Entertainment
അമല്‍ നീരദിനെ കരയിപ്പിച്ച സിനിമ; അങ്ങനെയൊരു പടം എപ്പോള്‍ ചെയ്യാനാകുമെന്ന് ഓര്‍ത്ത് അദ്ദേഹത്തിന് കരച്ചില് വന്നു: ലാജോ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Oct 20, 06:15 am
Sunday, 20th October 2024, 11:45 am

മമ്മൂട്ടിയെ നായകനാക്കി ബിഗ് ബി എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് അമല്‍ നീരദ്. മലയാള സിനിമയില്‍ പുതിയ അവതരണ ശൈലി കൊണ്ടുവന്ന അമല്‍ പെട്ടെന്ന് തന്നെ സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ സ്ഥാനം നേടിയെടുത്തിരുന്നു.

ഇപ്പോള്‍ അമലിനെ കുറിച്ച് പറയുകയാണ് നോവല്‍ എഴുത്തുകാരനും തിരക്കഥാകൃത്തുമായ ലാജോ ജോസ്. കോഫി ഹൗസ്, ഹൈഡ്രാഞ്ച, റുത്തിന്റെ ലോകം, റെസ്റ്റ് ഇന്‍ പീസ്, കന്യാ മരിയ തുടങ്ങിയ ക്രൈം ത്രില്ലര്‍ – മിസ്റ്ററി നോവലുകളിലൂടെ പ്രശസ്തനായ എഴുത്തുകാരനാണ് അദ്ദേഹം.

ലാജോയും അമല്‍ നീരദും ചേര്‍ന്ന് രചന നിര്‍വഹിച്ച് പുറത്തിറങ്ങിയ സിനിമയാണ് ബോഗെയ്ന്‍വില്ല. താന്‍ ആദ്യമായി അമലിനെ വിളിച്ചതിനെ കുറിച്ചും അദ്ദേഹം തന്നോട് സംസാരിച്ച കാര്യങ്ങളെ കുറിച്ചുമാണ് ലാജോ ജോസ് പറഞ്ഞത്. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ 2020 ഫെബ്രുവരി 29നാണ് ആദ്യമായി അമല്‍ സാറിനെ വിളിക്കുന്നത്. അത്രയും കൊതിച്ചിരുന്ന നിമിഷമായത് കൊണ്ട് ആ ദിവസം ഇപ്പോഴും ഓര്‍മയുണ്ട്. ഫോണ്‍ എടുത്ത ഉടന്‍ അമല്‍ സാറല്ലേയെന്ന് ഞാന്‍ ചോദിച്ചു. സാര്‍ അതുകേട്ട് ഞെട്ടിയിട്ട് ‘എന്റെ ഫോണ്‍ നമ്പര്‍ ഉണ്ടായിരുന്നോ’ എന്ന് ചോദിച്ചു. എന്റെ കയ്യില്‍ ഉണ്ടായിരുന്നെന്ന് ഞാന്‍ പറഞ്ഞു.

‘എന്നോട് കഥ പറഞ്ഞിരുന്നോ’ എന്നായിരുന്നു അടുത്ത ചോദ്യം. ഇല്ല, എന്നെങ്കിലും സാറിനോട് ഒരു കഥ പറയണമെന്ന് കരുതി ഈ നമ്പര്‍ സേവ് ചെയ്യുകയായിരുന്നു എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ 2020 മുതല്‍ സിനിമ തുടങ്ങുന്നത് വരെ മൂന്ന് വര്‍ഷം ഞാന്‍ എല്ലാ മാസവും അമല്‍ സാറിനെ കാണാന്‍ പോയിരുന്നു.

ആ സമയത്ത് ഞാന്‍ സാറിനെ ഇന്റര്‍വ്യു ചെയ്യുകയായിരുന്നു. സാറിന്റെ ജീവിതവും കുട്ടിക്കാലവും ടീനേജും സിനിമയോട് ഇഷ്ടം തോന്നാനുണ്ടായ കാരണവുമെല്ലാം ഞാന്‍ ചോദിച്ചിരുന്നു. ഞാന്‍ ഈ സമയം കൊണ്ട് അമല്‍ സാറിനെയും ആ സിനിമാക്കാരനെയും പഠിക്കുകയായിരുന്നു.

സാര്‍ ഒരിക്കല്‍ വിക്ടോറിയ എന്ന സിനിമയെ കുറിച്ച് പറഞ്ഞ കാര്യം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ആ സിനിമ കണ്ട് ഇറങ്ങിയപ്പോള്‍ കരച്ചില് വന്നെന്നാണ് സാര്‍ പറഞ്ഞത്. ആ സിനിമയുടെ കഥ ഓര്‍ത്തിട്ടല്ല, സാറിന് എന്നാകും അങ്ങനെയൊരു സിനിമ ചെയ്യാന്‍ കഴിയുക എന്നോര്‍ത്താണ് കരഞ്ഞത്. അങ്ങനെ ഞാന്‍ വിക്ടോറിയ കണ്ടു. അന്ന് സാറിന്റെ വിഷന്‍ എനിക്ക് മനസിലായി,’ ലാജോ ജോസ് പറയുന്നു.


Content Highlight: Lajo Jose Talks About Amal Neerad