കോഫി ഹൗസ്, ഹൈഡ്രാഞ്ച, റുത്തിന്റെ ലോകം, റെസ്റ്റ് ഇന്‍ പീസ്, കന്യാ മരിയ തുടങ്ങിയ ക്രൈം ത്രില്ലര്‍ – മിസ്റ്ററി നോവലുകളിലൂടെ പ്രശസ്തനായ എഴുത്തുകാരനാണ് ലാജോ ജോസ്. അദ്ദേഹവും അമല്‍ നീരദും ചേര്‍ന്ന് രചന നിര്‍വഹിച്ച് പുറത്തിറങ്ങിയ സിനിമയാണ് ബോഗെയ്ന്‍വില്ല.
തനിക്ക് ഒരുപാട് ഇഷ്ടമുള്ള നടനാണ് മമ്മൂട്ടിയെന്നും താന്‍ ആദ്യമായി തിയേറ്ററില്‍ കണ്ട സിനിമ കൂടെവിടെയാണെന്നും പറയുകയാണ് ലാജോ. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലാജോ ജോസ്. ഇപ്പോഴും മമ്മൂട്ടിക്ക് വേണ്ടി എഴുതിവെച്ച മൂന്ന് കഥകള്‍ തന്റെ കയ്യിലിരിപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മമ്മൂക്കയെ എനിക്ക് വലിയ ഇഷ്ടമാണ്. ഞാന്‍ ആദ്യമായി തിയേറ്ററില്‍ കണ്ട സിനിമ കൂടെവിടെയാണെന്ന് തോന്നുന്നു. പിന്നെ അടിയൊഴുക്കുകളും തിയേറ്ററില്‍ പോയി കണ്ടതായി ഞാന്‍ ഓര്‍ക്കുന്നുണ്ട്. എന്റെ മമ്മി ഒരു മമ്മൂട്ടി ഫാനാണ്. അതുകൊണ്ട് മമ്മി കാണുന്ന സിനിമകളൊക്കെ അദ്ദേഹത്തിന്റേതാണ്.
അതുകൊണ്ട് എപ്പോഴും ഓരോ കഥാപാത്രങ്ങളായും എന്റെ മനസിലേക്ക് മമ്മൂക്കയാണ് വന്നിരുന്നത്. അങ്ങനെ ഞാന്‍ ഓട്ടോമാറ്റിക്കലി ഒരു മമ്മൂട്ടി ഫാനായി മാറുകയായിരുന്നു. അദ്ദേഹത്തെ വെച്ച് സിനിമ ചെയ്യുകയെന്നത് പതിയെ എന്റെ ആഗ്രഹമായി.
ഹൈറേഞ്ചിലെ ഒരു മിസ്റ്റീരിയസായ ആളുടെ കഥ മനസില്‍ വന്നതോടെ നായകനായി ഞാന്‍ കണ്ടത് മമ്മൂക്കയെ ആയിരുന്നു. ഇപ്പോഴും അദ്ദേഹത്തിന് വേണ്ടി എഴുതിവെച്ച മൂന്ന് കഥകള്‍ എന്റെ കയ്യിലിരിപ്പുണ്ട്. മമ്മൂക്ക എന്നെങ്കിലും വിളിക്കുമെന്ന് ഓര്‍ത്ത് ഇരിക്കുകയാണ് ഞാന്‍. എനിക്ക് അങ്ങോട്ട് വിളിക്കാന്‍ പേടിയാണ്.
അത്രയും വലിയ ആക്ടറിനെ തുടക്കകാരനായ ഞാന്‍ വിളിക്കുക എന്നു പറയുമ്പോള്‍, എനിക്ക് അത്രമാത്രം കോണ്‍ഫിഡന്‍സില്ല. ഞാന്‍ സെല്‍ഫ് കോണ്‍ഫിഡന്‍സില്ലാത്ത എഴുത്തുകാരനാണ്. എനിക്ക് എന്റെ എഴുത്തിനോട് ഒട്ടും വിശ്വാസമില്ല,’ ലാജോ ജോസ് പറയുന്നു.
Content Highlight: Lajo Jose Says Mammootty Is His Fav Actor