കോഫി ഹൗസ്, ഹൈഡ്രാഞ്ച, റുത്തിന്റെ ലോകം, റെസ്റ്റ് ഇന്‍ പീസ്, കന്യാ മരിയ തുടങ്ങിയ ക്രൈം ത്രില്ലര്‍ – മിസ്റ്ററി നോവലുകളിലൂടെ പ്രശസ്തനായ എഴുത്തുകാരനാണ് ലാജോ ജോസ്. അദ്ദേഹവും അമല്‍ നീരദും ചേര്‍ന്ന് രചന നിര്‍വഹിച്ച് പുറത്തിറങ്ങിയ സിനിമയാണ് ബോഗയ്ന്‍വില്ല.
താന്‍ തിരക്കഥ എഴുതി തുടങ്ങിയത് എങ്ങനെയാണെന്നും അമല്‍ നീരദിനോട് താത്പര്യം തോന്നാന്‍ കാരണമായത് എന്താണെന്നും പറയുകയാണ് ലാജോ ജോസ്. ബിഗ് ബിയിലൂടെയാണ് തനിക്ക് അമലിനോട് താത്പര്യം തോന്നിയതെന്നാണ് അദ്ദേഹം പറയുന്നത്. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലാജോ ജോസ്.
‘അമല്‍ നീരദിനോട് താത്പര്യം തോന്നാന്‍ കാരണമായത് ബിഗ് ബിയിലൂടെയാണെന്ന് എനിക്ക് തോന്നുന്നു. ഇന്നേവരെ കണ്ടിട്ടുള്ള കാഴ്ചകളെയൊക്കെ മാറ്റിമറിച്ചിട്ടാണ് ബിഗ് ബി മികച്ച ഒരു എക്‌സ്പീരിയന്‍സ് തന്നത്. മലയാളത്തില്‍ ഇങ്ങനെയൊരു സാധനം വരികയെന്നത് ചെറിയ കാര്യമല്ല.
സാഗര്‍ ഏലിയാസ് ജാക്കിയും ഇതുപോലെ തന്നെയാണ്. അതിലൂടെ നമ്മള്‍ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ പോയി കാണുന്ന സംവിധായകനായി അദ്ദേഹം മാറുകയായിരുന്നു. 2010ലാണ് ഞാന്‍ ആദ്യമായി ഒരു കഥ ആലോചിക്കുന്നത്. ആ സമയത്ത് തിരക്കഥ എഴുതാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു.
പക്ഷെ എഴുതി വന്നപ്പോള്‍ ഇത് നമുക്ക് പറ്റിയ പണിയല്ലെന്ന് എനിക്ക് മനസിലായി. പിന്നെ തിരക്കഥയെ കുറിച്ച് പഠിക്കാന്‍ തീരുമാനിച്ചു. തിരക്കഥകളെ കുറിച്ച് പുസ്തകങ്ങളുണ്ടെന്ന് ഞാന്‍ മനസിലാക്കി. അങ്ങനെയാണ് എന്താണ് തിരക്കഥയെന്ന് ഞാന്‍ പഠിക്കുന്നത്.
ഒടുവില്‍ 2012ല്‍ ഞാന്‍ ആദ്യമായി എഴുതിയ തിരക്കഥ പൂര്‍ത്തിയായി. ഹൈറേഞ്ചില്‍ നടക്കുന്ന കഥയായിരുന്നു അത്. ഒരു മിസ്റ്റീരിയസായ മനുഷ്യനെ കുറിച്ചാണ് കഥ പറയുന്നത്. ആ കഥാപാത്രം മമ്മൂക്ക ചെയ്യണമെന്നായിരുന്നു ആഗ്രഹം. സൈലന്‍സ് എന്നായിരുന്നു ആ സിനിമക്ക് ഞാനിട്ട പേര്.
ആ പേരില്‍ വേറെ സിനിമയിറങ്ങിയിട്ടുണ്ട്, അത് വേറെ കഥയാണ്. ഇതുമായി ആ സിനിമക്ക് യാതൊരു ബന്ധവുമില്ല. എന്റെ സിനിമക്ക് മനസില്‍ വരുന്നത് മൊത്തം അമല്‍ നീരദിന്റെ ഫ്രെയിമുകള്‍ ആയിരുന്നു. അതെങ്ങനെ അമല്‍ നീരദിന്റെ അടുത്ത് എത്തിക്കാമെന്ന് ഞാന്‍ ചിന്തിച്ചിരുന്നു. പക്ഷെ അതിന് മാര്‍ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല,’ ലാജോ ജോസ് പറയുന്നു.
Content Highlight: Lajo Jose Talks About Mammootty