ഭീഷ്മ പര്‍വം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത സിനിമയായിരുന്നു ബോഗെയ്ന്‍വില്ല. ചിത്രത്തില്‍ ജ്യോതിര്‍മയി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ഷറഫുദീന്‍, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങിയ മികച്ച താരങ്ങളാണ് ഒന്നിച്ചിരുന്നത്.
അമല്‍ നീരദിനൊപ്പം നോവല്‍ എഴുത്തുകാരനും തിരക്കഥാകൃത്തുമായ ലാജോ ജോസും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. കോഫി ഹൗസ്, ഹൈഡ്രാഞ്ച, റൂത്തിന്റെ ലോകം, റെസ്റ്റ് ഇന്‍ പീസ്, കന്യാ മരിയ തുടങ്ങിയ ക്രൈം ത്രില്ലര്‍ – മിസ്റ്ററി നോവലുകളിലൂടെ പ്രശസ്തനായ എഴുത്തുകാരനാണ് ലാജോ.
അദ്ദേഹത്തിന്റെ റൂത്തിന്റെ ലോകം എന്ന നോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ലാജോ ബോഗെയ്ന്‍വില്ല എന്ന സിനിമ ചെയ്തത്. എന്നാല്‍ നോവലിലെ റൂത്ത് – റൊണാള്‍ഡ് എന്നീ കഥാപാത്രങ്ങള്‍ക്ക് സിനിമയില്‍ റീത്തു – റോയിസ് എന്നായിരുന്നു പേരുകള്‍ നല്‍കിയത്.
എന്തിനായിരുന്നു അവരുടെ പേര് മാറ്റിയതെന്ന് പറയുകയാണ് ലാജോ ജോസ്. ആളുകളുടെ സിനിമാ എക്‌സ്പീരിയന്‍സ് സ്‌പോയിലര്‍ ആകാതിരിക്കാനാണ് മനപൂര്‍വം കഥാപാത്രങ്ങളുടെ പേരുകള്‍ മാറ്റിയതെന്നാണ് അദ്ദേഹം പറയുന്നത്. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലാജോ.
‘ആ പുസ്തകം ഉള്ളത് കൊണ്ട് തന്നെയാണ് ഞാന്‍ രണ്ടുപേരുടെയും പേരുകള്‍ മാറ്റിയത്. പുസ്തകം ശരിക്കും ഈ സിനിമയുടെ സ്‌പോയിലറാണ്. റൂത്ത് എന്നും റൊണാള്‍ഡ് എന്നും കണ്ടാല്‍ പുസ്തകം വായിച്ച ആളുകള്‍ ഇത് പുസ്തകത്തിലെ കഥ തന്നെയാണെന്ന് ഉറപ്പിച്ച് പറയും.
അങ്ങനെ വരുമ്പോള്‍ സിനിമ കാണാന്‍ കാത്തിരിക്കുന്ന കുറച്ച് ആളുകളെങ്കിലും ഈ പുസ്തകം വായിക്കും. അവര്‍ക്ക് അതോടെ കഥ മനസിലാകും. അവരുടെ സിനിമ എക്‌സ്പീരിയന്‍സ് സ്‌പോയിലര്‍ ആകാതിരിക്കാനാണ് ഞങ്ങള്‍ മനപൂര്‍വം കഥാപാത്രങ്ങളുടെ പേരുകള്‍ മാറ്റിയത്,’ ലാജോ ജോസ് പറയുന്നു.
Content Highlight: Lajo Jose Talks About Bougainvilla And Roothinte Lokham