ലഖ്നൗ: ലഖിംപുരില്‍ കര്‍ഷകരെ കാറ് കയറ്റിക്കൊന്ന കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ ജാമ്യഹരജി ലഖിംപുര്‍ ഖേരി കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തു. ആറ് പേരെയാണ് ഇതുവരെ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
സംഭവ സമയത്ത് ആശിഷിനൊപ്പമുണ്ടായിരുന്ന ആശിഷ് പാണ്ഡെയുടെ ജാമ്യഹരജിയും കോടതി തള്ളിയിട്ടുണ്ട്.
അതേസമയം, ആശിഷ് മിശ്ര അറസ്റ്റിലായ സാഹചര്യത്തില്‍ പിതാവ് അജയ് മിശ്രയെ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിനിധി സംഘം ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടിരുന്നു.
വിഷയത്തില്‍ സര്‍ക്കാരുമായി സംസാരിക്കുമെന്ന് രാഷ്ട്രപതി അറിയിച്ചതായാണ് വിവരം. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, എ.കെ. ആന്റണി, ഗുലാം നബി ആസാദ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നവരാണ് രാഷ്ട്രപതിഭവനിലെത്തിയത്. സുപ്രീം കോടതി മേല്‍നോട്ടത്തില്‍ രണ്ടംഗ ജഡ്ജിമാര്‍ കേസ് അന്വേഷിക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ആക്രമണവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ ഒമ്പതിനാണ് ആശിഷ് മിശ്രയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആവശ്യത്തിന് തെളിവുകള്‍ ഉണ്ടായിട്ടും ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാന്‍ വൈകിപ്പി ക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. 12 മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.