Advertisement
Entertainment
മമ്മൂക്കയുടെ സൂക്ഷ്മാഭിനയം ആവശ്യമുള്ള സിനിമ; ഇതുവരെ ചെയ്തിട്ടില്ലാത്ത കഥാപാത്രം: തന്റെ തിരക്കഥയെ കുറിച്ച് ലാജോ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Oct 21, 07:57 am
Monday, 21st October 2024, 1:27 pm

കോഫി ഹൗസ്, ഹൈഡ്രാഞ്ച, റുത്തിന്റെ ലോകം, റെസ്റ്റ് ഇന്‍ പീസ്, കന്യാ മരിയ തുടങ്ങിയ ക്രൈം ത്രില്ലര്‍ – മിസ്റ്ററി നോവലുകളിലൂടെ പ്രശസ്തനായ എഴുത്തുകാരനാണ് ലാജോ ജോസ്. അദ്ദേഹം അമല്‍ നീരദിനൊപ്പം ചേര്‍ന്ന് രചന നിര്‍വഹിച്ച് പുറത്തിറങ്ങിയ സിനിമയാണ് ബോഗെയ്ന്‍വില്ല.

താന്‍ മമ്മൂട്ടിക്ക് വേണ്ടി എഴുതിയ കഥയെ കുറിച്ചും അതിലെ കഥാപാത്രത്തെ കുറിച്ചും പറയുകയാണ് ലാജോ. ആ തിരക്കഥയില്‍ മമ്മൂട്ടി ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു കഥാപാത്രമായിരുന്നു ഉണ്ടായിരുന്നതെന്നാണ് അദ്ദേഹം പറയുന്നത്. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലാജോ ജോസ്.

Lajo Jose

‘ഞാന്‍ പറഞ്ഞാല്‍ ചിലപ്പോള്‍ അതിന്റെ ത്രില്ല് പോകും. എങ്കിലും പറയാം. ഞാന്‍ ആദ്യമായി മമ്മൂക്കക്ക് വേണ്ടി എഴുതിയ കഥയില്‍ അദ്ദേഹം ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു കഥാപാത്രമായിരുന്നു ഉണ്ടായിരുന്നത്. മമ്മൂക്കയുടെ സൂക്ഷ്മാഭിനയം മാത്രമാണ് അതിലുള്ളത്.

അങ്ങനെ ബേസ് ചെയ്തിട്ടുള്ള ഒരു കഥയായിരുന്നു അത്. എനിക്ക് ആ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ പറയാന്‍ പറ്റില്ല. കാരണം അങ്ങനെ പറഞ്ഞിട്ട് അതുവെച്ച് ആരെങ്കിലും കഥ എഴുതിയാല്‍ പിന്നെ നമുക്ക് പണിയാകും. അതുകൊണ്ട് മാത്രം ഞാന്‍ കൂടുതല്‍ പറയുന്നില്ല (ചിരി),’ ലാജോ ജോസ് പറയുന്നു.

തനിക്ക് ഒരുപാട് ഇഷ്ടമുള്ള നടനാണ് മമ്മൂട്ടിയെന്നും താന്‍ ആദ്യമായി തിയേറ്ററില്‍ കണ്ട സിനിമ കൂടെവിടെയാണെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്. ഇപ്പോഴും മമ്മൂട്ടിക്ക് വേണ്ടി എഴുതിവെച്ച മൂന്ന് കഥകള്‍ തന്റെ കയ്യിലിരിപ്പുണ്ടെന്നും ലാജോ കൂട്ടിച്ചേര്‍ത്തു.

‘മമ്മൂക്കയെ എനിക്ക് വലിയ ഇഷ്ടമാണ്. ഞാന്‍ ആദ്യമായി തിയേറ്ററില്‍ കണ്ട സിനിമ കൂടെവിടെയാണെന്ന് തോന്നുന്നു. പിന്നെ അടിയൊഴുക്കുകളും തിയേറ്ററില്‍ പോയി കണ്ടതായി ഞാന്‍ ഓര്‍ക്കുന്നുണ്ട്. എന്റെ മമ്മി ഒരു മമ്മൂട്ടി ഫാനാണ്. അതുകൊണ്ട് മമ്മി കാണുന്ന സിനിമകളൊക്കെ അദ്ദേഹത്തിന്റേതാണ്. അതുകൊണ്ട് എപ്പോഴും ഓരോ കഥാപാത്രങ്ങളായും എന്റെ മനസിലേക്ക് മമ്മൂക്കയാണ് വന്നിരുന്നത്.

അങ്ങനെ ഞാന്‍ ഓട്ടോമാറ്റിക്കലി ഒരു മമ്മൂട്ടി ഫാനായി മാറുകയായിരുന്നു. അദ്ദേഹത്തെ വെച്ച് സിനിമ ചെയ്യുകയെന്നത് പതിയെ എന്റെ ആഗ്രഹമായി. ഹൈറേഞ്ചിലെ ഒരു മിസ്റ്റീരിയസായ ആളുടെ കഥ മനസില്‍ വന്നതോടെ നായകനായി ഞാന്‍ കണ്ടത് മമ്മൂക്കയെ ആയിരുന്നു. ഇപ്പോഴും അദ്ദേഹത്തിന് വേണ്ടി എഴുതിവെച്ച മൂന്ന് കഥകള്‍ എന്റെ കയ്യിലിരിപ്പുണ്ട്. മമ്മൂക്ക എന്നെങ്കിലും വിളിക്കുമെന്ന് ഓര്‍ത്ത് ഇരിക്കുകയാണ് ഞാന്‍. എനിക്ക് അങ്ങോട്ട് വിളിക്കാന്‍ പേടിയാണ്,’ ലാജോ ജോസ് പറയുന്നു.


Content Highlight: Lajo Jose Talks About His First Script For Mammootty