| Tuesday, 5th October 2021, 9:05 am

കര്‍ഷകരെ കൂട്ടക്കൊല ചെയ്യുമ്പോള്‍ മോദിക്ക് മൗനം; ജനാധിപത്യം അട്ടിമറിക്കപ്പെട്ടെന്ന് യെച്ചൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

കര്‍ഷകരെ കൂട്ടക്കൊല ചെയ്യുമ്പോള്‍ മോദി മൗനം പാലിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിലാണ് കര്‍ഷകരെ ആക്രമിച്ചതെന്നും കര്‍ഷകരെ കൈകാര്യം ചെയ്യുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്നാണ് ഹരിയാന മുഖ്യമന്ത്രി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

” പ്രധാനമന്ത്രി മൗനം വെടിയുമെന്ന് പ്രതീക്ഷിക്കാമോ? ജനാധിപത്യത്തെയും നിയമവാഴ്ചയെയും കുറിച്ചുള്ള പ്രസംഗങ്ങള്‍ വിദേശ സദസുകളെ മാത്രം ഉദ്ദേശിച്ചുള്ളതാണോ? ധീരന്മാരായ കര്‍ഷകരുടെ ത്യാരം വെറുതെയാവില്ല,” അദ്ദേഹം പറഞ്ഞു.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ അനുവദിക്കാത്തത് അപലപനീയമാണെന്നും രാജ്യത്തെ ജനാധിപത്യം അട്ടിമറിക്കപ്പെട്ടെന്നും യെച്ചൂരി പറഞ്ഞു.

കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ആശിഷ് മിശ്രയടക്കം 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, കലാപമുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം, കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യു.പി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 45 ലക്ഷം രൂപ സഹായധനം നല്‍കാനും തീരുമാനമായിട്ടുണ്ട്.

പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.

Content Highlights:  Lakhimpur Farmers Murder, yechury  against Modi

We use cookies to give you the best possible experience. Learn more