റുത്തിന്റെ ലോകം, കോഫി ഹൗസ്, റെസ്റ്റ് ഇന്‍ പീസ്, കന്യാ മരിയ, ഹൈഡ്രാഞ്ച തുടങ്ങിയ ക്രൈം ത്രില്ലര്‍ – മിസ്റ്ററി നോവലുകളിലൂടെ പ്രശസ്തനായ എഴുത്തുകാരനാണ് ലാജോ ജോസ്. അദ്ദേഹം അമല്‍ നീരദിനൊപ്പം ചേര്‍ന്ന് രചന നിര്‍വഹിച്ച് പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമയാണ് ബോഗെയ്ന്‍വില്ല.
ഒരു മമ്മൂട്ടി ആരാധകനായ തനിക്ക് അദ്ദേഹത്തിന്റെ ഡീറ്റിയേല്‍ഡായ അഭിനയമാണ് ഇഷ്ടമെന്ന് പറയുകയാണ് ലാജോ ജോസ്. മമ്മൂട്ടിക്ക് ചില നോട്ടങ്ങളുണ്ടെന്നും പുഴു സിനിമയില്‍ അത്തരത്തില്‍ മമ്മൂട്ടി ഒരു നോട്ടം നോക്കുന്നുണ്ടെന്നും ലാജോ പറയുന്നു.
ഒരു ആക്ടര്‍ എന്താണെന്നും അയാളുടെ ഡെപ്ത് എന്താണെന്നും മനസിലാക്കാന്‍ ഒരു നോട്ടത്തില്‍ നിന്ന് തന്നെ സാധിക്കുമെന്നും ലാജോ ജോസ് പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എനിക്ക് മമ്മൂക്കയുടെ ഡീറ്റിയേല്‍ഡ് ആയ അഭിനയമാണ് ഇഷ്ടം. ഓരോ സമയത്തും അദ്ദേഹത്തിന്റെ ചില നോട്ടങ്ങളുണ്ട്. പ്രത്യേകിച്ച് പുഴു സിനിമയിലൊക്കെ അദ്ദേഹം ചില നോട്ടങ്ങള്‍ ഇടുന്നുണ്ട്. ആ നോട്ടം സത്യത്തില്‍ എനിക്ക് വളരെ ഇഷ്ടമാണ്.
ഏതൊരു ആക്ടറിനെ നോക്കിയാലും അവരുടെ ചില നോട്ടങ്ങള്‍ നമുക്ക് ഇഷ്ടമാകും. അതിന് ഒരു ഉദാഹരണം ഞാന്‍ പറയാം. പ്രതി പൂവന്‍കോഴി എന്ന സിനിമയില്‍ ഗ്രേസ് ആന്റണി അഭിനയിക്കുന്നുണ്ട്. ആ സിനിമയില്‍ ചന്തയില്‍ വെച്ച് ഗ്രേസിന്റെ ഒരു നോട്ടമുണ്ട്. അത് ഗംഭീരമായിരുന്നു.
ഒരു ആക്ടര്‍ എന്താണെന്ന് മനസിലാക്കാന്‍ ഒരു നോട്ടത്തില്‍ നിന്ന് തന്നെ സാധിക്കും. അയാളുടെ ഡെപ്ത്ത് അങ്ങനെ മനസിലാകും. എനിക്ക് അത് ഒരുപാട് ഇഷ്ടമാണ്. മൈക്രോ എക്‌സ്പ്രഷനിലൂടെ കഥ പറയാനാണ് എനിക്ക് താത്പര്യം,’ ലാജോ ജോസ് പറയുന്നു.
Content Highlight: Lajo Jose Talks About Mammootty’s Expressions With Eyes