അമല്‍ സാറിന് എന്റെ നാല് കഥകള്‍ ഇഷ്ടപ്പെട്ടു; എപ്പോള്‍ സിനിമ ചെയ്യാനാകുമെന്ന് അറിയില്ല: ലാജോ ജോസ്
Entertainment
അമല്‍ സാറിന് എന്റെ നാല് കഥകള്‍ ഇഷ്ടപ്പെട്ടു; എപ്പോള്‍ സിനിമ ചെയ്യാനാകുമെന്ന് അറിയില്ല: ലാജോ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 21st October 2024, 2:55 pm

മമ്മൂട്ടിയെ നായകനാക്കി ബിഗ് ബി എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് അമല്‍ നീരദ്. മലയാള സിനിമയില്‍ പുതിയ അവതരണ ശൈലി കൊണ്ടുവന്ന അമല്‍ പെട്ടെന്ന് തന്നെ സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ സ്ഥാനം നേടിയെടുത്തിരുന്നു. അമല്‍ നീരദിന്റെ സംവിധാനത്തില്‍ എത്തിയ ഏറ്റവും പുതിയ ചിത്രമായിരുന്നു ബോഗെയ്ന്‍വില്ല. ലാജോ ജോസും അമല്‍ നീരദും ചേര്‍ന്നായിരുന്നു ഈ സിനിമയുടെ രചന നിര്‍വഹിച്ചത്.

കോഫി ഹൗസ്, ഹൈഡ്രാഞ്ച, റൂത്തിന്റെ ലോകം, റെസ്റ്റ് ഇന്‍ പീസ്, കന്യാ മരിയ തുടങ്ങിയ ക്രൈം ത്രില്ലര്‍ – മിസ്റ്ററി നോവലുകളിലൂടെ പ്രശസ്തനായ എഴുത്തുകാരനാണ് ലാജോ. അമലിന് തന്റെ നാല് കഥകള്‍ ഇഷ്ടപ്പെട്ടിട്ടുണ്ടെന്ന് പറയുകയാണ് ലാജോ ജോസ്. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പുറത്ത് പറയാമോയെന്ന് എനിക്ക് അറിയില്ല. അമല്‍ സാറിന് എന്റെ നാല് കഥകള്‍ ഇഷ്ടപ്പെട്ടിട്ടുണ്ട്. അത് എപ്പോഴാണ് ചെയ്യാന്‍ പറ്റുകയെന്ന് എനിക്ക് അറിയില്ല. ഇനിയത് ചെയ്യുമോയെന്നും എനിക്ക് അറിയില്ല. എന്തായാലും ഞാന്‍ പറഞ്ഞ് നാല് കഥകളും അമല്‍ സാറിന് ഇഷ്ടപ്പെട്ടിട്ടുണ്ട്,’ ലാജോ ജോസ് പറഞ്ഞു.

താന്‍ ആദ്യമായി അമലിനെ വിളിച്ചതിനെ കുറിച്ചും അദ്ദേഹം തന്നോട് സംസാരിച്ച കാര്യങ്ങളെ കുറിച്ചും ലാജോ അഭിമുഖത്തില്‍ പറയുന്നു. അമല്‍ നീരദ് വിക്ടോറിയ എന്ന സിനിമ കണ്ട ശേഷം കരച്ചില് വന്നെന്ന് തന്നോട് പറഞ്ഞിരുന്നെന്നും ലാജോ കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ 2020 ഫെബ്രുവരി 29നാണ് ആദ്യമായി അമല്‍ സാറിനെ വിളിക്കുന്നത്. അത്രയും കൊതിച്ചിരുന്ന നിമിഷമായത് കൊണ്ട് ആ ദിവസം ഇപ്പോഴും ഓര്‍മയുണ്ട്. സാര്‍ ഒരിക്കല്‍ വിക്ടോറിയ എന്ന സിനിമയെ കുറിച്ച് പറഞ്ഞ കാര്യം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്.

ആ സിനിമ കണ്ട് ഇറങ്ങിയപ്പോള്‍ കരച്ചില് വന്നെന്നാണ് സാര്‍ പറഞ്ഞത്. ആ സിനിമയുടെ കഥ ഓര്‍ത്തിട്ടല്ല, സാറിന് എന്നാകും അങ്ങനെയൊരു സിനിമ ചെയ്യാന്‍ കഴിയുക എന്നോര്‍ത്താണ് കരഞ്ഞത്. അങ്ങനെ ഞാന്‍ വിക്ടോറിയ കണ്ടു. അന്ന് സാറിന്റെ വിഷന്‍ എനിക്ക് മനസിലായി,’ ലാജോ ജോസ് പറയുന്നു.


Content Highlight: Lajo Jose Says Amal Neerad Likes His Four Scripts