| Friday, 24th May 2024, 12:58 pm

ലഖിംപൂര്‍ കൂട്ടക്കൊല; കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതായി പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതി ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് കര്‍ഷകരുടെ കുടുംബം. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണ് കേസിലെ പ്രതി. യു.പിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന സുപ്രീം കോടതി ഉത്തരവ് ലംഘിച്ചാണ് ആശിഷ് മിശ്ര പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത്.

അജയ് മിശ്രക്ക് സ്ഥാനാര്‍ത്ഥിയാകാന്‍ അവസരം കൊടുത്തത് തങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കര്‍ഷകരുടെ കുടുംബം പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേസിന്റെ വിചാരണ മന്ദഗതിയിലാണെന്ന് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ രമന്‍ കശ്യപിന്റെ സഹോദരന്‍ പവന്‍ കശ്യപ് പറഞ്ഞതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

‘ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണം. പ്രതികളെല്ലാം ജയിലിനു പുറത്താണ്. 283 സാക്ഷികള്‍ കേസിലുണ്ട്. അജയ് മിശ്രക്ക് പൊലീസ് ക്ലീന്‍ ചെയ്ത് നല്‍കിയിരിക്കുകയാണ്, മാത്രമല്ല ഇപ്പോള്‍ മിശ്ര ബി.ജെ.പിയുടെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയുമായി. ഇതെല്ലം മുറിവില്‍ ഉപ്പു പുരട്ടുന്ന പോലെയുള്ള നടപടികളാണ്’ പവന്‍ കശ്യപ് പറഞ്ഞു.

കോടതി എട്ട് ആഴ്ചത്തേക്ക് ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് മിശ്ര കഴിഞ്ഞ ദിവസം ജയില്‍ മോചിതനായിരുന്നു. ബുധനാഴ്ച കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ മിശ്രക്ക് ദല്‍ഹിയിലും സമീപ പ്രദേശങ്ങളിലും തങ്ങാനാകില്ലെന്നും ഒരാഴ്ച്ചക്കകം യു.പി വിടണം എന്നും നിര്‍ദ്ദേശിച്ചിരുന്നു.

ജാമ്യ കാലയളവില്‍ സാക്ഷികളെ സ്വാധീനിക്കരുതെന്ന് മിശ്രയ്ക്കും കുടുംബത്തിനും കോടതി മുന്നറിയിപ്പും നല്‍കിയിരുന്നു. കോടതി ഉത്തരവുകള്‍ ലംഘിക്കുകയോ വിചാരണ വൈകിപ്പിക്കുകയോ ചെയ്താല്‍ ജാമ്യം റദ്ദാക്കുമെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.കെ മഹേശ്വരി എന്നിവരുടെ ബെഞ്ചിന്റെതായിരുന്നു ഉത്തരവ് .

സംഭവത്തില്‍ കൊലപതാകം, കൊലപാതകശ്രമം എന്നിവ ചുമത്തിയാണ് പൊലീസ് ആശിഷ് മിശ്രക്കെതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ സുപ്രീം കോടതി ഇടപെടലിന് ശേഷമാണ് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തത്.

2023 ഒക്ടോബര് മൂന്നിനാണ് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം നടത്തിയ കര്‍ഷകര്‍ക്കിടയിലേക്ക് പ്രതികള്‍ വാഹനം ഇടിച്ചു കയറ്റുന്നത്. ഉത്തര്‍പ്രദേശിലെ ജില്ലയിലെ ലഖിംപൂരില്‍ ടികുനിയക്ക് സമീപമുള്ള ബാന്‍ബീര്‍പൂര്‍ ഗ്രാമത്തിലാണ് കര്‍ഷകരുടെ പ്രതിഷേധം നടന്നത്. സംഭവത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകനടക്കം എട്ടു പേര്‍ മരിക്കുകയും പത്തു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Content Highlight: Lakhimpur case: union ministers son violate bail condition

Latest Stories

We use cookies to give you the best possible experience. Learn more