദ്ദേഹത്തിന്റെ നേതൃത്വ പാടവവും, ആത്മാര്‍ത്ഥയും, സമര്‍പ്പണവും കര്‍ഷകസമരത്തിന്റെ ഊര്‍ജസ്രോതസായിരുന്നു. കെട്ട് പോകുമായിരുന്ന കര്‍ഷകസമരത്തിന് ഒരു സമയത്ത് വീണ്ടും ജീവന്‍ വെപ്പിച്ചത് ടിക്കായത്തിന്റൈ കെടാത്ത സമരവീര്യമായിരുന്നു.
റിപ്പബ്ലിക് ദിന പരേഡിലെ ട്രാക്ചര്‍ റാലി സംഘര്‍ത്തില്‍ കലാശിച്ചത് സമരത്തിന് വലിയ തിരിച്ചടിയാണ് നല്‍കിയത്. കിട്ടിയ അവസരം നന്നായി വിനിയോഗിച്ച് സര്‍ക്കാരും പൊലീസും സമരം അടിച്ചമര്‍ത്താന്‍ നോക്കികൊണ്ടിരുന്നു. പല സംഘടനകളും സമരവേദി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. കര്‍ഷകസമരം സംഘര്‍ഷത്തില്‍ കലാശിച്ചതിന്റെ പേരില്‍ ദല്‍ഹി പൊലീസ് രാകേഷ് ടിക്കായത്തിന് നോട്ടീസ് അയച്ചു. എല്ലാ സമരവേദികളും നീക്കാന്‍ യു.പി സര്‍ക്കാര്‍ ഉത്തരവിട്ടു. കര്‍ഷകസമരം അവസാനിക്കുന്നതിന്റെ സൂചനകള്‍ ഉയര്‍ന്നു.
എന്നാല്‍ അന്ന് വൈകിട്ട് മാധ്യമങ്ങളോട് പ്രതികരിച്ച് ടിക്കായത്ത് നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. രാജ്യത്തെ കര്‍ഷകന്റെ നെഞ്ചില്‍ വെടിയേറ്റു വീണേക്കാം, പക്ഷേ ഞങ്ങള്‍ പിന്മാറില്ല. ‘മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിച്ചില്ലെങ്കില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തേക്കാം, എന്നാലും സമരവേദികളില്‍ നിന്നും ഞങ്ങള്‍ ഒഴിയില്ലെന്ന് ടിക്കായത്ത് പ്രഖ്യാപിച്ചു.
ടിക്കായത്തിന്റെ കണ്ണീര്‍ കെട്ടുപോവുമായിരുന്ന കര്‍ഷകസമരത്തിന് സജ്ജീവനിയായി. അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രതിക്ഷയറ്റ് പോയ കര്‍ഷകര്‍ക്ക് ഊര്‍ജ്ജമേകി. ടിക്കായത്തിന്റെ പ്രതികരണം അതിവേഗം മാധ്യമങ്ങളില്‍ പ്രചരിച്ചു. തിരിച്ച് മടങ്ങിയ സംഘടനകള്‍ ദല്‍ഹിയിലേക്ക് പാഞ്ഞെത്തി. കര്‍ഷകകുടുംബങ്ങളില്‍ നിന്നാല്ലാത്തവര്‍ പോലും സമരത്തിന് പിന്തുണയുമായെത്തി. അവസാനിക്കാന്‍ പോകുമായിരുന്നു ഐതിഹാസിക സമരം ടിക്കായത്ത് തിരിച്ച് പിടിക്കുകയായിരുന്നു.
ദല്‍ഹിയില്‍ സബ് ഇന്‍സ്പെക്ടറായിരുന്ന ടിക്കായത്ത് 1994-ലാണ് പൊലീസ് യൂണിഫോം അഴിച്ചത്. അതിന് ശേഷം ഭാരതീയ കിസാന്‍ യൂണിയന്‍ എന്ന കര്‍ഷക സംഘടനയില്‍ ചേര്‍ന്ന ടിക്കായത്ത് സംഘടനയുടെ വക്താവായി.
2007ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഖത്തൗലി സീറ്റില്‍ നിന്ന് ബി.കെ.ഡി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ടിക്കായത്ത് ആറാം സ്ഥാനത്തെത്തിയിരുന്നു. 2014ലെ ഇന്ത്യന്‍ പൊതുതെരഞ്ഞെടുപ്പില്‍ അദ്ദേഹം അംരോഹ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് രാഷ്ട്രീയ ലോക്ദള്‍ ടിക്കറ്റില്‍ മത്സരിച്ചിരുന്നു.