| Friday, 25th October 2024, 8:46 am

ബോഗയ്ന്‍വില്ല; റീത്തുവായി ഞാന്‍ ആദ്യം ചിന്തിച്ചത് നയന്‍താരയെ; അന്ന് സിനിമയുടെ പേര് മറ്റൊന്ന്: ലാജോ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭീഷ്മ പര്‍വം എന്ന ചിത്രത്തിന് ശേഷം അമല്‍ നീരദിന്റെ സംവിധാനത്തില്‍ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ബോഗയ്ന്‍വില്ല. ക്രൈം ത്രില്ലര്‍ – മിസ്റ്ററി നോവലുകളിലൂടെ പ്രശസ്തനായ ലാജോ ജോസും അമല്‍ നീരദും ചേര്‍ന്നായിരുന്നു ഈ സിനിമയുടെ രചന നിര്‍വഹിച്ചത്.

തന്റെ റൂത്തിന്റെ ലോകം എന്ന നോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ലാജോ ബോഗയ്ന്‍വില്ല എന്ന സിനിമ ചെയ്തത്. ചിത്രത്തില്‍ റീത്തുവായി എത്തിയത് ജ്യോതിര്‍മയി ആയിരുന്നു. എന്നാല്‍ താന്‍ ആദ്യം റീത്തുവായി മനസില്‍ കണ്ടത് നയന്‍താരയെ ആയിരുന്നെന്ന് പറയുകയാണ് ലാജോ. സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജ്യോതിര്‍മയിയോട് ഈ സിനിമയുടെ കാര്യം പറയുന്നത് അമല്‍ സാറാണ്. ഒരിക്കല്‍ അമല്‍ സാര്‍ എന്നെ വിളിച്ചിട്ട് ഞാന്‍ ഇത് ജ്യോതിയെ വെച്ചിട്ടാണ് ചെയ്യുന്നതെന്ന് പറയുകയായിരുന്നു. ലാജോ അതില്‍ ഓക്കെയാണോ എന്ന് ചോദിച്ചപ്പോള്‍ എനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് ഞാന്‍ പറഞ്ഞു. അതില്‍ ഞാന്‍ ഹാപ്പിയായിരുന്നു.

എനിക്ക് റീത്തുവിന്റെ കഥാപാത്രം ആര് ചെയ്യുമെന്ന സംശയം ആദ്യമുണ്ടായിരുന്നു. ഞാന്‍ ഈ കഥ ആദ്യം എഴുതുന്നത് ഒരു സിനോപ്‌സിസ് പോലെയാണ്. അന്ന് ഇതിന്റെ പേര് ഫോട്ടോഗ്രാഫ്‌സ് എന്നായിരുന്നു. അപ്പോള്‍ കഥയില്‍ പെയിന്റ്ങ്ങ്‌സൊന്നും തന്നെ ഉണ്ടായിരുന്നില്ല.

ഓര്‍മയില്ലാത്ത ഒരു പെണ്ണ് ഓരോ കാര്യങ്ങളും ഫോട്ടോ എടുത്ത് സുക്ഷിച്ചുവെക്കുന്നതിനെ കുറിച്ചായിരുന്നു കഥയില്‍ പറഞ്ഞത്. അന്ന് മലയാളത്തില്‍ റീത്തുവിന്റെ കഥാപാത്രം ആരെ കൊണ്ട് ചെയ്യിപ്പിക്കുമെന്ന് ഞാന്‍ ചിന്തിച്ചിരുന്നു.

നയന്‍താരക്ക് ചിലപ്പോള്‍ ചെയ്യാന്‍ പറ്റുമായിരിക്കുമെന്ന് തോന്നി. അന്ന് ഗൂഗിളില്‍ നിന്ന് നയന്‍താരയുടെ രണ്ട് ഫോട്ടോസ് ഞാനെടുത്തു. തോക്ക് പിടിച്ചു കൊണ്ട് നില്‍ക്കുന്ന ഒരു ഫോട്ടോയും ബെഡിനടുത്ത് കരഞ്ഞുകൊണ്ട് നില്‍ക്കുന്ന ഒരു ഫോട്ടോയുമായിരുന്നു അത്.

വേറെ ഏതോ സിനിമകളിലെ ഫോട്ടോസ് ആയിരുന്നു അതൊക്കെ. കുറേ കഴിഞ്ഞപ്പോള്‍ ഈ ഫോട്ടോഗ്രാഫ്‌സ് എന്ന പേരിന് ഒരു ആര്‍ട്ടിസ്റ്റിക് വാല്യു ഉള്ളതായി എനിക്ക് തോന്നിയില്ല. അങ്ങനെയാണ് പെയിന്റിങ്ങ് ആക്കാമെന്ന് ചിന്തിക്കുന്നത്,’ ലാജോ ജോസ് പറഞ്ഞു.


Content Highlight: Lajo Jose Says He First Thought Of Nayanthara As Reethu In Bougainvillea Movie

We use cookies to give you the best possible experience. Learn more